ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട് : പുലിയന്നൂർ ജാനകി വധക്കേസിൽ പഴുതടച്ച അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത് മുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വരെയുള്ള നടപടികൾ പൂർത്തിയാക്കിയത് നിലവിൽ രാജപുരം പോലീസ് ഇൻസ്പെക്ടർ വി. ഉണ്ണികൃഷ്ണൻ. അന്നത്തെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ, കാഞ്ഞങ്ങാട് ഡിവൈഎസ്പി, കെ. ദാമോദരൻ എന്നിവരായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.
പുലിയന്നൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ റിട്ടയേഡ് അധ്യാപികയായ ജാനകിയെ സ്വന്തം ശിഷ്യർ തന്നെയാണ് മോഷണത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച് കവർച്ചയ്ക്കെത്തിയ സംഘത്തെ ജാനകി തിരിച്ചറിഞ്ഞതാണ് കൊലയ്ക്ക് കാരണം. 2017 ഡിസംബർ 13-ന് രാത്രി പുലിയന്നൂർ ഗ്രാമത്തെ നടുക്കിയ അരുംകൊലയിലെ പ്രതികളെ കണ്ടെത്തിയത് 70 ദിവസത്തിന് ശേഷമാണ്.
പുലിയന്നൂർ ജാനകി വധക്കേസിൽ അന്വേഷണ സംഘം ദിവസങ്ങളോളം ഇരുട്ടിൽ തപ്പുകയായിരുന്നു. അതിഥി തൊഴിലാളികളെയടക്കം അന്വേഷണ സംഘം സംശയിച്ചിരുന്നു. പുലിയന്നൂർ ചീമേനി റൂട്ടിൽക്കൂടി സംഭവ ദിവസം കടന്നുപോയ വാഹനങ്ങളുടെ ലിസ്റ്റെടുത്ത് പോലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരരംഗത്തിറങ്ങുകയും ചെയ്തു. മുഖംമൂടി ധരിച്ചാണ് പ്രതികൾ കവർച്ചയ്ക്കെത്തിയതെന്നതിനാൽ, മുഖംമൂടി വിൽപ്പന നടത്തുന്ന നിരവധി കടകളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ഏറ്റവുമൊടുവിലാണ് പ്രതികൾ മുഖംമൂടി വാങ്ങിയത് നീലേശ്വരത്ത് നിന്നാണെന്ന് കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ, നീലേശ്വരം പോലീസ് ഇൻസ്പെക്ടറായിരുന്ന വി. ഉണ്ണികൃഷ്ണന്റെയും സംഘത്തിന്റെയും കണ്ണിമ ചിമ്മാതെയുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. 2018 ഫെബ്രുവരി 21-നാണ് പുലിയന്നൂർ ജാനകി വധക്കേസിൽ പ്രതികളായ പുലിയന്നൂരിലെ വൈശാഖ് 27, റിനീഷ് 20, അരുൺകുമാർ 25, എന്നിവരെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയ അരുൺകുമാറിനെ നാട്ടിൽ തിരിച്ചെത്തിച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 4 വർഷത്തിലധികമായി പ്രതികൾ 3 പേരും റിമാന്റിലാണ്. കോടതി വെറുെത വിട്ടതോടെ രണ്ടാം പ്രതി റിനീഷ് ജയിൽ മോചിതനാകും. ലോക്കൽ പോലീസിനെ സഹായിക്കാൻ അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, എം. പ്രദീപ്കുമാർ, ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സി.കെ. സുനിൽകുമാർ, സി.ഏ. അബ്ദുൾ റഹീം എന്നിവരുമുണ്ടായിരുന്നു. 154 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 60,000 മൊബൈൽ ഫോൺ നമ്പറുകളും പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ മൂന്നുപേരും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
രണ്ട് പ്രതികൾക്ക് ജീവപര്യന്തം 17 വർഷം തടവും പിഴയും
കാസർകോട് : ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂർ ചീർക്കുളം പുതിയവീട്ടിൽ വിശാഖ് 27, മൂന്നാം പ്രതി മക്ക്ലികോട് അള്ളറാട് വീട്ടിൽ അരുൺ 30, എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്ന് ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് ഇരു പ്രതികളും. 2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.
സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്ടിച്ചു.
അന്വേഷണത്തിനൊടുവിൽ പ്രദേശവാസികളായ റെനീഷ്, അരുണ്‍, വൈശാഖ് എന്നിവരെ പോലീസ് പിടികൂടി. ഒന്നാം പ്രതി വൈശാഖിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം വിൽപ്പന നടത്തിയതിന്റെ ബിൽ ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അങ്ങനെയാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. കൃഷ്ണന്‍റെ കൈകള്‍ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡിഎന്‍എ ഫലവും സഹായകരമായി. 2019 ഡിസംബറില്‍ തന്നെ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ജഡ്ജിമാര്‍ മാറിയതും കോവിഡ് പ്രതിസന്ധിയും കാരണം വിധി പ്രസ്താവം വൈകുകയായിരുന്നു.