ചിരി പദ്ധതി മൂന്നാം വർഷത്തിലേക്ക്

9497900200 എന്ന നമ്പറിലേക്ക് വിളിക്കാം

കാഞ്ഞങ്ങാട്: മാനസിക സംഘർഷം നേരിടുന്ന കുട്ടികൾക്ക് ആശ്വാസം പകരാൻ കേരള പോലീസ് ഏർപ്പെടുത്തിയ ചിരി പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മുപ്പതിനായിരം പേരാണ് പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചിരിക്കായുള്ള കൗൺസിലിംഗ് പദ്ധതിയിലേക്ക് വിളിച്ചത്. കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ സ്റ്റുഡന്റ് പോലീസ് കാഡറ്റ്, അവർറെസ് പോൻസിബിലിറ്റി ടു ചിൽഡ്രൻ, ശിശു സൗഹൃദ പോലീസ് എന്നിവർ ചേർന്നാരംഭിച്ച പദ്ധതി പ്രകാരമാണ് വിവിധ ജില്ലകളിൽ നിന്നും മുപ്പതിനായിരം പേർ പോലീസ്സിലേക്ക് വിളിച്ചത്.

വിളിച്ചവർക്കെല്ലാം പോലീസ് വിവിധ തരത്തിലുള്ള സാന്ത്വനം പകരുകയുണ്ടായി. കോട്ടയത്ത് പാലത്തിന് മുകളിൽ കയറി പുഴയിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുട്ടിയെ പോലീസ് ജീവിതത്തിലേക്ക് തിരിച്ചയക്കുകയുണ്ടായി. വീട്ടിലെ വഴക്കിനെ തുടർന്ന് പതിനാലുകാരൻ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശമയച്ച് ആത്മഹത്യയ്ക്കൊരുങ്ങിയപ്പോൾ സന്ദേശം ലഭിച്ച സുഹൃത്തുക്കളിലൊരാൾ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി പിന്തിരിപ്പിച്ച് വീട്ടിലെത്തിച്ച് കൗൺസിലിംഗ് നടത്തി.

2015 ജൂലായ് മാസം ആരംഭിച്ച ചിരിയിലേക്ക് 29,508 കോളുകൾ വന്നു. ഇതിൽ 10,804 എണ്ണം കുട്ടികൾ വലിയ തോതിലുള്ള സംഘർഷത്തിലായതിന്റെയും മറ്റ് 18000 കോളുകളിൽ കൂടുതൽ വിവരമറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു. മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ച് മാനസിക വിഭ്രാന്തി വന്നവർ, ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടവർ, രക്ഷിതാക്കളുടെ മദ്യപാനവും കുടുംബവഴക്കും കാരണം ഒറ്റപ്പെട്ടവർ, നിരന്തരം രക്ഷിതാക്കളുടെ കുറ്റപ്പെടുത്തലനുഭവിക്കുന്നവർ, അപകർഷതാബോധം വേട്ടയാടുന്നവർ, വിവിധ കാരണങ്ങളാൽ ഏകാന്തത അനുഭവിക്കുന്നവർ എന്നിവരുൾപ്പെടെ സംഘർഷങ്ങൾക്കിടയായ പതിനായിരത്തോളം പേരിൽ ആയിരത്തിലേറെ പേരുടെ വീടുകളിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഓഫീസർമാർ നേരിട്ടെത്തി പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കി പരിഹാരം നിർദ്ദേശിച്ചു.

മൂന്ന് ദിവസം തുടർച്ചയായി മൊബൈൽ ഫോണിൽ നോക്കി മുറിയിൽ നിന്ന് പുറത്തിറങ്ങാത്ത കോഴിക്കോട്ടുകാരനായ കുട്ടിയെ പോലീസ് നേരിട്ട് വീട്ടിലെത്തിയാണ് ആശ്വസിപ്പിച്ചത്. കൗൺസിലിംഗിനായി നിരവധി രക്ഷിതാക്കളും ചിരിയിലേക്ക്  വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ മാനസിക സംഘർഷം നേരിട്ട സംസ്ഥാനത്തെ 66 കുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം മുൻ നിർത്തിയാണ് സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം ചിൽഡ്രൻ ആന്റ് പോലീസ് (കേപ്പ്) പദ്ധതിയുടെ ഭാഗമായി ഐജി, പി. വിജയൻ നോഡൽ ഓഫീസറായി ചിരി പദ്ധതി സംസ്ഥാനത്ത് തുടങ്ങിയത്. മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക് 9497900200 എന്ന നമ്പറിലേക്ക് ഏത് സമയവും വിളിക്കാം.

LatestDaily

Read Previous

യുവാവിനെ വിളിച്ചു വരുത്തി മർദ്ദിച്ചു

Read Next

ഇന്ദിരാ ആവാസ് യോജന ബ്ലോക്ക് പഞ്ചായത്തുകളിൽ ചിലവഴിക്കാതെ 126 കോടി