ഹജ്ജ് തീർത്ഥാടകർ വീണ്ടും പുണ്യ ഭൂമിയിലേക്ക്

കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി കെടുതികളെ അതിജീവിച്ച് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ഇത്തവണ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കേരളത്തിൽ നിന്നാണ് പുറപ്പെടുന്നത്. 377 തീർത്ഥാടകരുമായാണ് കേരളത്തിൽ നിന്നുള്ള ആദ്യ സംഘം പ്രവാചക നഗരിയായ മദീനയിലേക്ക് യാത്ര തിരിച്ചത്.

2019 ന് ശേഷം ഇക്കൊല്ലമാണ് ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകർക്ക് അവസരം ലഭിക്കുന്നത്. 2020-ലെ ഹജ്ജിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നതിനിടയിലാണ് ലോകത്താകെ ഭീതി പരത്തി കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ നടപടിക്രമങ്ങൾ നിർത്തിവെക്കുകയായിരുന്നു. 25 ലക്ഷത്തോളം തീർത്ഥാടകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി വിശുദ്ധ മക്കയിലും പ്രവാചക നഗരിയായ മദീനയിലും  ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമത്തിലും ഒത്തുചേരുന്ന അപൂർവ്വതയാണ് വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ.

കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും 1,75,025 ആയിരുന്നു ഇന്ത്യയുടെ ഹജ്ജ് ക്വാട്ട. ഇത്തവണ നേർപകുതിയായി കുറച്ചിരിക്കുകയാണ്. കേരളത്തിൽ 5,758 പേർക്കാണ് ഇത്തവണ ഹജ്ജിനവസരം ലഭിച്ചിട്ടുള്ളത്. തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാൻ എന്നിവിടങ്ങളിൽ നിന്നുള്ള 1989 പേരുൾപ്പെടെ 7747 തീർത്ഥാടകർ 20 വിമാനങ്ങളിലായി നെടുമ്പാശേരിയിൽ നിന്ന് ഹജ്ജിനായി യാത്ര തിരിക്കും.

LatestDaily

Read Previous

ജെഡിഎസ് ലയനം എൽജെഡി പ്രഖ്യാപിച്ചു

Read Next

വിനായക ടാക്കീസ് ഇനി ഇലക്ട്രിസിറ്റി ഓഫീസ്