ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു 36, അന്തർ സംസ്ഥാന കുറ്റവാളിയെന്ന് പോലീസ് രേഖകൾ. കേരളാ പോലീസിന്റെ ഡോസിയർ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷൈജുവിനെതിരെ ബേക്കൽ പോലീസ് സ്റ്റേഷനിൽ 8, കാസർകോട് പോലീസ് സ്റ്റേഷനിൽ 1 കർണ്ണാടകയിൽ 7 എന്നിങ്ങനെ 16 കേസുകളുണ്ട്.
2004-ൽ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഷൈജു ബേക്കൽ പോലീസിലെ മോഷണക്കേസിൽ പ്രതിയാകുന്നത്. തുടർന്ന് ഇദ്ദേഹം കർണ്ണാടകയിലെ 7 കേസുകളിൽ പ്രതിയായി. 2010-ൽ കാസർകോട് കൊറുവയൽ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ 3 പഞ്ചലോഹ വിഗ്രഹങ്ങളും വിഗ്രത്തിൽ ചാർത്തിയ 3 സ്വർണ്ണമാലകളും കവർന്ന കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഷൈജുവിനെ ആറര വർഷം തടവിന് ശിക്ഷിച്ചു.
ഉദുമ ബാര അടുക്കത്ത് വയൽ ശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തിയ 2 പവൻ സ്വർണ്ണമാല കവർന്ന കേസിൽ ഹോസ്ദുർഗ് കോടതി ഷൈജുവിന് ഒരു വർഷം തടവ് ശിക്ഷയും 1000 രൂപ പിഴയും വിധിച്ചു. ഏരോൽകാവ് വൈഷ്ണവി ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിലും ശിക്ഷയനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ 2018-ൽ കോട്ടിക്കുളത്ത് ഇഷാക്ക് എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇഷാക്കിന്റെ സുഹൃത്തിന്റെ സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്ത സംഭവങ്ങളിൽ ഷൈജു പ്രതിയാണ്.