നഗരസഭാ തെരഞ്ഞെടുപ്പിൽ ലീഗിലെ പ്രമുഖർക്ക് സീറ്റ് കിട്ടില്ല

30 ശതമാനം സീറ്റുകൾ ലീഗ് യുവാക്കൾക്ക്

കാഞ്ഞങ്ങാട്: മുസ്്ലിം ലീഗ് സംസ്ഥാന സമിതി നിർദ്ദേശിച്ച പുതിയ മാനദണ്ഡങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ നടപ്പിൽ വന്നാൽ കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്്ലീം ലീഗിന്റെ നിലവിലുള്ള മൂന്ന് കൗൺസിലർമാരും, മുൻനഗരസഭ ചെയർമാൻ അഡ്വ. എൻ. ഏ ഖാലിദും മാറിനിൽക്കേണ്ടിവരും. ലീഗ് മൊത്തം മത്സരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഓരോന്നിലും മുപ്പത് ശതമാനം സീറ്റുകളിൽ പുതുതലമുറക്കാരായ ചെറുപ്പക്കാർക്ക് സ്ഥാനാർത്ഥിത്വം നൽകണമെന്നും സംസ്ഥാന സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇപ്രകാരം പുതുമുഖങ്ങൾ 30 ശതമാനം സ്ഥാനാർത്ഥികളാവുകയും മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കുകയും ചെയ്താൽ ഒട്ടേറെ യുവാക്കൾക്കും അവസവരം കിട്ടാത്തവർക്കും മുസ്്ലിം ലീഗിൽ സ്ഥാനാർത്ഥിത്വം കിട്ടും. കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഥമ കൗൺസിൽ മുതൽ ഇതേവരെ എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായി മത്സരിച്ച ഹസയിനാർ കല്ലൂരാവി ഒരു തവണ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുത്തിയതിനെ തുടർന്ന് റിബലായി മത്സരിച്ച് വിജയിച്ച് ലീഗിലേക്ക് തന്നെ മടങ്ങിപ്പോയതാണ് കഴിഞ്ഞ തവണ കടുത്ത മത്സരത്തിൽ രണ്ട് വോട്ടിനാണ് അസൈനാർ കല്ലൂരാവി ജയിച്ച് കയറിയത്. മുൻ ചെയർമാൻ അഡ്വ. എൻ.ഏ ഖാലിദ് കഴിഞ്ഞ തവണ അടുത്ത ബന്ധു കൂടിയായ ലീഗ് റിബൽ സ്ഥാനാർത്ഥി മഹമൂദ് മുറിയനാവിയോട് തോറ്റതാണ്. എന്നാൽ മഹമൂദ് ഇടത് മുന്നണി ഭരണത്തിൽ ഇപ്പോൾ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരിൽ ഒരാളാണ്.

ചെയർമാൻ വി.വി രമേശന്റെ വിശ്വസ്തരിൽ പ്രധാനിയായ മഹമൂദിനെ ഇടക്കാലത്ത് ലീഗിൽ തിരിച്ച് കൊണ്ട് വരാൻ ശ്രമം നടന്നുവെങ്കിലും ഒടുക്കം മഹമൂദ് വഴുതി മാറി ഇപ്പോൾ തികഞ്ഞ സി.പി.എം സഹയാത്രകനാണ്. മുസ്്ലിം ലീഗ് ജില്ലാ സിക്രട്ടറിമാരിൽ ഒരാളായ നഗരസഭയിലെ മുസ്്ലിം ലീഗ് പാർട്ടി ലീഡർ കെ. മുഹമ്മദ്കുഞ്ഞിയും മുസ്്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടായ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം. പി. ജാഫറും, മൂന്ന് തവണ കൗൺസിലർമാരായതിനാൽ അടുത്ത തവണ മാറി നിൽക്കേണ്ടിവരും. വനിതാ കൗൺസിലറായ ഖദീജ ഹമീദും മൂന്ന് തവണ കൗൺസിലറായതിനാൽ മാറ്റം അനിവാര്യമായി തീരും. പരിചയ സമ്പന്നരായയാളുകൾ മാറി നിൽക്കേണ്ടി വരുന്നത് ലീഗ് ഭരണത്തിലെത്തിയാൽ പ്രയാസമുണ്ടാക്കുമെങ്കിലും പാർട്ടി തീരുമാനം കർശ്ശനമാക്കിയാൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം കിട്ടും.

നേരത്തെ ഐ.എൻ.എൽ സ്ഥാനാർത്ഥിയായി നഗരസഭയിൽ എത്തിയ ഇ.കെ.കെ പടന്നക്കാട് ഇപ്പോൾ മുസ്്ലിം ലീഗിൽ തിരിച്ചെത്തിയതിനാൽ മുൻ പരിചയവും കറപുരളാത്ത വ്യക്തിത്വവുമുള്ള ഇ.കെ.കെ പടന്നക്കാടിനെ കൗൺസിലിലെത്തിക്കാൻ ലീഗിന് പ്രയാസമുണ്ടാവില്ല. ആദ്യകൗൺസിൽ മുതൽ കൗൺസിലറായിരുന്ന മുതിർന്ന നേതാവ് ടി. അബൂബക്കർ ഹാജിയും മൂന്ന് തവണ കൗൺസിലറായവരുടെ പട്ടികയിൽ വരും. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കഴിഞ്ഞ തവണ കൈവിട്ട് പോയ കാഞ്ഞങ്ങാട് നഗരസഭ ഇത്തവണ തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്്ലിംലീഗ്. ഈ സാഹചര്യത്തിൽ മൂന്ന് തവണ കൗൺസിലർമാരായവരെ മാറ്റി നിർത്തുകയും പുതുമുഖങ്ങളെ രംഗത്തിറക്കുകയും ചെയ്താൽ മത്സരം കനക്കുമെന്നതിനാൽ കഴിവും പ്രാപ്തിയും കറപുരളാത്ത വ്യക്തിത്വവും ഭരണ പരിചയവുമുള്ളവരെ രംഗത്തിറക്കാൻ ലീഗിന് നന്നെ പ്രയാസപ്പെടേണ്ടിവരും.

LatestDaily

Read Previous

ഹോട്ടലും കാന്റീനുകളും പഴയ പടി

Read Next

സിപി എം ആഹ്വാനപ്രകാരം ജില്ലയിൽ ഒരുങ്ങുന്നത് കൃഷി വിപ്ലവം