കാഞ്ഞങ്ങാട്ടെ ക്വട്ടേഷൻ ആക്രമണക്കേസിൽ കസ്റ്റഡി പ്രതികളെ പോലീസ് കോടതിക്ക് നൽകി

കാഞ്ഞങ്ങാട്: പട്ടാപ്പകൽ വീട്ടിൽക്കയറി അഞ്ചംഗ ക്വട്ടേഷൻ സംഘം ഗൃഹനാഥനെയും ഭാര്യയേയും ഭീഷണിപ്പെടുത്തി ബന്ധികളാക്കി വീട്ടിൽ നിന്ന് 40 പവൻ സ്വർണ്ണാഭരണങ്ങളും ഇന്നോവ കാറും തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഹോസ്ദുർഗ് പോലീസ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ രണ്ടുപ്രതികളെ അന്വേഷണത്തിന് ശേഷം കോടതിക്ക് തിരിച്ചേൽപ്പിച്ചു. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കന്ററി സ്കൂൾ റോഡിൽ താമസിക്കുന്ന  മുൻപ്രവാസി ദേവദാസിന്റെ വീട്ടിലാണ് 2021 നവംബർ 12- ന് ഉച്ചയ്ക്ക് 12 മണിക്ക് അഞ്ചംഗ ക്വട്ടേഷൻ സംഘം അതിക്രമിച്ചുകയറി സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച ശേഷം വീടിന് പുറത്തുനിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ രക്ഷപ്പെട്ടത്.

ദേവദാസിന് മറ്റൊരാളുമായുണ്ടായ പണമിടപാടിൽ കിട്ടാനുള്ള പണത്തിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത പ്രതികൾ പട്ടാപ്പകൽ ദേവദാസിന്റെ വീട്ടിൽക്കയറി കത്തികാട്ടി വീട്ടുടമയേയും  ഭാര്യയേയും  ബന്ദികളാക്കിയാണ് 40 പവൻ സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടത്. കേസ്സിൽ ഒന്നാം പ്രതി പുല്ലൂർ മന്നാടി വീട്ടിൽ കൃഷ്ണൻ മകൻ രാജേന്ദ്രപ്രസാദ് 42, രണ്ടാം പ്രതി അമ്പലത്തറ കോട്ടപ്പാറ ദീൻദയാൽ കോളനിയിൽ താമസിക്കുന്ന ചന്ദ്രൻ മകൻ മുകേഷ് 35,  മൂന്നാംപ്രതി തായന്നൂർ അഞ്ചാംമൈലിൽ താമസക്കാരനായ കർത്തമ്പുവിന്റെ മകൻ ദാമോദരൻ 40, നാലാംപ്ര തി കല്ല്യാൺ റോഡിൽ ഉണ്ണിപ്പീടികയിൽ താമസിക്കുന്ന പ്രഭാകരന്റെ മകൻ ഓട്ടോഡ്രൈവർ അശ്വിൻ 23, അഞ്ചാം പ്രതി പറക്കളായി വാണിയംവളപ്പിൽ കുഞ്ഞിക്കണ്ണന്റെ മകൻ കെ. സുരേഷ് 43, എന്നിവരാണ്.

ക്വട്ടേഷൻ ആക്രമണത്തിന് ശേഷം കേസ്സിലെ 5 പ്രതികളും പോലീസിനെ വെട്ടിച്ച് നാട്ടിൽ നിന്ന് മുങ്ങുകയും തലശ്ശേരി, മംഗളൂരു, മടിക്കൈ, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പാർക്കുകയും ചെയ്തു. ദേവദാസിന്റെ വീട്ടിൽ നിന്ന് കൊള്ളയടിച്ച നാൽപ്പതുപവൻ സ്വർണ്ണം പ്രതികൾ 4 മാസത്തിനകം വിറ്റുതുലച്ചു. വീട്ടിൽ നിന്ന് മോഷ്ടിച്ച ഇന്നോവ കാർ പ്രതികൾ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന്  ഒരാഴ്ചയ്ക്കകം കണ്ടെടുത്തിരുന്നു. പ്രതികളിൽ പറക്കളായി സുരേഷ് വി.എച്ച്.പി പ്രവർത്തകനും നേരത്തെ നടന്ന ഒരു കൊലക്കേസിൽ പ്രതിയുമാണ്.

ഒന്നും മൂന്നും, അഞ്ചും പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ മുകേഷ് മാവുങ്കാൽ പുതിയകണ്ടത്ത് പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതിയാണ്. രണ്ടാം പ്രതി മുകേഷും, നാലാംപ്രതി അശ്വിനും നാലുമാസം ഒളിവിൽക്കഴിഞ്ഞ ശേഷം ഒരാഴ്ച മുമ്പ് പോലീസിൽ കീഴടങ്ങുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം പ്രതികളെ ഇന്നലെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

LatestDaily

Read Previous

ഫുട്ബോൾ കളിക്കിടെ  യുവാവ്‌ മരണപ്പെട്ടു

Read Next

സാനിറ്റൈസര്‍ കഴിച്ച് നെല്ലിക്കാട് സ്വദേശി മരിച്ചു