ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നാലുമണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിൽവേ കേരളത്തിന്റെ വികസനത്തിന് വൻകുതിപ്പാവും. നിലവിൽ പതിമ്മൂന്നര മണിക്കൂറെടുക്കുന്ന ട്രെയിൻ യാത്രയുടെ സമയം കുറയുക മാത്രമല്ല 63,941കോടി മുതൽമുടക്കുള്ള അതിവേഗ ഇരട്ടപ്പാതയുടെ ഗുണം. ലോകനിലവാരത്തിലുള്ള സ്റ്റേഷനുകളോട് ചേർന്ന് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പാർപ്പിട സമുച്ചയങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, ഐ.ടി പാർക്കുകൾ എന്നിവയുൾപ്പെട്ട പത്ത് ഉപഗ്രഹനഗരങ്ങൾ (സാറ്റലൈറ്റ് സിറ്റി) ഉയരുന്നതോടെ നമ്മുടെ നഗരങ്ങൾ വികസിക്കും. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം,കാക്കനാട്, തൃശൂർ,തിരൂർ, കോഴിക്കോട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് ഉപഗ്രഹനഗരങ്ങൾ വരുന്നത്. ചരക്കുലോറികൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ–റോ(റോൾ ഓൺ റോൾ ഓഫ്) സർവീസ് വ്യവസായ- വാണിജ്യ മേഖലകളിലെല്ലാം കുതിപ്പാവും.
ചെറുനഗരങ്ങളിൽ 27ഫീഡർസ്റ്റേഷനുകൾക്ക് പുറമെ, ദേശീയപാതയിൽനിന്ന് സെമി-ഹൈസ്പീഡ് റെയിൽവേ സ്റ്റേഷനുകളിലേക്ക് കണക്ടിവിറ്റിയും വരുന്നതോടെ നഗരവാസികൾ അല്ലാത്തവർക്കും അതിവേഗ യാത്രയുടെ ഗുണം കിട്ടും. തിരുവനന്തപുരം കൊച്ചുവേളിയിലെ ഹെസ്പീഡ് സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 4.35കിലോമീറ്ററിൽ എക്സ്റ്റൻഷൻലൈൻ സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ഫീഡർ സ്റ്റേഷനുമുണ്ട്. കൊച്ചി വിമാനത്താവളത്തിലുമുണ്ട് സ്റ്റേഷൻ. വിമാനത്തിലിറങ്ങി ട്രെയിനിൽ കയറി വീട്ടിലേക്ക് പോകാവുന്ന ഗതാഗത സംവിധാനമാവും ഭാവിയിലുണ്ടാവുണ്ടാവുക. ഉപഗ്രഹനഗരങ്ങളോടനുബന്ധിച്ച് വൈദ്യുതി വാഹനങ്ങളുടെ പൊതുഗതാഗത ശൃംഖലയുണ്ടാവും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവുമുണ്ടാവും. കൊച്ചുവേളിയിൽ ഒരുസമയം ആയിരം കാറുകൾക്ക് പാർക്കിംഗിന് സൗകര്യമൊരുങ്ങും. എല്ലാ സ്റ്റേഷനുകളിലും ഇത്തരം സംവിധാനങ്ങളുണ്ടാവും.
അതിവേഗ റെയിലിന് കേന്ദ്രാനുമതി കിട്ടാനിരിക്കുന്നതേയുള്ളൂവെങ്കിലും പണം മുടക്കാൻ അന്താരാഷ്ട്ര ഏജൻസികൾ റെഡിയാണ്. മുഖ്യമന്ത്രി പിണറായിവിജയൻ ജപ്പാൻ സന്ദർശിച്ചപ്പോൾ ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായും (ജൈക്ക) ഹ്യുണ്ടായിയുമായും ചർച്ചനടത്തിയിരുന്നു. ഇരുവരും സഹകരണസന്നദ്ധത അറിയിച്ചിട്ടുണ്ട്. ചൈനയിലെ ബെയ്ജിംഗ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ.ഐ.ഐ.ബി), ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻ.ഡി.ബി), ഫ്രഞ്ച് വികസന ബാങ്ക് (എ.എഫ്.ഡി), ഏഷ്യൻ വികസനബാങ്ക് (എ.ഡി.ബി),ജർമ്മൻബാങ്ക്, ലോകബാങ്ക് എന്നിവയും പദ്ധതിക്ക് പണം വാഗ്ദാനം ചെയ്തു. ഇതിൽ ജൈക്കയ്ക്ക് മാത്രമാണ് ഒരു ബില്യൺ ഡോളറിനു മുകളിൽ (7100കോടിരൂപ) ഒറ്റവായ്പ നൽകാനാവുന്നത്. പക്ഷേ, റെയിൽപാതയുടെ പ്രധാനപ്പെട്ട ഉപകരണങ്ങളും സിഗ്നലിംഗ് സംവിധാനവും ജപ്പാൻ കമ്പനികളിൽ നിന്ന് വാങ്ങണമെന്ന് ജൈക്ക വ്യവസ്ഥയുണ്ടാക്കും. 0.2മുതൽ 0.5ശതമാനം വരെയാണ് ജൈക്കയുടെ പലിശനിരക്ക്.
