പൂച്ചക്കാട് കവർച്ചയ്ക്ക് പിന്നിൽ അഗ്രഗണ്യർ

ബേക്കൽ: പൂച്ചക്കാട് ഇന്നലെ പുലർച്ചെ നടന്ന വീടു കവർച്ചയ്ക്ക് പിന്നിൽ അഗ്രഗണ്യരായ ഒന്നിലധികം കവർച്ചക്കാരാണെന്ന് പോലീസ് ഉറപ്പിച്ചു. പുലർകാലം 2 മണിക്കും നാലു മണിക്കും മദ്ധ്യേ ഗൃഹനാഥൻ അബ്ദുൾ മുനീറും 43, ഭാര്യ നബീനയും കിടന്നുറങ്ങിയ മുറിയിൽ , കട്ടിലിനടുത്തായി ചുമരിനോട് ചേർന്ന് സ്ഥാപിച്ച ആൾക്കണ്ണാടിക്ക് കീഴെയുള്ള പ്ലൈവുഡ് മേശവലിപ്പിലാണ് വീട്ടമ്മ നബീനയുടെ 30 പവൻ സ്വർണ്ണാഭരണങ്ങൾ രാത്രിയിൽ അഴിച്ചുവെച്ചിരുന്നത്.

ഇതേ ഡ്രോവറിൽ തന്നെയാണ് ഗൃഹനാഥൻ  അബ്ദുൾ മൂനീർ  മൂന്ന് ദിവസം മുമ്പ് ബാങ്കിൽ നിന്ന് പിൻവലിച്ച മൂന്നര ലക്ഷം രൂപ സൂക്ഷിച്ചിരുന്നതും. കെ.എസ്ടിപി റോഡിൽ പൂച്ചക്കാട് ടൗണിലുള്ള ഹൈദ്രോസ് ജുമാ മസ്ജിദിന്  തൊട്ടു വടക്കുഭാഗത്ത് നിന്ന് പടിഞ്ഞാറ് റെയിൽപ്പാളം വരെ പോകുന്ന റോഡിലുള്ള ഇരുനില വീട് തന്നെ കവർച്ച നടത്താൻ  സംഘം തിരഞ്ഞെടുത്തത് സംശയാസ്പദമാണ്. കാരണം ഈ പരിസരത്ത് അടുത്തടുത്ത് മറ്റു അമ്പതോളം ഇരുനില വീടുകളുണ്ട്.

  ഗൃഹനാഥൻ ബി. അബ്ദുൾ മുനീർ 18 വർഷമായി കപ്പൽ ജീവനക്കാരനാണ്. നാട്ടിലെത്തിയിട്ട് 2 മാസം കഴിഞ്ഞു. ആഗസ്തിൽ തിരിച്ചു ചെല്ലണം. ദമ്പതികളുടെ കുട്ടികൾ കിടന്നുറങ്ങിയത് വീടിന്റെ താഴത്തെ നിലയിലുള്ള മറ്റൊരു മുറിയിലാണ്. വീടിന്റെ ഒന്നാം നിലയിലേക്ക് കവർച്ചക്കാർ കടന്നതിന്  കാര്യമായ തെളിവുകളോ അടയാളങ്ങളോ കാണാനില്ല. തൽസമയം, ഒന്നാം നിലയിൽ പുറത്തേക്കുള്ള വാതിലിന്റെ  കൊളുത്ത് വാതിലിനോട് ചേർന്നുള്ള ചെറുജാലക അഴികളിലൂടെ കൈകടത്തിയാണ് എടുത്തു മാറ്റിയത്.

കൈ കടത്തിയ ജാലകത്തിന്റെ ഇരുമ്പഴികൾക്കിടയിലൂടെ കട്ടികളുടേതല്ലാത്ത കൈകൾ അകത്തേക്ക് കടത്താൻ ഒട്ടും കഴിയില്ല. ജാലകത്തിന്റെ കൊളുത്ത് പ്രധാന വാതിലിൽ നിന്ന് ഇളക്കി മാറ്റിയിടത്ത് മരഫ്രെയിമിൽ ചെറിയ പോറലുകൾ മാത്രമാണ് പ്രത്യക്ഷപ്പെട്ടു കാണുന്നത്. വീടിന്റെ താഴത്തെ നിലയിൽ മറ്റൊരു കിടപ്പുമുറിയിലെ  അലമാരയിൽ സൂക്ഷിച്ചിരുന്ന 1500 രൂപ കവർച്ചക്കാർ കൈക്കലാക്കിയിരുന്നു. ഈ കിടപ്പുമുറിയിൽ നിന്ന് മറ്റൊന്നും കളവുപോയിട്ടില്ല. അലമാരയിൽ നിറയെ വസ്ത്രങ്ങളുണ്ടായിരുന്നുവെങ്കിലും, അതൊന്നും കള്ളൻ തൊട്ടിട്ടില്ല.

30 പവൻ സ്വർണ്ണവും 3.40 ലക്ഷം രൂപയും മാത്രമാണ് കള്ളൻ കൊണ്ടുപോയത്. വീട്ടുടമ അബ്ദുൾ മുനീർ ബാങ്കിൽ നിന്ന് 3.5 ലക്ഷം  രൂപ പിൻവലിച്ച കാര്യം നേരിട്ടറിയാവുന്നവർ ആരാണെന്ന ചോദ്യവും ഈ വീടുകവർച്ചയുടെ പ്രത്യകതയാണെങ്കിലും, കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേരടങ്ങുന്ന പ്രൊഫഷണൽ സംഘമായിരിക്കാമെന്ന് കേസ്സന്വേഷണ സംഘം പറയുന്നു. പോലീസ് നായ ഇന്നലെ വീട്ടിലെത്തി മണം പിടിച്ച ശേഷം വീട്ടുമതിലിന് പുറത്തേക്കോടുകയും വീടിന്റെ വടക്കുഭാഗത്ത് നിർമ്മാണം നടക്കുന്ന മുനീറിന്റെ സഹോദരൻ ഗൾഫിലുള്ള നിസ്സാമുദ്ദീന്റെ  വീട്ടിൽ കയറിയിരിക്കുകയും ചെയ്തു.

കവർച്ചക്കാർ തെരഞ്ഞെടുത്ത സമയം പുലർച്ചെ 2 മണി-4 മണിയാണെന്നതിനാലും കവർച്ചാരീതി ഏറെ ആസൂത്രിതമായി കണ്ടെത്തിയതിനാലുമാണ് ഈ കവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷനൽ  സംഘമെന്ന് അനുമാനിക്കാൻ പോലീസിന് പ്രേരണയായത്. അവ്യക്തമായ വിരലടയാളങ്ങൾ വീടിനകത്ത് ആഭരണം സൂക്ഷിച്ച മേശ വലിപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഈ അടാളങ്ങൾ എത്രമാത്രം  പ്രതികളിലേക്ക് വിരൽ ചൂണ്ടാൻ സഹായകമാണെന്ന് കണ്ടുതന്നെ അറിയണം.

LatestDaily

Read Previous

അമ്മയും കുഞ്ഞും ആശുപത്രി; ചന്ദ്രശേഖരനും ബേബിയും സുജാതയും ഉറങ്ങുന്നു

Read Next

മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്  യുവതി  വീടുവിട്ടു