ഇരുപത്തിമൂന്നുകാരി യുവ ഭർതൃമതിയെ ആത്മഹത്യ ചെയ്യാൻ മാത്രം വേദനിപ്പിച്ച ആ തമാശ എന്തായിരുന്നു-?

കാഞ്ഞങ്ങാട്: അങ്ങകലെ മണലാരണ്യത്തിൽ നിന്ന് ഇങ്ങ് കാഞ്ഞങ്ങാട് ചിത്താരിയിലുള്ള വീട്ടിലേക്ക് അവിവാഹിതനായ യുവാവ്, ഫോണിൽ ഇരുപത്തിമൂന്നുകാരി യുവ ഭർതൃമതിയെ വിളിക്കുകയും ഒരു തമാശ പറയുകയും ചെയ്തു.

ഈ തമാശ കേട്ട ശേഷം ”ഞാൻ ജീവൻ വെടിയുമെന്ന് ” യുവാവിനോട് പറഞ്ഞ യുവതി ഉടൻ സ്വന്തം സെൽഫോണുമായി വീട്ടിലെ കിടപ്പു മുറിയിൽ കടക്കുകയും വാതിലടച്ച ശേഷം  സ്വന്തം മാതാവിനോടും, പിതാവിനോടും ഒരക്ഷരം പോലും ഉരിയാടാതെ  ഷാൾ ഉപയോഗിച്ച് ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകയും ചെയ്തു.

പ്രവാസി യുവാവ് കാഞ്ഞങ്ങാട്ടെ ജംഷീർ ചിത്താരിയിലെ  റഫിയാത്ത് എന്ന ഭർതൃമതിയോട് പറഞ്ഞ ആ തമാശ എന്തായിരിക്കും.?

അതറിയണമെങ്കിൽ റഫിയാത്ത് ഉപയോഗിച്ച ആപ്പിൾ ഐഫോൺ തുറക്കണം. തുറന്നാൽ തന്നെ, ഈ ഐഫോണിൽ ജംഷീറിന്റെ തമാശ റെക്കാർഡ് ചെയ്യപ്പെട്ടു കിടക്കുന്നുണ്ടെന്ന് ഇപ്പോൾ കരുതാനാവില്ല.

ഇനി ഒരു വേള ആ തമാശ ഈ ഐഫോണിൽ റെക്കാർഡ് ചെയ്യപ്പെട്ടു കിടക്കുകയാണെങ്കിൽ റഫിയാത്തിനെ മരണത്തിലേക്ക് നയിച്ച ജംഷീറിന്റെ ക്രൂരമെന്ന് കരുതാവുന്ന ആ തമാശ എന്താണെന്ന് പുറത്തു വരിക തന്നെ ചെയ്യും.

തമാശയുടെ  വോയിസ് റെക്കാർഡ് ലഭിക്കുമെന്ന് തന്നെയാണ് ഈ യുവതിയുടെ ആത്മഹത്യാക്കേസ്സ്  ഇപ്പോൾ അന്വേഷിച്ചുവരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി. വിനോദിന്റെ പ്രത്യാശ.

ഏക മകളെ അതും ഇക്കഴിഞ്ഞ നോമ്പുകാലത്ത് മെയ് 6-ന്  ആത്മഹത്യയിലേക്ക് നയിച്ച ജംഷീറിന്റെ തമാശയുടെ വ്യക്തമായ ചിത്രം ലഭിച്ചില്ലെങ്കിലും, ജംഷീർ എത്ര തവണ ഈ യുവതിയെ വിളിച്ചിട്ടുണ്ടെന്നുള്ളതിന് വ്യക്തമായ തെളിവുകൾ കേസ്സന്വേഷണ സംഘത്തിന്റെ കൈകളിൽ ആധികാരികമായി തന്നെ താമസം വിനാ വന്നു ചേരും.

കാരണം, റഫിയാത്തിന്റെ ഐഫോൺ ഇപ്പോൾ കേരളാ പോലീസിന്റെ തിരുവനന്തപുരത്തുള്ള രാസപരിശോധനാ  സെല്ലിൽ തുറന്നു കഴിഞ്ഞു.

റഫിയാത്ത് ആത്മഹത്യാ കേസ്സ് ആദ്യമന്വേഷിച്ച ഹൊസ്ദുർഗ്ഗ് പോലീസിലെ വനിതാ എസ്ഐ, ഏറെ ലാഘവത്തോടെ ” തുറക്കാൻ കഴിയുന്നില്ലെന്ന്  ” സ്വയം തീരുമാനിച്ച് റഫിയാത്തിന്റെ സഹോദരങ്ങളായ, റയിസിന്റെയും, റിയാസിന്റേയും, ഇവരുടെ പിതൃസഹോദരൻ അബ്ദുൾ സലാമിന്റേയും കൈകളിൽ തിരിച്ചേൽപ്പിച്ച അതേ ഐഫോണാണ് പോലീസിന്റെ ഫോറൻസിക് വിഭാഗം ഇപ്പോൾ തുറന്നു കഴിഞ്ഞതെന്ന വസ്തുത ഈ കേസ്സ് ആദ്യമന്വേഷിച്ച പോലീസുദ്യോഗസ്ഥരുടെ  ഗുരുതരമായ വീഴ്ച തന്നെയായി കരുതണം.

