ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മടിക്കൈ പ്രദേശത്തെ ഒരുമാസത്തോളം ഭയപ്പാടിന്റെ മുൾമുനയിൽ നിർത്തിയ കവർച്ചക്കാരൻ കറുകൻ അശോകൻ തട്ടിയെടുത്ത സ്വർണ്ണാഭരണങ്ങൾ വിറ്റത് കണ്ണൂരിലെ ജ്വല്ലറിയിൽ. വീട്ടമ്മ മടിക്കൈ കറുക വളപ്പിൽ താമസിക്കുന്ന വിജിതയുടെ 34, വീട്ടിൽ രണ്ടുമാസം മുമ്പ് പട്ടാപ്പകൽ കയറി അശോകൻ യുവതിയെ മരക്കമ്പുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം അപഹരിക്കപ്പെട്ട സ്വർണ്ണാഭരണങ്ങൾ കണ്ണൂർ ടൗണിലെ ജ്വല്ലറിയിലാണ് വിറ്റതെന്ന് അശോകൻ വെളിപ്പെടുത്തിയിട്ടുണ്ട്.
വിജിതയുടെ സ്വർണ്ണമാലയും കമ്മലുമടക്കം രണ്ടു പവനിൽ താഴെ വരുന്ന സ്വർണ്ണാഭരണങ്ങളാണ് സംഭവ ദിവസം പ്രതി അശോകൻ ബലമായി കവർന്നെടുത്തത്. അന്ന് പകൽ തന്നെ സ്വർണ്ണാഭരണങ്ങളുമായി നീലേശ്വരം വഴി ബസ്സിൽ കണ്ണൂരിലെത്തിയ ശേഷം സ്വർണ്ണാഭരണങ്ങൾ ജ്വല്ലറിയിൽ വിൽപ്പന നടത്തി കിട്ടിയ പണവുമായാണ് അശോകൻ തൃശ്ശൂരിലേക്കും പിന്നീട് കോയമ്പത്തൂരിലേക്കും കടന്നത്. കോയമ്പത്തൂരിൽ പല സ്ഥലങ്ങളിലും ജോലിതേടിയെങ്കിലും ഒന്നും തരപ്പെടാത്തതിനാൽ പിന്നീട് എറണാകുളത്തെത്തി കൈയിലുണ്ടായിരുന്ന സെൽഫോൺ വിൽക്കാൻ കൊച്ചി മറൈൻഡ്രൈവിലുള്ള ചെറിയൊരു മൊബൈൽ വിൽപ്പനക്കടയിൽ കയറിയപ്പോഴാണ് അശോകൻ മടിക്കൈയിൽ നിന്ന് കൊച്ചിക്ക് ഉല്ലാസ യാത്ര പോയ യുവാക്കളുടെ ശ്രദ്ധയിൽ ചെന്നുപെട്ടത്.
വീട്ടമ്മ വിജിത ഉപയോഗിച്ചിരുന്ന സെൽഫോൺ സംഭവ ദിവസം അശോകൻ കൈക്കലാക്കിയിരുന്നു. ഈ ഫോൺ വിജിതയുടെ വീട്ടുപരിസരത്തു തന്നെ എറിഞ്ഞുടച്ചുവെന്നാണ് അശോകൻ പോലീസിനോട് പറഞ്ഞതെങ്കിലും ഇക്കാര്യം അത്രകണ്ട് വിശ്വസനീയമല്ല. ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയിലുള്ള കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ അശോകന് വേണ്ടിയുള്ള ഹൊസ്ദുർഗ് പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല.
പബ്ലിക് പ്രോസിക്യൂട്ടർ ഇല്ലാത്തതിനാലാണ് ന്യായാധിപൻ പോലീസ് ഹരജി ഇന്നലെ മാറ്റി വെച്ചത്. ഇന്ന് ഉച്ചയോടെ ഹരജി പരിഗണിച്ചാൽ അശോകനെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കും. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ആദ്യം മടിക്കൈ കറുകവളപ്പിൽ താമസിക്കുന്ന വീട്ടമ്മ വിജിതയുടെ വീട്ടിൽ പോലീസ് അശോകനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അശോകൻ വിൽപ്പന നടത്തിയെന്ന് പറയുന്ന വിജിതയുടെ സ്വർണ്ണാഭരണങ്ങൾ വീണ്ടെടുക്കാൻ അശോകനെ കണ്ണൂരിലെ ജ്വല്ലറിയിലേക്കും കൊണ്ടുപോകേണ്ടതുണ്ട്.
അമ്പലത്തറ പോലീസിനും തെളിവെടുപ്പിന് പ്രതി കറുകൻ അശോകനെ കസ്റ്റഡിയിൽ ആവശ്യമുണ്ട്. തായന്നൂർ വില്ലേജിൽ കറുക വളപ്പിന്റെ കിഴക്കേയറ്റത്ത് താമസിക്കുന്ന കർഷകൻ പ്രഭാകരന്റെ വീട്ടിൽ നിന്ന് പുലർക്കാലം സ്വർണ്ണമാലയും സെൽഫോണും അശോകൻ മോഷ്ടിച്ച കേസ്സ് അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ തൊണ്ടിമുതലായ സ്വർണ്ണമാലയും സെൽഫോണും കണ്ടെത്തേണ്ടതുണ്ട്. അശോകനെ ജയിലിൽ നിന്ന് ഏറ്റുവാങ്ങി മടിക്കൈയിൽ തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ ഹൊസ്ദുർഗ്ഗ് പോലീസ് ഇതിനകം നടത്തിക്കഴിഞ്ഞു. അശോകനെ നേരിൽക്കാണാൻ മടിക്കൈയിൽ നാട്ടുകാർ തിങ്ങിക്കൂടുമെന്ന് പോലീസ് കരുതുന്നു.