ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ജെംസ് സ്കൂൾ കച്ചവടത്തട്ടിപ്പിലെ പ്രധാന സൂത്രധാരനായ മഞ്ചേശ്വരം എംഎൽഏ എം.സി. ഖമറുദ്ദീൻ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി രംഗത്ത്.
വഖഫ് ഭൂമി നിയമ വിരുദ്ധമായി തട്ടിയെടുത്ത എം.സി. ഖമറുദ്ദീൻ, അതിന് കൂട്ടുനിന്ന ട്രസ്റ്റ് അംഗങ്ങളായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏജിസി ബഷീർ, വലിയ പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബാവ എന്നിവർ രാജിവെക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.
ഈ ആവശ്യം ഉന്നയിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നാളെ കാസർകോട്, തൃക്കരിപ്പൂർ, ഉപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കും. എംഎൽഏയും മറ്റ് ജനപ്രതിനിധികളും സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതിനാൽ ഇവർ തൽസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ പ്രസിഡണ്ട് പി.കെ. നിഷാന്ത് പറഞ്ഞു.
അതിനിടെ, വിവാദ ഭൂമി ഇടപാടിൽ റജിസ്ട്രേഷൻ വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.തൃക്കരിപ്പൂർ ജാമിഅ സഅദിയയുടെ ഉടമസ്ഥതയിലുള്ള വഖഫ് ഭൂമി എം.സി. ഖമറുദ്ദീൻ എംഎൽഏ ചെയർമാനായ തൃക്കരിപ്പൂർ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് നിയമ വിരുദ്ധമായി കൈമാറിയ നടപടിയിൽ വിശദീകരണമാവശ്യപ്പെട്ട് ജില്ലാ റജിസ്ട്രാർ നോട്ടീസയച്ചിട്ടുണ്ട്.
ജാമിഅ സഅദിയ പ്രസിഡണ്ട് ടി.കെ. പൂക്കോയ തങ്ങൾ, സ്വകാര്യ ട്രസ്റ്റ് ചെയർമാൻ എം.സി. ഖമറുദ്ദീൻ എംഎൽഏ, തൃക്കരിപ്പൂർ സബ് റജിസ്ട്രാർ, വസ്തു ഇടപാടിന്റെ ആധാരമെഴുതിയ ആൾ, സാക്ഷികൾ എന്നിവർക്കാണ് ജില്ലാ റജിസ്ട്രാർ നോട്ടീസ് അയച്ചത്.
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പങ്കാളികളായ ടി.കെ. പൂക്കോയ തങ്ങളും, എം.സി. ഖമറുദ്ദീൻ എംഎൽഏയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വഖഫ് ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യ ട്രസ്റ്റിന് നിസ്സാര വിലയ്ക്ക് വിൽക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്.
സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ നൂറു കണക്കിനാളുകളിൽ നിന്നും കോടികൾ പിരിച്ചെടുത്ത് വഞ്ചിച്ച ടി.കെ. പൂക്കോയ തങ്ങളും, എം.സി. ഖമറുദ്ദീൻ എംഎൽഏയും വീണ്ടും വിവാദങ്ങളിൽ സ്ഥാനം പിടിച്ചെടുത്തതോടെ ജില്ലയിലെ ലീഗ് നേതൃത്വവും പ്രതിരോധത്തിലാണ്. ചെറുവത്തൂർ, കാസർകോട്, പയ്യന്നൂർ എന്നിവിടങ്ങളിലെ ഫാഷൻ ഗോൾഡ് സ്വർണ്ണ വിൽപ്പന ശാലകൾ കേന്ദ്രീകരിച്ചാണ് ഇരുവരും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ഫാഷൻ ഗോൾഡ് വിവാദത്തെത്തുടർന്ന് അതിന്റെ ഉടമകളിലൊരാളായ ടി.കെ. പൂക്കോയ തങ്ങളെ തൃക്കരിപ്പൂർ സംയുക്ത ജമായത്തിന്റെ നേതൃസ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു.