ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മടിക്കൈ നാടിനെ ഒരുമാസം മുൾമുനയിൽ നിർത്തിയ കവർച്ചക്കാരൻ കറുകൻ അശോകനെ 34, നാളെ ഹൊസ്ദുർഗ്ഗ് പോലീസ് മടിക്കൈയിൽ തെളിവെടുപ്പിന് എത്തിക്കും. ഹൊസ്ദുർഗ്ഗ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതി അശോകനെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കാനുള്ള അപേക്ഷ പരിഗണിക്കുന്നത്.
കൊച്ചി മറൈൻ ഡ്രൈവിൽ കഴിഞ്ഞ ദിവസം മടിക്കൈ സ്വദേശികളായ യുവാക്കൾ യാദൃശ്ചികമായി കണ്ടെത്തുകയും, എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിലെടുക്കുകയും ചെയ്ത അശോകൻ ഇപ്പോൾ തോയമ്മൽ ജില്ലാ ജയിലിൽ റിമാന്റ് തടവിലാണ്. നാളെ രാവിലെ ജയിലിൽ നിന്ന് ഏറ്റുവാങ്ങുന്ന പ്രതി അശോകനെ ഉച്ചയോടെ മടിക്കൈ കറുകവളപ്പ് പ്രദേശത്ത് എത്തിച്ച് തെളിവെടുക്കും.
അശോകന്റെ ആക്രമണത്തിനിരയായ വീട്ടമ്മ വിജിതയുടേതടക്കമുള്ള വീടുകളിൽ അശോകനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. പ്രതി അശോകനെ കാണാൻ പ്രദേശത്ത് നാട്ടുകാർ കൂട്ടത്തോടെ എത്തുമെന്ന് ഉറപ്പായതിനാൽ, കനത്ത പോലീസ് ബന്തവസ്സിലായിരിക്കും പ്രതിയെ പ്രദേശത്ത് കൊണ്ടുപോകുക. വീട്ടമ്മ വിജിതയുടെ തലക്കടിച്ച് വീഴ്ത്തി സ്വർണ്ണമാലയും, കമ്മലും മറ്റും അശോകൻ കവർന്നെടുത്തിരുന്നു.
കർഷകൻ പ്രഭാകരന്റെ വീട്ടിൽ പുലർകാലം കയറിയ അശോകൻ സ്വർണ്ണമാലയും സെൽഫോണും മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വിജിതയെ തലയ്ക്കടിച്ച് വീഴ്ത്തിയ ദിവസം പകൽ തന്നെ സ്വർണ്ണാഭരണങ്ങളും മറ്റുമായി അശോകൻ നീലേശ്വരത്ത് നിന്ന് ബസ്സ് കയറി കോഴിക്കോട്ടേയ്ക്കും, പിന്നീട് തൃശ്ശൂരിലും, അ വിടുന്ന് കോയമ്പത്തൂരിലേക്കും കടക്കുകയായിരുന്നു.
വിജിതയുടെ വീട്ടിൽ പട്ടാപ്പകൽ കയറിയത് ഭക്ഷണത്തിനാണെന്നാണ് പിടിയിലായ അശോകൻ പോലീസിനോട് പറഞ്ഞത്. അശോകൻ വിറ്റഴിച്ചുവെന്നു കരുതുന്ന തൊണ്ടിമുതലുകൾ വീണ്ടെടുക്കേണ്ടതുണ്ട്. സ്വർണ്ണാഭരണങ്ങൾ എവിടെയാണ് വിറ്റഴിച്ചതെന്ന് അശോകൻ ഇനിയും പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.