ഹോട്ടലുകൾ ജാഗ്രത കാണിക്കണം

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശമെങ്കിലും, ജില്ലയിൽ ഈ നിർദ്ദേശങ്ങളെല്ലാം ഏട്ടിലെ പശുവിനെപ്പോലെയാണെന്ന് പറയേണ്ടിവരും. ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഭക്ഷണ വിതരണം നടക്കുന്നത് യാതൊരു ആരോഗ്യസുരക്ഷാ മുൻകരുതലും ഇല്ലാതെയാണ്. ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ ജാഗ്രതക്കുറവ്  ശ്രദ്ധിച്ചാൽ മാത്രം മതി, ഹോട്ടലുടമകൾ എത്രകണ്ട് ലാഘവത്തോടെയാണ് ഈ കോവിഡ് കാലത്തും കച്ചവടം നടത്തുന്നതെന്ന് മനസ്സിലാക്കാൻ. ഹോട്ടലുകളിൽ ഇപ്പോഴും ചായ വിതരണം നടക്കുന്നത് ചില്ലു ഗ്ലാസുകളിലാണ്. ശരിയായ വിധത്തിൽ അണുവിമുക്തമാക്കാതെയാണ് ഈ ഗ്ലാസ്സുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത്. ഒരാൾ ചുണ്ടിൽ വെച്ച് ഉപയോഗിച്ച ഗ്ലാസിൽ മറ്റൊരാൾക്ക് ചായ കൊടുക്കുമ്പോൾ ഓരോ തവണയും അണുവിമുക്തമാക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്.

ഇതിന് പരിഹാരം ഡിസ്പോസിബിൾ പാത്രങ്ങളിൽ ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യുക എന്നത് മാത്രമാണ്. ഹോട്ടലുകളിലെത്തുന്നവർക്ക് ഡിസ്പോസിബിൾ പാത്രങ്ങളിൽ ഭക്ഷണ വസ്തുക്കൾ വിളമ്പുന്നത് നഷ്ടമാണെന്നതിനാലാണ് ഹോട്ടലുടമകൾ പഴയ രീതിയിൽത്തന്നെ ഇപ്പോഴും ഭക്ഷണം വിളമ്പുന്നത്. ഈ വിഷയത്തിൽ ആരോഗ്യപ്രവർത്തകരാണ് മതിയായ ശ്രദ്ധ പുലർത്തേണ്ടത്. ഹോട്ടലുകളിലെ ഭക്ഷണ വിതരണത്തിന് ആരോഗ്യ പ്രവർത്തകർ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അപകടമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴി വെയ്ക്കാൻ സാധ്യതയുണ്ട്. ഹോട്ടൽ വ്യാപാരം നടത്തുന്നവരും സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പഴയ കച്ചവട സംസ്ക്കാരത്തിൽ നിന്നും മാറി കുറേക്കൂടി വൃത്തിയിലും വെടിപ്പിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യേണ്ടതാണ്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നത് ചിലപ്പോൾ രോഗവാഹകർ ആയേക്കാം എന്ന മുൻകരുതലാണ് ഓരോ ഹോട്ടൽ വ്യാപാരിയും പുലർത്തേണ്ടത്.

LatestDaily

Read Previous

ബിജെപി ഇടപെടല്‍ വിജയം കണ്ടു; റോഡിലിട്ട മണ്ണ് നീക്കാന്‍ കര്‍ണ്ണാടക മന്ത്രിയുടെ ഉത്തരവ്

Read Next

അ​തി​വേ​ഗ​ ​റെ​യി​ലി​ൽ​ ​കേ​ര​ള​ത്തി​ന് ​കു​തി​പ്പ്