രോഗിയുമായി കാഞ്ഞങ്ങാട് നിന്നും പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു

രോഗിക്കും ഭാര്യയ്ക്കുമുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്്

പരിയാരം: കാഞ്ഞങ്ങാടുനിന്നും രോഗിയുമായി എത്തിയ ആംബുലന്‍സ് പരിയാരത്ത് അപകടത്തില്‍പെട്ടു.

അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.കാഞ്ഞങ്ങാട് ബൈത്തുല്‍ ഇര്‍ഷാദിലെ അബ്ദുള്‍ ഖാദര്‍ 63,ഭാര്യ ജമീല 47, മകന്‍ മുഹമ്മദ് ഫാസില്‍ 27, ആംബുലന്‍സ് ഡ്രൈവര്‍ കാസർകോട് കുണിയയിലെ എന്‍.പി. മുഹമ്മദ് ഷംസീര്‍ 36, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ ഏഴരയോടെ ദേശീയപാതയില്‍ പരിയാരം അലൈക്യം പാലത്തിന് സമീപത്തായിരുന്നു അപകടം.കാഞ്ഞങ്ങാടുനിന്നും വരികയായിരുന്ന കാസർകോട് കുണിയയിലെ ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്.

ഹൃദയസംബന്ധമായ രോഗം ബാധിച്ചിരുന്ന അബ്ദുള്‍ ഖാദറിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു ആംബുലന്‍സ്.

സ്റ്റിയറിംങ്ങ് മുറിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ആംബുലന്‍സ് റോഡിലെ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

ഓടിക്കൂടിയവരാണ് മറ്റൊരു ആംബുലന്‍സില്‍ ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചത്. രോഗിയായിരുന്ന അബ്ദുള്‍ ഖാദറിനും ഭാര്യ ജമീലക്കുമാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് കാലുകളില്‍ സ്റ്റീലിട്ടിരുന്ന ജമീലയുടെ കാലുകള്‍ക്ക് വീണ്ടും ഗുരുതര പരിക്കേറ്റിട്ടുണ്ട്്.അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നു.വിവരമറിഞ്ഞയുടന്‍ പരിയാരം പോലീസ് സംഭവസ്ഥലത്തെത്തിയാണ് ദേശീയപാതയിലെ ഗതാഗത തടസ്സമൊഴിവാക്കിയത്.

LatestDaily

Read Previous

ദുർഗന്ധത്താൽ പൊറുതിമുട്ടി പാലക്കുന്ന്

Read Next

നിപ്പ രാജകുമാരി, കോവിഡ് റാണി ആരോഗ്യ മന്ത്രിക്കെതിരെ വിവാദപ്രസ്താവന, മുല്ലപ്പള്ളിയോട് വിവരമാരായും