ഫണ്ട് വിവാദം; എംഎൽഏ ഉൾപ്പടെ ആറു പേർക്ക് പാർട്ടി നോട്ടീസ്

പയ്യന്നൂർ: സിപിഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഗുരുതരമായ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്‌ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എംഎല്‍എക്ക് പുറമേ സിപിഎം പയ്യന്നൂര്‍ ഏരിയാ മുന്‍ സെക്രട്ടറി കെപി മധു, ഏരിയാ കമ്മിറ്റിയംഗം ടി വിശ്വനാഥന്‍, കെകെ ഗംഗാധരന്‍, ഓഫിസ് സെക്രട്ടറി കരിവെള്ളൂര്‍ കരുണാകരന്‍, എംഎല്‍എയുടെ സെക്രട്ടറി പി സജേഷ്‌ കുമാര്‍ എന്നിവർക്കാണ് കാരണം കാണിക്കല്‍ നോട്ടീസ്. ജൂണ്‍ 12ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.

പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി, കെകെ ശൈലജ എന്നിവര്‍ ജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയംഗം ടിവി രാജേഷ്, ജില്ലാ സെക്രട്ടേറിയേറ്റംഗം പിവി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മീഷൻ നേരത്തേ റിപ്പോർട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ അനാസ്‌ഥയും ക്രമക്കേടും നടന്നതായി പറഞ്ഞിരുന്നു.

അതേസമയം, വിഷയം ലഘൂകരിക്കാനുള്ള ശ്രമം തുടക്കത്തിലേ നടന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. യോഗത്തിനുമുന്‍പ് കോടിയേരിയും ഇപി ജയരാജനും മുന്‍ എംഎല്‍എ സി കൃഷ്‌ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി സന്തോഷ്‌ കുമാര്‍, വി നാരായണന്‍ എന്നിവരുമായി സംസാരിച്ചു. വിഷയം ഗൗരവമുള്ളതാണെന്നും പയ്യന്നൂരില്‍ നടന്നത് വിഭാഗീയതയല്ലെന്നും വ്യക്‌തമായ സാമ്പത്തിക ക്രമക്കേടാണെന്നും അവര്‍ സൂചിപ്പിച്ചു. തുടര്‍ന്നാണ് നടപടിക്ക് നീക്കം തുടങ്ങിയത്. നടപടിയെടുത്തില്ലെങ്കില്‍ പയ്യന്നൂരില്‍ സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിൽ എത്തിയേക്കുമെന്നതിനാലാണ് വിട്ടുവീഴ്‌ച വേണ്ടെന്നുള്ള തീരുമാനം.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ ഭാഗമായി നടത്തിയ ചിട്ടിനടത്തിപ്പ്, ധനരാജ് രക്‌തസാക്ഷി ഫണ്ട് വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നതായാണ് ആരോപണം. ഒരു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന് സമൂഹ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായി. പയ്യന്നൂരിലെ ഒരുവിഭാഗം നേതാക്കളാണ് ഏരിയാ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറിക്ക് വ്യാജ രസീത് ബുക്ക് ഹാജരാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

LatestDaily

Read Previous

ഹജ്ജ്: 2022 യാത്രികർ 5300 രൂപ കൂടി അടക്കണം

Read Next

സ്ക്കൂട്ടി മറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ടിന് പരിക്ക്