ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നിന്നും പണയ ഉരുപ്പടികൾ തട്ടിയെടുത്ത സംഭവത്തിൽ ഭരണസമിതി മൗനം പാലിക്കുന്നതിനെതിരെ സിപിഎം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണമാരംഭിച്ചു. പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നിന്നാണ് പണയ ഉരുപ്പടികൾ കാണാതായത്. സ്വർണ്ണം കാണാതായതിന് പിന്നിൽ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ കെ. രഘുനാഥാണെന്ന് കണ്ടെ
ത്തിയിരുന്നെങ്കിലും, ഭരണസമിതി പോലീസ്സിൽ പരാതി നൽകാതെ രഘുനാഥിനെ സസ്പെന്റ് ചെയ്ത് തടിയൂരുകയായിരുന്നു. സംഭവം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും, ഭരണസമിതി ഇതുവരെ പോലീസ്സിൽ പരാതി കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം കാഞ്ഞങ്ങാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് പരാതി കൊടുക്കുന്നത്. പരാതിയിൽ അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന മുക്കുപണ്ടത്തട്ടിപ്പ് കേസ്സിൽ യഥാർത്ഥ സ്വർണ്ണം പണയം വെച്ചവരും കുടുങ്ങിയിരുന്നു.
മുക്കുപണ്ട തട്ടിപ്പ് കേസ്സിന്റെ തുടർ നടപടികൾ നീളാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ളവരുടെ സ്വർണ്ണമാണ് കെ. രഘുനാഥ് തിരിമറി നടത്താനെടുത്തതെന്നാണ് വിവരം. ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ് പണയ വസ്തുക്കൾ തട്ടിയെടുക്കപ്പെട്ട വിവരം പുറത്തായത്. പണയ സ്വർണ്ണം തിരിമറി നടത്തുന്നത് മോഷണക്കുറ്റം ചുമത്താവുന്ന കുറ്റകൃത്യമാണെങ്കിലും, ബാങ്ക് ഭരണസമിതി കെ. രഘുനാഥിനെതിരെ പോലീസ്സിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല.
ബാങ്കിന്റെ ഈ നിലപാടിൽ ചില ഡയറക്ടർമാർക്ക് അമർഷമുണ്ട്. അവരാണ് സിപിഎമ്മിനെ അസിസ്റ്റന്റ് റജിസ്ട്രാർക്ക് പരാതി കൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ മുക്കുപണ്ടത്തട്ടിപ്പിന് ശേഷം പണയ സ്വർണ്ണം തട്ടിയെടുത്ത സംഭവം കൂടിയുണ്ടായിട്ടും, കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി തികഞ്ഞ മൗനത്തിലാണ്.
മുക്കാൽക്കോടിയുടെ മുക്കുപ്പണ്ടത്തട്ടിപ്പാണ് പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നടന്നത്. 3 പായ്ക്കറ്റ് സ്വർണ്ണമാണ് ബാങ്ക് അസിസ്റ്റന്റ് മാനേജർ പിലിക്കോട് രയരമംഗലത്തെ കെ. രഘുനാഥൻ ശാഖയിൽ നിന്നും തട്ടിയെടുത്തത്. ബാങ്ക് പ്രസിഡണ്ടും ഡയറക്ടർമാരും ചേർന്ന് രഘുനാഥനിൽ നിന്ന് സ്വർണ്ണം തിരികെ വാങ്ങിയതായി സൂചനയുണ്ടെങ്കിലും, സംഭവത്തിൽ പോലീസ്സിൽ പരാതി നൽകാത്തതിലാണ് വിമർശനമുയർന്നത്. കോൺഗ്രസ് അധീനതയിലുള്ള ബാങ്കിൽ നടന്ന സ്വർണ്ണത്തട്ടിപ്പിനെക്കുറിച്ച് ഡിസിസിയും മൗനത്തിലാണ്.