ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച അസിസ്റ്റന്റ് മാനേജരെ ബാങ്ക് ഭരണ സമിതി സസ്പെന്റ് ചെയ്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലാണ് പണയ ഉരുപ്പടികൾ കാണാതായത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 3 പായ്ക്കറ്റ് സ്വർണ്ണ ഉരുപ്പടികൾ മോഷ്ടിച്ച അസിസ്റ്റന്റ് മാനേജർ പിലിക്കോട് രയരമംഗലത്തെ കെ. രഘുനാഥിനെയാണ് ഭരണ സമിതി സസ്പെന്റ് ചെയ്തത്.
ഈ മാസം ആദ്യം ബാങ്കിൽ നടന്ന ഓഡിറ്റ് പരിശോധനയിലാണ് ബാങ്കിലെ പണയ ഉരുപ്പടികൾ കാണാതായ വിവരം പുറത്തു വന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ രഘുനാഥ് സ്വർണ്ണാഭരണം തട്ടിയെടുത്തതായി സ്ഥിരീകരിച്ചു. കാലിക്കടവ് ശാഖയിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നാണ് അസിസ്റ്റന്റ് മാനേജർ സ്വർണ്ണം മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ബാങ്ക് പ്രസിഡണ്ടും ഡയരക്ടർമാരും സംഭവം ഇരുചെവിയറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും, ബാങ്കിലെ മറ്റ് ജീവനക്കാർ പ്രതിഷേധവുമായി രംഗത്തുവന്നു.
രഘുനാഥിന്റെ തൃക്കരിപ്പൂരിലെ ബന്ധുവിന്റെ സഹായത്തോടെ തട്ടിയെടുത്ത സ്വർണ്ണം ബാങ്ക് പ്രസിഡന്റ് ഏ.വി. ചന്ദ്രനെ തിരിച്ചേൽപ്പിച്ചതായി രഹസ്യ വിവരമുണ്ട്. രഘുനാഥിനെതിരെ നടപടി വേണമെന്ന് ഭൂരിപക്ഷം ജീവനക്കാരും ചില ഡയരക്ടർമാരും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്. ബാങ്ക് പ്രസിഡണ്ട് കെ. രഘുനാഥിൽ നിന്നും ഒഴിഞ്ഞ മുദ്രപത്രത്തിൽ രഹസ്യമായി ഒപ്പ് വാങ്ങിച്ചതായും സൂചനയുണ്ട്.
പണയ ഉരുപ്പടികൾ അസിസ്റ്റന്റ് മാനേജർ തട്ടിയെടുത്ത വിഷയത്തിൽ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കഴിഞ്ഞ ദിവസം പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ പരിശോധന നടത്തിയിരുന്നു. നാളെ പിലിക്കോട് സഹകരണ ബാങ്കിന്റെ കരപ്പാത്തെ ഹെഡ് ഓഫീസിൽ നടക്കുന്ന ബാങ്ക് ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും. പണയ ഉരുപ്പടികൾ തട്ടിയെടുത്ത അസിസ്റ്റന്റ് മാനേജരെ ഡിസ്മിസ് ചെയ്യണമെന്ന ആവശ്യവും യോഗത്തിലുയരാൻ സാധ്യതയുണ്ട്. സ്വർണ്ണത്തട്ടിപ്പിനെക്കുറിച്ചന്വേഷിക്കാൻ അന്വേഷണക്കമ്മീഷനെ നിയമിക്കുമെന്നും സൂചനയുണ്ട്.
പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നടന്ന മുക്കുപണ്ടത്തട്ടിപ്പിന്റെ വിചാരണ നടപടികൾ കോടതിയിൽ നടക്കുന്നതിനിടെയാണ് സ്ഥാപനത്തെ നാണക്കേടിലാക്കി വീണ്ടും സ്വർണ്ണത്തട്ടിപ്പ് നടന്നത്. മുക്കാൽക്കോടി രൂപയുടെ മുക്കുപണ്ടപണയത്തട്ടിപ്പാണ് 5 വർഷങ്ങൾക്ക് മുമ്പ് പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിൽ നടന്നത്. പണയ ഉരുപ്പടികൾ തട്ടിയെടുത്ത രഘുനാഥിനെതിരെ നടപടിയുണ്ടാവില്ലെന്ന് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുവഴി സ്വർണ്ണം പ്രസിഡണ്ടിനെ തിരിച്ചേൽപ്പിച്ചതെങ്കിലും, മറ്റ് ജീവനക്കാരുടെ ഉറച്ച നിലപാടാണ് രഘുനാഥിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്.