പെൻഷൻ നൽകാൻ പ്രതിമാസം 1500 കോടി രൂപ കേരളം ചിലവിടുന്നു

കാഞ്ഞങ്ങാട് : കേരള സർക്കാർ വിവിധതരം പെൻഷനുകൾ നൽകാൻ മാത്രം പ്രതിമാസം ചിലവിടുന്നത് 1500 കോടി രൂപ. 55 തരം പെൻഷനുകളാണ് ഇപ്രകാരം സംസ്ഥാന സർക്കാർ നൽകി വരുന്നത്. 1453. 65 കോടി രൂപ പെൻഷനും 45.5 കോടി രൂപ കുടിശ്ശികയും ചേർത്ത് 1499. 155. കോടിയാണ് ഇക്കഴിഞ്ഞ ജനുവരിയിൽ വിതരണം ചെയ്തതെന്ന്  വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ ട്രഷറി വകുപ്പ് അറിയിച്ചു.

സർക്കാർ സർവ്വീസിലുണ്ടായിരിക്കെ പിരിഞ്ഞുപോയവരുടെ പ്രതിമാസ പെൻഷൻ 2022 മാർച്ചിലെ കണക്കനുസരിച്ച് കുടിശ്ശികയും പെൻഷനും ചേർത്ത് നൽകാൻ 1254.17 കോടിയാണ് ആവശ്യമായി വന്നത്. ആശ്രിത പെൻഷൻ കൈപ്പറ്റുന്ന 1,44,862 പേരുണ്ട്. ഇവർക്ക് പെൻഷൻ നൽകാൻ മാസം പ്രതി 230.75 കോടി രൂപയാണ് വേണ്ടത്. 2022 മാർച്ചിലെ കുടിശ്ശിക കൂടി ചേർത്ത് നൽകിയതിനാൽ ആശ്രിത പെൻഷന് വേണ്ടി 244.09 കോടിയാണ് നൽകിയത്.

ഭർത്താവും ഭാര്യയും സർക്കാർ ജീവനക്കാരാവുകയും ഇവരിൽ ഒരാൾ പെൻഷൻ പറ്റിക്കൊണ്ടിരിക്കെ മരണപ്പെടുകയും ചെയ്താൽ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ കൂടി പെൻഷൻ അർഹതയുണ്ടെന്നും, വിവരാവകാശ വകുപ്പ് മറുപടിയിൽ വ്യക്തമാക്കി.

ആറ് വർഷം മാത്രം പി.എസ്്.സി അംഗവും ചെയർമാനുമായി പ്രവർത്തിച്ചവർക്ക്  പെൻഷൻ നൽകാൻ മാത്രം പ്രതിമാസം 27,91, 960 രൂപ ചെലവാകും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് 63.74 ലക്ഷം രൂപ പെൻഷൻ, 2.6 ലക്ഷം രൂപ കുടിശ്ശിക എന്നിവ ചേർത്ത് 66.36 ലക്ഷം രൂപ ജനുവരിയിൽ പെൻഷനായി നൽകിയിട്ടുണ്ടെന്നും, കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസ് നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് പെൻഷൻ കണക്കുകൾ കൃത്യമായി പുറത്തുവിട്ടത്.

LatestDaily

Read Previous

അഗ്നിപഥ് : എസ്എഫ്ഐ റോഡ് ഉപരോധിച്ചു

Read Next

വാഹന ബാറ്ററികൾ മോഷ്ടിച്ച് ആഡംബര ജീവിതം 3 യുവാക്കൾ തലശ്ശേരിയിൽ അറസ്റ്റിൽ