വാഹന ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം 3 യുവാക്കൾ തലശ്ശേരിയിൽ അറസ്റ്റിൽ

തലശ്ശേരി : നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികൾ അടിച്ചുമാറ്റി വിൽപന നടത്തി നേടുന്ന പണം കൊണ്ട് ആഡംബര ഹോട്ടലുകളിൽ തമ്പടിച്ച് തീറ്റയും കുടിയും നാടാകെ വിലസലും പതിവാക്കിയ ആറംഗമോഷണസംഘത്തിലെ 3 യുവാക്കൾ  തലശ്ശേരിയിൽ അറസ്റ്റിലായി. കടവത്തൂർ സ്വദേശി കല്ലൻ തൊടിയിൽ കെ. അശ്വന്ത് 22, കരിയാട് കെ.എൻ.യു.പി.സ്കൂളിനടുത്ത സ്വാന്തനം വീട്ടിൽ  യദുകൃഷ്ണൻ 19, കോടിയേരി സീനാ ക്വാർട്ടേഴ്സിൽ  സവാദ് 22, എന്നിവരെയാണ് ചൊക്ലി എസ്.എച്ച്.ഒ. സി ഷാജുവും സംഘവും അറസ്റ്റ് ചെയ്തത്.

മണവാട്ടി ജംഗ്ഷൻ, പുതിയ ബസ് സ്റ്റാന്റ് പരിസരങ്ങളിൽ നിന്നാണ് മൂന്ന് മോഷ്ടാക്കളെയും പിടികൂടിയത്. ഇവർ അറസ്റ്റിലായതറിഞ്ഞ് നിരവധി വാഹന ഉടമകളും ഡ്രൈവർമാരും  പരാതിയുമായി സ്റ്റേഷനിലെത്തി. പിണറായി, വടകര, നാദാപുരം, ഏറാമല, പെരിങ്ങത്തൂർ, ചോമ്പാല, പാനൂർ, കുന്നുമ്മക്കര, എടച്ചേരി ഭാഗങ്ങളിൽ നിന്നും വാഹനങ്ങളുടെ ബാറ്ററികൾ കളവുപോയതിൽ ഇപ്പോൾ പിടിയിലായവർക്കും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പെരിങ്ങത്തൂർ ഭാഗത്ത് റോഡ് താർ ചെയ്യാനായി കരാറുകാർ എത്തിച്ച വാഹനങ്ങളിലെ ബാറ്ററികൾ പെരിങ്ങത്തൂർ  മുക്കിൽ പീടിക റോഡിൽ പുല്ലൂക്കര നല്ലൂർ ഭാഗത്ത് നിർത്തിയിട്ട സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം  മോഷണം പോയിരുന്നു. താഴെ പുക്കോത്ത് നിർത്തിയിട്ട സ്കൂൾ ബസിന്റെ ബറ്ററിയും മോഷ്ടിക്കപ്പെട്ടു. ഇതേ തുടർന്ന് ലഭിച്ച പരാതിയിൽ നടത്തിയ  അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയത്. ബാറ്ററി മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയകരമായി ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടു. 

ഈ വാഹനം വാടകക്കെടുത്താണ് ബാറ്ററി മോഷണം. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.  കൂടുതൽ പേർ സംഘത്തിലുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് വിവരം ലഭിച്ചു. ചൊക്ലി സ്റ്റേഷനിൽ സ്ക്കൂൾ ബസ് ബാറ്ററി മോഷണക്കേസ് മാത്രമാണുള്ളത്. വടകര, ചോമ്പാൽ, എടച്ചേരി സ്റ്റേഷനുകളിൽ സമാന സംഭവത്തിൽ പ്രതികൾക്കെതിരെ കേസുണ്ട്. ബാറ്ററി വിൽപന നടത്തിയ ഓർക്കാട്ടേരിയിലെ ആക്രിക്കടയിലും പ്രതികളെയെത്തിച്ചു. 20,000 രൂപ വിലവരുന്ന ഒരു ബാറ്ററി 3,000 രൂപയ്ക്കാണ് പ്രതികൾ വിൽക്കുന്നതത്രെ.  ഇവരിൽ നിന്നും കളവു മുതൽ വാങ്ങുന്ന ബാറ്ററികടകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്..

LatestDaily

Read Previous

പെൻഷൻ നൽകാൻ പ്രതിമാസം 1500 കോടി രൂപ കേരളം ചിലവിടുന്നു

Read Next

നിരവധി കവര്‍ച്ച കേസുകളിലെ പ്രതികൾ മഞ്ചേശ്വരത്ത് പോലീസ് പിടിയിൽ