കല്ല്യോട്ട് വീണ്ടും സംഘർഷ ഭീതി

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ട് സിപിഎം പ്രവർത്തകനെ കോൺഗ്രസ്  പ്രവർത്തകർ ആക്രമിച്ചതോടെ പ്രദേശത്ത് വീണ്ടും രാഷ്ട്രീയ സംഘർഷ ഭീതി ഉടലെടുത്തു. കൃപേഷ്-ശരത് ലാൽ വധത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം ഇത്തവണ കോൺഗ്രസാണ് സംഘർഷത്തിന് വിത്തിട്ടത്.

കല്ല്യോട്ട് ടാപ്പിങ്ങ് ജോലിയെടുക്കുന്ന പരപ്പ കോളിയാറിലെ മുല്ലൂർ ബെന്നി എന്ന എം.കെ. ദേവസ്യയെയാണ് ചൊവ്വാഴ്ച രാത്രി കോൺഗ്രസ് പ്രവർത്തകരായ കല്ല്യോട്ടെ  കുമാരന്റെ മകൻ അനീഷ്, കൊട്ടന്റെ മകൻ മണികണ്ഠൻ എന്നിവർ ചേർന്ന് തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിച്ചത്.

ടാപ്പിങ്ങ് ജോലിക്ക് ശേഷം കല്ല്യോട്ടെ സിപിഎം പ്രവർത്തകൻ വത്സരാജിന്റെ കടയിൽ സാധനങ്ങൾ തൂക്കിക്കൊടുക്കുന്ന ജോലി  ചെയ്തിരുന്ന ബെന്നിയെ കോൺഗ്രസ് പ്രവർത്തകർ നോട്ടമിട്ടിരുന്നു. ബെന്നി കോളിയാറിലെ സജീവ സിപിഎം പ്രവർത്തകനാണെന്ന വിവരം പ്രദേശവാസിയായ യൂത്ത് കോൺഗ്രസ് നേതാവാണ് കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകരെ അറിയിച്ചത്.

രാത്രി താമസ സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെയാണ് ബെന്നിയെ കോൺഗ്രസ് പ്രവർത്തകർ  തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി  ആക്രമിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കല്ല്യോട്ട് കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ ഫേസ്ബുക്ക് യുദ്ധം മൂർധന്യാവസ്ഥയിലെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് പ്രവർത്തകർ  സിപിഎം പ്രവർത്തകനെ ആക്രമിച്ചതെന്നത് ഗൗരവതരമായാണ് പോലീസ് കണക്കാക്കുന്നത്.

കല്ല്യോട്ട് കോൺഗ്രസ് പ്രവർത്തകനു നേരെ ഇന്റർനെറ്റ് കോൾ വഴി വധഭീഷണി ഉണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കല്ല്യോട്ട് സിപിഎം പ്രവർത്തകന് നേരെ ആക്രമമുണ്ടായത്.

ബെന്നിയെ ആക്രമിച്ചവർക്കെതിരെ ബേക്കൽ പോലീസ്  നരഹത്യാശ്രമത്തിന്  കേസെടുത്തു.

കല്ല്യോട്ട് സ്വദേശിയായ ദീപുവിന്  നേരെ വിദേശത്തു നിന്നും ഇന്റർനെറ്റ് കോൾ വഴി വധഭീഷണിയുണ്ടായ സംഭവത്തിൽ  ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം സൈബർ സെല്ലിന്  കൈമാറിയിട്ടുണ്ട്.

LatestDaily

Read Previous

കോവിഡ് : എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Read Next

ദേവകി കൊലക്കേസിൽ വീണ്ടും അന്വേഷണം