റഫിയാത്തിന്റെ ഐഫോൺ വീണ്ടും അന്വേഷണ സംഘത്തിന് കൈമാറി

കാഞ്ഞങ്ങാട്: വ്രതമാസത്തിൽ ജീവൻ വെടിഞ്ഞ സൗത്ത് ചിത്താരി യുവഭർതൃമതി റഫിയാത്ത് 23, ഉപയോഗിച്ചു കൊണ്ടിരുന്ന ഐഫോൺ വീട്ടുകാർ ഈ കേസ്സ് വീണ്ടും അന്വേഷിക്കുന്ന പോലീസ് ടീമിന് കൈമാറി. ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയുടെ നിയന്ത്രണത്തിൽ, കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദിനാണ് അന്വേഷണച്ചുമതല. റഫിയാത്തിനെ ആദ്യം കല്ല്യാണമാലോചിച്ചിരുന്ന കാഞ്ഞങ്ങാട്ടെ ദുബായ് പ്രവാസി ജംഷീർ അതി നാടകീയമായി യുവതിയുടെ കൈകളിലെത്തിച്ച  ആപ്പിൾ ഐഫോൺ,  ശനിയാഴ്ചയാണ് റഫിയാത്തിന്റെ സഹോദരൻ, റാഫിയും, പിതൃസഹോദരൻ കാഞ്ഞങ്ങാട് ആവിക്കരയിലെ പച്ചക്കറി വ്യാപാരി അബ്ദുൾ സലാമും ഈ കേസ്സന്വേഷിക്കുന്ന പുതിയ പോലീസ് ടീം തലവൻ ഡിവൈഎസ്പി, എം.പി വിനോദ്കുമാർ  കൈമാറിയത്.

റഫിയാത്ത് ആത്മഹത്യ ചെയ്ത ദിവസം യുവതിയുടെ കിടപ്പുമുറിയിൽ പോലീസ് കണ്ടെത്തിയ ഐഫോൺ ഒരു മാസത്തെ അന്വേഷണത്തിന് ശേഷം ഹൊസ്ദുർഗ്ഗ് പോലീസിലെ വനിതാ എസ്.ഐ, ഫോൺ ”തുറക്കാൻ കഴിയുന്നില്ലെന്ന് ” പറഞ്ഞുകൊണ്ട് യുവതിയുടെ ബന്ധുക്കൾക്ക് തിരിച്ചു കൊടുത്തിരുന്നു. ഈ ഐഫോൺ തുറക്കാൻ ബന്ധുക്കൾ  പുറത്ത് പല വഴികളും നോക്കിയിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.

” മരിച്ചതു…മരിച്ചിട്ട് പോയെന്നും, ജീവിച്ചിരിക്കുന്നവരെ ഇനിയെന്തിന് ബുദ്ധിമുട്ടിക്കണമെന്നും” ഈ കേസ്സന്വേഷിച്ച വനിത എസ്ഐ, റഫിയാത്തിന്റെ സഹോദരങ്ങളോട് ചോദിച്ച സംഭവം പോലീസിലും നാട്ടിലും വലിയ ചർച്ചയായിരുന്നു. ഒരു പോലീസുദ്യോഗസ്ഥനും, ഉദ്യോഗസ്ഥയും ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത മേൽ ചോദ്യത്തോടെ റഫിയാത്ത് കേസ്സിന്റെ അന്വേഷണം വനിതാ എസ്ഐ അവസാനിപ്പിക്കുകയും ചെയ്തിടത്തു നിന്നാണ്, ഇപ്പോൾ, പോലീസ് മേധാവിയുടെ നിരീക്ഷണത്തിൽ പുതിയ പോലീസ് സംഘം റഫിയാത്തിന്റെ ആത്മഹത്യയുടെ ചുരുളഴിക്കാൻ ശ്രമം തുടങ്ങിയത്. റഫിയാത്ത് ആത്മഹത്യ ചെയ്യാൻ മുറിയിലേക്ക് പോയ ഉടൻ ഈ യുവതിയുടെ ഐഫോണിലേക്ക് വിളിച്ച റഫിയാത്തിന്റെ ഉറ്റ ചങ്ങാതി ചിത്താരി കല്ലിങ്കാലിലെ ആതിരയുടെ മൊഴി പുതിയ അന്വേഷണ സംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും. ആതിരയും ജംഷീറുമാണ് മരണത്തിന് ഏറ്റവുമൊടുവിലായി റഫിയാത്തിനെ ഫോണിൽ വിളിച്ചിട്ടുള്ളത്. കേസ്സന്വേഷണത്തിന്റെ ഭാഗമായി വനിതാ  സബ്ബ് ഇൻസ്പെക്ടർ നേരത്തെ ആതിരയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.

യുവതിയുടെ ഭർത്താവ് മുക്കൂട് ഇസ്്മായിലിന്റെയും, കുടകു യുവാവ് റാഹിലിന്റെ പുതിയ മൊഴിയും പുതിയ അന്വേഷണ സംഘം ശേഖരിക്കും. റഫിയാത്തും കുടുംബവും 13 വർഷമായി താമസിച്ചു വരുന്ന സൗത്ത് ചിത്താരിയിലെ വാടക വീടിന്റെ ഒന്നാം നിലയിൽ 6 മാസക്കാലമായി താമസിച്ചു വരുന്ന കുടകു സ്വദേശിയാണ് ഇരുപത്തി ഒന്നുകാരനായ റാഹിൽ. സെൻട്രൽ ചിത്താരിയിൽ കെഎസ്ടിപി റോഡരികിൽ പ്രവർത്തിക്കുന്ന ഫുട്പാത്ത് എന്നുപേരുള്ള ഹോട്ടലിലെ ജീവനക്കാരനാണ് റാഹിൽ. റാഹിലിനെയും ഒരു തവണ വനിത എസ്ഐ ഈ കേസിൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. റഫിയാത്തിനെ അറിയാമെന്നും വീട്ടിൽ ഒരുമിച്ച് ലുഡോ കളിക്കാറുണ്ടെന്നും റാഹിൽ ലേറ്റസ്റ്റ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് അദ്ധ്യക്ഷൻ ആരാകും?

Read Next

വഖഫ് ഭൂമി തട്ടിയെടുത്ത എം എൽ ഏക്കെതിരെ കേസെടുത്തേക്കും