ഹൊസ്ദുർഗ്ഗിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന കെ. വിനോദ്കുമാറിന്റെ പൂർണ്ണ മേൽനോട്ടത്തിലാണ് റഫിയ ആത്മഹത്യാക്കേസ്സ് വനിതാ പോലീസ്  സബ് ഇൻസ്പെക്ടർ ലീല ഒരു മാസക്കാലം അന്വേഷിച്ചത്.

ഈ ആത്മഹത്യാ കേസ്സിൽ വഴിത്തിരിവു തന്നെയായി മാറുമായിരുന്ന മർമ്മ പ്രധാന തെളിവായ ഐഫോൺ പോലീസിന് നേരിട്ട് തുറക്കാൻ കഴിയുന്നില്ലെങ്കിൽ, പോലീസ് ഫോറൻസിക്കിൽ തുറക്കാൻ  കഴിയാത്ത ഫോണുകളൊന്നും ലോക മാർക്കറ്റിലില്ലെന്ന അറിവ് ഇപ്പോൾ ഡിവൈഎസ്പിയായി ഉദ്യോഗക്കയറ്റം ലഭിച്ച് കണ്ണൂരിൽ ചുമതലയേറ്റ ഇൻസ്പെക്ടർ കെ.വിനോദ് കുമാറിന് അറിയമായിരുന്നിട്ടും,  ഒട്ടേറെ രഹസ്യങ്ങൾ അടങ്ങിയതെന്ന് ഇപ്പോൾ തീർത്തു പറയാവുന്ന റഫിയാത്തിന്റെ ഐഫോൺ യുവതിയുടെ ബന്ധുക്കൾക്ക് തിരിച്ചു കൊടുക്കുമ്പോൾ, വനിതാ സബ് ഇൻസ്പെക്ടർ എന്തു തന്നെയായാലും മേലുദ്യോഗസ്ഥനായ ഇൻസ്പെക്ടറോട് അഭിപ്രായമാരായാതെ ഒരിക്കലും  കീഴുദ്യോഗസ്ഥയായ വനിതാ എസ്ഐ ഈ ഫോൺ യുവതിയുടെ  ബന്ധുക്കൾക്ക് തിരിച്ചു കൊടുക്കുമെന്ന് ഒട്ടും കരുതാനാവില്ല.

ഈ കേസ്സന്വേഷിക്കുന്ന സമയത്ത് കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.കെ. സുധാകരൻ ആയിരുന്നു.

റഫിയാത്ത് ആത്മഹത്യാ കേസ്സ് ഒരു മാസക്കാലം കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ വനിതാ എസ്ഐ, അന്വേഷിച്ചിട്ടും തുമ്പൊന്നും കണ്ടെത്താൻ കഴിയാതെ വന്നതിനാൽ,  അന്വേഷണം ഉപേക്ഷിക്കാനിരിക്കുകയാണെന്ന് എസ്ഐയുടെയും, ഐപിയുടേയും മുകളിലുള്ള പോലീസുദ്യോഗസ്ഥൻ പി.കെ. സുധാകരന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ”കീഴുദ്യോഗസ്ഥരുടെ അന്വേഷണങ്ങളിൽ കൈകടത്താനുള്ള ഒരു അധികാരവും പോലീസിൽ മേലുദ്യോഗസ്ഥർക്കില്ലെന്നാണ് ഡിവൈഎസ്പി, പി.കെ. സുധാകരൻ അദ്ദേഹത്തിന്റെ സ്ഥലം മാറ്റ ഉത്തരവ് എത്തുന്നതിന്  തൊട്ടു മുമ്പ് ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ വനിതാ എസ്ഐ, റഫിയാത്തിന്റെ സഹോദരങ്ങൾക്ക് തിരിച്ചേൽപ്പിച്ച ഐഫോണാണ് ഇപ്പോൾ പുതിയ അന്വേഷണ സംഘത്തിന്റെ പരിശ്രമ ഫലമായി പോലീസ് ഫോറൻസിക്  സെല്ലിൽ തുറന്നു കഴിഞ്ഞത്.

LatestDaily

Read Previous

അബ്ദുല്‍ ഖാദര്‍

Read Next

വിമാനത്തില്‍ യുവതിക്ക് ലൈംഗികാതിക്രമം