ഡോളർവിനിമയനിരക്കിലെ വ്യതിയാനം കണക്കാക്കുമ്പോൾ ഇത് 6ശതമാനം വരെയാവും. 20മുതൽ 30വർഷം വരെ തിരിച്ചടവ് കാലാവധിയും 10വർഷംവരെ മൊറട്ടോറിയവും ലഭിക്കാം. മറ്റ് ഏജൻസികൾക്ക് ഒരു ബില്യൺ ഡോളർ വരെയേ വായ്പ നൽകാനാവൂ. പക്ഷേ റെയിൽ കോച്ചുകളും സിഗ്നലുകളുമടക്കം എവിടെനിന്നും വാങ്ങാം. കുറഞ്ഞ പലിശനിരക്കിൽ പല ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനാണ് കേരളം ഒരുങ്ങുന്നത്. ഹൈസ്പീഡ് റെയിലിന് 33,700കോടിയാണ് വിദേശവായ്പയെടുക്കേണ്ടത്.
ട്രെയിൻ കമ്പനി, പ്രവാസി ഓഹരി
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവള കമ്പനിയുടെ മാതൃകയിൽ സെമി-ഹൈസ്പീഡ് റെയിലിനും കമ്പനിയുണ്ടാവും. ഇതിൽ പ്രവാസികൾക്ക് ഓഹരിയെടുക്കാം. സർക്കാർ ഗ്യാരന്റിയിൽ നിക്ഷേപം നടത്തിയാൽ ലാഭവിഹിതം കൃത്യമായി നൽകും. സംസ്ഥാനത്തെ ബാങ്കുകളിൽ 1.54ലക്ഷംകോടിയുടെ പ്രവാസി നിക്ഷേപമുണ്ട്. പ്രതിവർഷം 11500കോടിയുടെ വർദ്ധനവുമുണ്ട്. സെമി-ഹൈസ്പീഡ് റെയിലിൽ പ്രവാസിപങ്കാളിത്തം തേടി ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപകസമ്മേളനങ്ങൾ നടത്താനിരിക്കെയാണ് കൊവിഡിന്റെ താണ്ഡവമുണ്ടായത്. നേരത്തേ, പദ്ധതിക്ക് 7720കോടിയുടെ ഓഹരിയും സാങ്കേതികസഹായവും വാഗ്ദാനംചെയ്തിരുന്ന റെയിൽവേ ഓഹരിവിഹിതം കുറച്ച് വിദേശവായ്പ കൂട്ടണമെന്ന നിർദ്ദേശം ഇപ്പോൾ മുന്നോട്ടുവച്ചിട്ടുണ്ട്. റെയിൽവേയുടെ വിഹിതം കുറച്ചാൽ സംസ്ഥാനത്തിന്റെ വിഹിതവും കുറയ്ക്കണം. പ്രവാസിനിക്ഷേപം ആകർഷിച്ച് ഇതിന് പരിഹാരമുണ്ടാക്കും.
ഭൂമി എന്ന വെല്ലുവിളി
അതിവേഗ ട്രെയിനോടിക്കാനുള്ള ഇരട്ടപ്പാത പണിയാൻ 1226.45ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 20 മുതൽ 25 മീറ്റർ വീതിയിലാണ് ഭൂമിയേറ്റെടുക്കുക. നാലുവരി ദേശീയപാത 45 മീറ്ററിലാണ്. ഇതിന്റെ പകുതി വിസ്തൃതിയിലുള്ള ഭൂമി മാത്രമേ സെമി-ഹൈസ്പീഡ് റെയിൽവേക്കായി ഏറ്റെടുക്കൂ. ഏറ്റെടുക്കേണ്ടതിൽ 1074.19 ഹെക്ടർ സ്വകാര്യഭൂമിയും 107.98 ഹെക്ടർ സർക്കാർ ഭൂമിയുമാണ്. 200 ഹെക്ടർ റെയിൽവേയുടെ കൈവശത്തിലുള്ള ഭൂമിയാണ്. ഇതിന്റെ വിലയായ 900കോടി അതിവേഗറെയിലിൽ റെയിൽവേയുടെ ഓഹരിയാക്കും. 200കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കേണ്ടതിനാൽ പാളങ്ങൾക്ക് വളവുകൾ ഒഴിവാക്കും. പരമാവധി ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാതയ്ക്കായി സ്ഥലമെടുക്കുക. 1226ഹെക്ടർ ഭൂമിയേറ്റെടുക്കാൻ സംസ്ഥാനം 8656കോടി മുടക്കേണ്ടതുണ്ട്.
ഈതുക ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും. 20വർഷം കാലാവധിയും ബാങ്ക്പലിശയേക്കാൾ കുറവുമുള്ള ഹഡ്കോ വായ്പയെടുക്കാൻ ചർച്ച തുടങ്ങിയിട്ടുണ്ട്. ഭൂമിനൽകുന്നവർക്ക് ആകർഷകമായ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനം പദ്ധതിപൂർത്തിയാകുമ്പോൾ 11,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. നിർമ്മാണസമയത്ത് പ്രതിവർഷം അരലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. റെയിൽപാതയ്ക്കൊപ്പം സർവീസ് റോഡുകളുമുള്ളതിനാൽ ഭൂമിവില വർദ്ധിക്കും. കേന്ദ്രാനുമതി നേടിയെടുത്ത് ഭൂമിയേറ്റെടുക്കൽ ഉടൻ തുടങ്ങാനാണ് സർക്കാർ ശ്രമം.