പിലിക്കോട് ബാങ്ക് സ്വർണ്ണത്തട്ടിപ്പിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് സിപിഎം

ചെറുവത്തൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നിന്നും പണയ ഉരുപ്പടികൾ തട്ടിയെടുത്ത അസിസ്റ്റൻറ് മാനേജരെ രക്ഷിക്കാനുള്ള ഭരണസമിതിയുടെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്. ബാങ്കിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികൾ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

പിലിക്കോട് സഹകരണ ബാങ്ക് കാലിക്കടവ് ശാഖാ അസിസ്റ്റന്റ് മാനേജർ പിലിക്കോട് രയരമംഗലത്തെ കെ. രഘുനാഥാണ് ശാഖയിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികൾ തട്ടിയെടുത്തത്. ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിലാണ്   പണയ ഉരുപ്പടികളുടെ സ്റ്റോക്കിൽ കുറവു കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെ. രഘുനാഥ് മൂന്ന് പായ്ക്കറ്റുകളിലെ പണയ സ്വർണ്ണം തട്ടിയെടുത്തതായി കണ്ടെത്തി.

സംഭവത്തിൽ പോലീസിൽ പരാതി കൊടുക്കാതെ ഒതുക്കിത്തീർത്ത ഭരണസമിതി കെ. രഘുനാഥിനെ സസ്പെന്റും ചെയ്തു. ബാങ്ക് പ്രസിഡണ്ടും ചില ഡയറക്ടർമാരും ഇരുചെവിയറിയാതെ കെ. രഘുനാഥൻ തട്ടിയെടുത്ത സ്വർണ്ണം തിരികെ വാങ്ങി പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നുവെന്നാണ് സൂചന.

തട്ടിയെടുത്ത സ്വർണ്ണം തിരികെ വാങ്ങിയതിലൂടെ സാങ്കേതികമായി കണക്ക് ശരിയായെങ്കിലും ഇടപാടുകാരോട് അസിസ്റ്റന്റ് മാനേജർ ചെയ്ത ചതിയെ ഭരണസമിതി  നിസ്സാരവൽക്കരിക്കുകയായിരുന്നു. പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നടന്ന മുക്കാൽക്കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസ്സിന്റെ വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് അതേ ശാഖയിൽ തന്നെ വീണ്ടും സ്വർണ്ണ തട്ടിപ്പ് നടന്നത്.

സ്വർണ്ണം തട്ടിയെടുത്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് സിപിഎം  നിലപാട്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനെ സിപിഎം നേതാക്കൾ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാങ്കിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികൾ അസിസ്റ്റന്റ് മാനേജരുടെ ചുമതലയുണ്ടായിരുന്ന  കെ. രഘുനാഥ് തട്ടിയെടുത്ത സംഭവത്തിൽ പോലീസിൽ പരാതി നൽകാത്ത ഭരണസമിതിയുടെ നിലപാടിൽ ഇടപാടുകാരും  അസംതൃപ്തരാണ്.

ഒന്നിന് പിറകെ ഒന്നായി ബാങ്കിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ പിലിക്കോട് സഹകരണ ബാങ്കിന്റെ വിശ്വാസ്യതയെ തകർത്തിട്ടുണ്ടെന്നാണ് ഇടപാടുകാരുടെ ആരോപണം. കോൺഗ്രസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പിലിക്കോട് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പുകളിൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റിയും ഡിസിസിയും തികഞ്ഞ മൗനത്തിലാണ്.

LatestDaily

Read Previous

പൊതുസ്ഥലത്ത് തമ്മിലടിച്ചതിന് 5 പേർക്കെതിരെകേസ്

Read Next

പെരിയ കേന്ദ്ര സർവ്വകലാശാല റിട്ട. അധ്യാപകരുടെ വിഹാര കേന്ദ്രം