അതിരു വിടുന്ന സൈബർ യുദ്ധം

സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ മരണത്തെത്തുടർന്നുള്ള ഫേസ്ബുക്ക് യുദ്ധം അതിന്റെ എല്ലാ മര്യാദകളും ലംഘിച്ച തുടരുകയാണ്. മരിച്ചവരെക്കുറിച്ച് ദൂഷ്യം പറയരുതെന്നത് നാട്ടുനടപ്പാണെങ്കിലും, കോൺഗ്രസിന്റെയും, ലീഗിന്റെയും അണികൾ സാമാന്യ നാട്ടുനടപ്പുകൾ ലംഘിച്ച് കുഞ്ഞനന്തന്റെ മരണം ആഘോഷിച്ചതാണ് സൈബർ യുദ്ധത്തിന്റെ തുടക്കം. ടി.പി. വധക്കേസിൽ പ്രതിയായ കുഞ്ഞനന്തൻ രോഗബാധയെത്തുടർന്ന് മരിച്ചതിന് പിന്നാലെ മരണത്തിൽ ആഹ്ലാദിച്ചുകൊണ്ട് കോൺഗ്രസ്, ലീഗ് അണികൾ രംഗത്തെത്തിയത് വളരെ ക്രൂരമായാണ്. സൈബറിടങ്ങളിൽ യുവാക്കളും പാർട്ടി അണികളും എത്രമാത്രം ക്രൂരമായാണ് പെരുമാറുന്നത് എന്നതിന്റെ ഉദാഹരണമായിരുന്നു മരണം ആഘോഷിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകൾ.

പാർട്ടി നേതാവിന്റെ ചിതയിലെ തീയണയും മുമ്പ് തന്നെ സിപിഎമ്മിന്റെ സൈബർ പോരാളികളും രംഗത്തിരങ്ങിയിരുന്നു. കോൺഗ്രസിന്റെയും, ലീഗിന്റെും പൂർവ്വകാല ചരിത്രങ്ങൾ മുഴുവൻ ചികഞ്ഞ് പുറത്തിട്ട് എതിർവിഭാഗത്തെ ആക്രമിക്കുകയാണ് സിപിഎമ്മിന്റെ സൈബർ പോരാളികൾ. ഇരുവിഭാഗങ്ങളും തമ്മിൽ നടത്തുന്ന സൈബർ യുദ്ധം മാന്യതയു1െട എല്ലാാ സീമകളും ലംഘിച്ചുള്ളതാണെന്ന് തന്നെ പറയേണ്ടി വരും. സൈബറിടങ്ങളിൽ എന്തും പറയാമെന്ന മനോഭാവമുള്ള ഒരു തലമുറയാണ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമ പ്ലാറ്റ്ഫോമുകളിലിരുന്ന് സകലരെയും തെറിവിളിക്കുന്നത്.

ചരിത്രബോധമില്ലാത്ത ഒരു തലമുറയാണ് സോഷ്യൽ പ്ലാറ്റ്ഫോമുകളിലിരുന്ന് ഉന്നതരായ വ്യക്തികളെയടക്കം തെറിവിളിച്ച് ആത്മനിർവൃതി നേടുന്നത്. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ അണികൾക്ക് ഈ വിഷയത്തിൽ ബോധവത്ക്കരണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പരം ചെളി വാരി എറിയുന്നവരിൽ യുവജന പ്രതിനിധികളുമുണ്ടെന്നത് അതിശയകരമാണ്.  അണികളെ ബോധവാൻമാരാക്കേണ്ടവർ തന്നെ വിവാദ പ്രസ്താവനകൾ നടത്തി കുടുക്കിലായാൽ മറ്റുള്ളവരുടെ ഗതി പറയേണ്ടതില്ല. നവമാധ്യമങ്ങളിലെ വിഴുപ്പലക്കലും തെറി വിളികളും ഒഴിവാക്കി സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യുവജന പ്രസ്ഥാനങ്ങൾ അണികളെ ഉപദേശിക്കുന്നത് നന്നായിരിക്കും. ചുരുങ്ങിയ പക്ഷം മരിച്ചവരെ അപമാനിക്കുന്ന സൈബർ യുദ്ധരീതിയെങ്കിലും ഒഴിവാക്കുന്നതായിരിക്കും സംസ്ക്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മലയാളി സമൂഹത്തിന് നല്ലത്.

LatestDaily

Read Previous

സുഷാന്തിന്റെ വിയോഗം വാക്കുകള്‍ കിട്ടാതെ ധോണി

Read Next

ഇ​രു​ണ്ട ഒരു വർഷം