മടിക്കൈയിൽ ഗണപതി ക്ഷേത്ര നിർമ്മാണത്തിനും ലോട്ടറി

നൂഞ്ഞി പ്രദേശത്താണ് ഗണപതി ക്ഷേത്രം പുനഃരുദ്ധരിക്കുന്നത്

കാഞ്ഞങ്ങാട് : ഡിവൈഎഫ്ഐ നടത്തിയ ലോട്ടറിക്ക് പിന്നാലെ പാർട്ടി ഗ്രാമമായ മടിക്കൈയിൽ ഗണപതിയാർ ക്ഷേത്രം പുനരുദ്ധരിക്കാൻ രണ്ടുകോടി രൂപയുടെ ഒറ്റത്തവണ ലോട്ടറി. മടിക്കൈ നൂഞ്ഞി പ്രദേശത്താണ് മടിക്കൈയിലും, കാഞ്ഞങ്ങാട്ടുമുള്ള ചില നാട്ടുപ്രമാണിമാർ സംഘടിച്ച് ആയിരം രൂപയുടെ ഒറ്റത്തവണ ചിട്ടിക്ക് രൂപം നൽകിയിട്ടുള്ളത്.

ശ്രീ വിഘ്നേശ്വരനെ ബാലാലയത്തിൽ പ്രതിഷ്ഠിച്ച ശേഷം മടിക്കൈ നാടിനും നാട്ടുകാർക്കും സർവ്വൈശ്വര്യവും മനസ്സമാധാനവും കൈവന്നുവെന്ന്, മടിക്കൈ നൂഞ്ഞി ശ്രീ ഗണപതിയാർ ക്ഷേത്രത്തിന്റെ പേരിൽ നടത്തുന്ന ചിട്ടിയിൽ ചേരാനുള്ള പുനർനിർമ്മാണ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസ്സിൽ അഭ്യർത്ഥിക്കുന്നുണ്ട്. കാസർകോട് ജില്ലയിൽ മടിക്കൈ നൂഞ്ഞി പ്രദേശത്തല്ലാതെ മറ്റൊരിടത്തും ഗണപതി കോവിൽ ഇല്ലാത്തതിനാൽ, ദൂരദിക്കുകളിൽ നിന്നുപോലും ഭക്തജനങ്ങൾ നൂഞ്ഞി ക്ഷേത്രത്തിലെത്തുന്നുണ്ടെന്ന് ഗണപതിയാർ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി അവകാശപ്പെടുന്നു.

പുനരുദ്ധാരണ കമ്മിറ്റി നോട്ടീസിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഇനി ശ്രദ്ധിക്കുക : ഗണപതിയാർ ക്ഷേത്രത്തിന് ഇപ്പോൾ തന്നെ ഭാരിച്ച തുക ചിലവായിട്ടുണ്ട്. പൂർണ്ണമായും കൊത്തുപണികളാൽ അലംകൃതമായ കൃഷ്ണ ശിലകളിലാണ് ഭഗവാന്റെ ശ്രീകോവിലും, നമസ്ക്കാര മണ്ഡപവും നിർമ്മിക്കുന്നത്. ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ നല്ലവരായ നാട്ടുകാരുടെയും, ഭക്തജനങ്ങളുടെയും സഹായ സഹകരണവും പ്രാർത്ഥനയും ആവശ്യമാണ്.

ക്ഷേത്ര പുനർനിർമ്മാണത്തിന് നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്. ക്ഷേത്രത്തിന്റെ പുനർനിർമ്മാണ ആവശ്യാർത്ഥം ധനസമാഹരണത്തിന് പുനരുദ്ധാരണ കമ്മിറ്റി നടത്തുന്ന സാമ്പത്തിക-സഹകരണ സമ്മാന പദ്ധതിയുമായി എല്ലാ ഭക്തജനങ്ങളും നാട്ടുകാരും സഹകരിക്കണമെന്നും, പരിപാടി വമ്പിച്ച വിജയപ്രദമാക്കാൻ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊള്ളുന്നു., എന്ന് നൂഞ്ഞിയിൽ ശ്രീ ഗണപതിയാർ ക്ഷേത്ര പുനർ നിർമ്മാണ കമ്മിറ്റി.

ഗണപതി ക്ഷേത്രത്തിന് വേണ്ടി ഒരാൾ ആയിരം രൂപ മുടക്കുന്ന കുറിയാണ് ക്ഷേത്ര കമ്മിറ്റി നടത്തുന്നത്. നറുക്ക് വീഴുന്ന ആദ്യ ആൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത് ഒരു ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അരലക്ഷം രൂപ. മൂന്നാം സമ്മാനം 20,000 രൂപ നാലാം സമ്മാനം 10,000 രൂപ, അഞ്ചാം സമ്മാനം 5,000 രൂപ, ആറാം സമ്മാനം 2,000 രൂപ. 2022 മെയ് 1-ന് ക്ഷേത്ര നടയിൽ നറുക്കെടുക്കുമെന്നും, സമ്മാനത്തുക കൈമാറുമെന്നും പുനരുദ്ധാരണ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ പ്രത്യേകം  പറയുന്നുണ്ടെങ്കിലും മെയ് 20 ആയിട്ടും നറുക്കെടുത്തില്ല.

ഒറ്റത്തവണ കുറി എന്നാണ് ക്ഷേത്ര കമ്മിറ്റി നടത്തിയ പ്രഖ്യാപനം. കുറിയിൽ ഒരാൾ ആയിരം രൂപ വീതം ആയിരം പേർ അടച്ചാൽ ഒരു കോടിയും, രണ്ടായിരം പേർ അടച്ചാൽ രണ്ടുകോടി രൂപയും സമാഹരിക്കാൻ കഴിയും. ഒന്നുമുതൽ ആറുവരെയുള്ള സമ്മാനങ്ങൾ നൽകാൻ വേണ്ട തുക 1,87,000 രൂപ മാത്രമാണ്.  സമ്മാനങ്ങൾക്കും മറ്റു ചിലവുകൾക്കും  2 ലക്ഷം രൂപ മാറ്റി വെച്ചാൽ  തന്നെ 1,88 കോടി രൂപ ഗണപതിയാർ ക്ഷേത്ര കമ്മിറ്റിയുടെ കൈയ്യിൽ വന്നുചേരും. ആയിരത്തി അഞ്ഞൂറിൽ കുറയാത്ത ഭക്തജനങ്ങളെ ഇൗ സമ്മാനക്കുറി പദ്ധതിയിൽ പലവഴിക്കും ചേർത്തിട്ടുണ്ട്. ഇൗ നിലയ്ക്ക് ഒന്നരക്കോടി രൂപയെങ്കിലും ഗണപതിയാർ ക്ഷേത്ര പുനർനിർമ്മിക്ക് കമ്മിറ്റിയുടെ ഫണ്ടിൽ എത്തിയിരിക്കുമെന്ന് കരുതുന്നു.

LatestDaily

Read Previous

വീട്ടമ്മയെ തലയ്ക്കടിച്ചുവീഴ്ത്തിയ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

Read Next

രാത്രിയിൽ മാലിന്യം തള്ളിയ കൂൾബാർ ഉടമക്കെതിരെ 20,000 രൂപ പിഴയിട്ട് കാഞ്ഞങ്ങാട് നഗരസഭ