വനിത സഹകരണ സംഘത്തിന്റെ കെട്ടിടോദ്ഘാടനം ജോ:റജിസ്ട്രാറും  അസി.റജിസ്ട്രാറും ബഹിഷ്ക്കരിച്ചു

മാവുങ്കാൽ: ഹൊസ്ദുർഗ്ഗ് താലൂക്ക് വനിത സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടോദ്ഘാടനം സഹകരണ വകുപ്പ് റജിസ്ട്രാറും അസിസ്റ്റന്റ് റജിസ്ട്രാറും ബഹിഷ്കരിച്ചു. കോൺഗ്രസ് നേതാവ് അഡ്വ: ടി.കെ.സുധാകരന്റെ പത്നി ഡോ.എലിസബത്ത് സുധാകരൻ പ്രസിഡണ്ടായ ഹൊസ്ദുർഗ്ഗ് താലൂക്ക് വനിത സഹകരണ സൊസൈറ്റിയുടെ സ്വന്തമായ മൂന്ന് നില കെട്ടിടം മാവുങ്കാലിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ഇ.ചന്ദ്രശേഖരൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ എന്നിവർ സംബന്ധിച്ചപ്പോൾ ഉൽഘാടന പരിപാടിയിൽ ആശംസാ പ്രാസംഗികരായി പങ്കെടുക്കേണ്ടിയിരുന്ന ജില്ലാ ജോയിന്റ് റജിസ്ട്രാർ രമയും, അസി. റജിസ്ട്രാർ ബന്തടുക്ക സ്വദേശി രാജഗോപാലനും ചടങ്ങ് ബഹിഷ്ക്കരിക്കുകയായിരുന്നു.

മാവുങ്കാൽ ടൗണിൽ രണ്ടു നിലയിൽ പണിത സ്വന്തം കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ക്ഷണക്കത്തിൽ ജോയിന്റ്  റജിസ്ട്രാറുടെയും അസിസ്റ്റന്റ് റജിസ്ട്രാറുടെയും പേരുകൾക്ക് മുകളിൽ കോൺഗ്രസ് നേതാവ് അജാനൂരിലെ പി.വി.സുരേഷിന്റെ പേര് അച്ചടിച്ചതിൽ പ്രതിഷേധിച്ചാണ് അസിസ്റ്റന്റ് റജിസ്ട്രാർ  രാജഗോപാലൻ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സംഘം സിക്രട്ടറി കരുണാകരനോട് തുറന്ന് പറഞ്ഞത്.

ജെ.ആർ.കരുണാകരനെ നേരിട്ടുകണ്ട് സംഘം സിക്രട്ടറിയും പ്രസിഡണ്ടും സുരേഷിന്റെ പേര് മുകളിൽ അബദ്ധത്തിൽ അച്ചടിച്ചുവന്ന കാര്യത്തിൽ ക്ഷമാപണം നടത്തിയെങ്കിലും, ജോ:റജിസ്ട്രാർ ഉദ്ഘാടനച്ചടങ്ങ് തീർത്തും ബഹിഷ്ക്കരിക്കുകയായിരുന്നു. ജില്ലാ ജോയിന്റ് റജിസ്ട്രാർ രമയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ രമയും സഹകരണസംഘം കെട്ടിടോദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കില്ലെന്ന് അറിയിച്ചു.

വനിത സഹകരണ സംഘം ക്ലാർക്ക് ഉമേശനാണ് സംഘം കെട്ടിടോദ്ഘാടനച്ചടങ്ങിൽ ആശംസാ പ്രാസംഗികരുടെ പേര് എഴുതിയത്. തത്സമയം സഹകരണ ഉദ്യോഗസ്ഥരുടെ പേര് ആശംസാപ്രാസംഗികനായി ഡിസിസി ജനറൽ സിക്രട്ടറി പി.വി.സുരേഷിന്റെ പേരിന് തൊട്ടുതാഴെ അച്ചടിച്ചതാണ് ക്ഷണക്കത്തിൽ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരു റജിസ്ട്രാർമാരും  ബഹിഷ്കരിച്ചത്. കെട്ടിടം പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മാവുങ്കാൽ ടൗണിൽ ഉദ്ഘാടനം ചെയ്തു. സഹകരണ റജിസ്ട്രാർമാർ ഒഴികെ മറ്റു മുഴുവൻ ആശംസാപ്രാസംഗികരും ഉദ്ഘാടനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

ഓൺലൈൻ തട്ടിപ്പിൽ സ്വർണ്ണം കവർന്ന യുവാവ് റിമാന്റിൽ

Read Next

മുൻസിഫിന്റെ ബോർഡ് ഹൈക്കോടതി ദൂതൻ അന്വേഷണം നടത്തി