ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ: പാലക്കുന്നിൽ യുവാവ് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് സംശയം. ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു മയക്കുമരുന്നിന്റെ അടിമയാണെന്നാണ് സൂചന. ഇന്നലെ പകലാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഷൈജുവെന്ന യുവാവ് പാലക്കുന്ന് ടൗണിലെ മൊബൈൽ ടവറിൽ കയറിപ്പറ്റി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ആത്മഹത്യാശ്രമത്തിന് മുമ്പ് വാട്സ്ആപ്പ് വഴി പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പിൽ കാഞ്ഞങ്ങാട് സബ് കലക്ടർ ഡി.ആർ. മേഘശ്രീ, മുൻ ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർ, ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാർ, ബേക്കൽ ഐപി, യു.പി. വിപിൻ, കാസർകോട് ഐപി, പി. അജിത്ത്കുമാർ എന്നിവരടക്കം 13 പേരുടെ പേര് പരാമർശിച്ച് ഇവരാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് ഷൈജു ആരോപിക്കുന്നു.
ജാതി മത രാഷ്ട്രീയ സർവ്വജാല മഹനീയരെ എന്ന് വൈക്കം മുഹമ്മദ് ബഷീർ ശൈലിയിൽ അഭിസംബോധന ചെയ്യുന്ന വാട്സ്ആപ്പ് ആത്മഹത്യാക്കുറിപ്പിൽ അടുത്ത നിമിഷം താൻ ആത്മഹത്യ ചെയ്യുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള പോലീസ്സിലെ കൈക്കൂലി മഹാവ്യാധികൾ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും, വ്യക്തിപരമായി വേട്ടയാടുന്നുവെന്നുമാണ് ഷൈജുവിന്റെ ആരോപണം.
നായർ പെണ്ണിനെ സ്നേഹിച്ചതിന് തീയ്യനായ തന്നെ പോലീസ് വേട്ടയാടുന്നുവെന്ന വിചിത്രമായ ആരോപണവും ഷൈജു ഉന്നയിക്കുന്നു. കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നായർ വസന്തവും ഗൂഢാലോചനയുമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും, ഷൈജു തന്റെ വാട്സ്ആപ്പ് ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു.
അതേസമയം, ഷൈജുവിന്റെ ആരോപണങ്ങളെല്ലാം കാസർകോട്, ബേക്കൽ ഡിവൈഎസ്പിമാർ നിഷേധിച്ചു. കാസർകോട് ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിൽ 2010 – ൽ നടന്ന മോഷണക്കേസ്സിലടക്കം നിരവധി മോഷണക്കേസ്സുകളിൽ ഷൈജു പ്രതിയാണെന്നാണ് കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ പ്രതികരണം. മൂന്ന് മോഷണക്കേസ്സുകൾ, ഏടിഎം അടിച്ചു തകർക്കൽ എന്നിവയടക്കം എട്ട് കേസ്സുകളിൽ പ്രതി സ്ഥാനത്തുള്ളയാളാണ് ഷൈജുവെന്ന് ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽ കുമാർ വ്യക്തമാക്കി. ഏറ്റവുമൊടുവിൽ കഞ്ചാവ് ഉപയോഗിച്ചതിനാണ് ബേക്കൽ പോലീസ് ഷൈജുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.