പാസ് പോർട്ട് അപേക്ഷകളിൽ പോലീസ് റിപ്പോർട്ട് നിർബ്ബന്ധം

തത്കാൽ പാസ്പോർട്ട് ഇനി അടിയന്തരഘട്ടങ്ങളിൽ മാത്രം

കാഞ്ഞങ്ങാട്: രണ്ടോ മൂന്നോ ദിവസങ്ങൾക്കകം അപേക്ഷകർക്ക് പാസ്പോർട്ട് നൽകിയ ശേഷം പിന്നീട് പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് തേടുന്ന തത്കാൽ പാസ്പോർട്ട് ഇനി അടിയന്തരഘട്ടങ്ങളിൽ മാത്രം.

ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള പാസ്പോർട്ടുകളൊഴികെയുള്ള എല്ലാ പാസ്പോർട്ടുകൾക്കും ഇനി മുതൽ പോലീസ് വെരിഫിക്കേഷൻ നിർബ്ബന്ധമാക്കിക്കൊണ്ട് കേന്ദ്ര വിദേശ കാര്യമന്ത്രാലയം ഉത്തരവിട്ടു.

താത്കാലിനുള്ള അധിക ഫീസ് നൽകി പാസ്പോർട്ടിന് അപേക്ഷ നൽകുന്നവർ അടിയന്തരസാഹചര്യം എന്താണെന്ന രേഖകളും സമർപ്പിക്കണം. അല്ലാത്തപക്ഷം തത്കാൽ പാസ്പോർട്ട് ലഭ്യമാക്കില്ല.  പാസ്്പോർട്ട് പുതുക്കുന്നതിനുള്ള പോലീസ് ക്ലിയറൻസ് ലഭ്യമാക്കാനും ഇനി വെരിഫിക്കേഷൻ നിർബ്ബന്ധമായിരിക്കും.

13 തിരിച്ചറിയൽ രേഖകളിൽ മൂന്നെണ്ണം സമർപ്പിച്ച് 3500 രൂപ ഫീസടക്കുന്നവർക്ക് പോലീസ് വെരിഫിക്കേഷന് മുമ്പായി അടിയന്തരമായാണ് തത്കാൽ പാസ്പോർട്ട് നൽകിപ്പോന്നത്.

പ്രതിമാസം ആയിരക്കണക്കിന് തത്കാൽ പാസ്പോർട്ടുകളാണ് ഇപ്രകാരം നൽകിക്കൊണ്ടിരുന്നത്.

ജോലിയിൽ പ്രവേശിക്കേണ്ട അടിയന്തര സാഹചര്യം, വിദ്യാഭ്യാസം, ചികിത്സ എന്നിവ ബോധ്യപ്പെടുന്ന രേഖകൾ സമർപ്പിച്ചാൽ മാത്രമെ ഇനി മുതൽ തത്ക്കാൽ പാസ്പോർട്ട് അടിയന്തര പ്രാധാന്യത്തോടെ നൽകുകയുള്ളൂ.

അതേസമയം ഇതേവരെ ജനനസർട്ടിഫിക്കറ്റും മാതാപിതാക്കളുടെ രേഖകളും അടിസ്ഥാനപ്പെടുത്തികൂടി കുട്ടികൾക്ക് തത്കാൽ പാസ്പോർട്ട് നൽകിയിരുന്നു.

ഇനി മുതൽ കുട്ടികൾക്കും പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് നിർബ്ബന്ധമാണ്. മാതാപിതാക്കളുടെ പൗരത്വവും പശ്ചാത്തലവുമായിരിക്കും കുട്ടികളുടെ കാര്യത്തിൽ അന്വേഷിക്കുന്നത്.

പാസ്പോർട്ട് പുതുക്കുമ്പോഴും ഇനി മുതൽ പോലീസ് വെരിഫിക്കേഷൻ വേണ്ടിവരും. ഔദ്യോഗിക ആവശ്യത്തിന് വിദേശങ്ങളിൽ പോകുന്നവർക്കും അവരെ  അനുഗമിക്കുന്നവർക്കും ബന്ധപ്പെട്ട അധികൃതരുടെ എൻ.ഒ.സി പ്രകാരം തത്കാൽ പാസ്പോർട്ട് അനുവദിക്കും.

സാധാരണ ഗതിയിൽ 25 ദിവസത്തിനകമാണ് വെരിഫിക്കേഷൻ റിപ്പോർട്ട് പോലീസ് നൽകേണ്ടത്. ഇതിനായി ഓരോ പാസ് പോർട്ടിനും നിശ്ചിത തുക കേന്ദ്രസർക്കാർ പോലീസിന് നൽകി വരുന്നുണ്ട്.

LatestDaily

Read Previous

ഏ. ഹമീദ് ഹാജി സംയുക്ത മുസ്്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട്

Read Next

സംയുക്ത മുസ്്ലീം ജമാഅത്ത് ആസ്ഥാന മന്ദിരം മെട്രോ മുഹമ്മദ്ഹാജി സ്മാരക മന്ദിരമാക്കി