മുൻസിഫും ജീവനക്കാരും ബോട്ടുയാത്രയും നടത്തി

കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് മുൻസിഫ് ആർ.എം. സൽമത്ത് മുൻസിഫ് കോടതിയിലെ ഏതാനും ജീവനക്കാർക്കൊപ്പം ഉല്ലാസ ബോട്ടു യാത്രയും നടത്തി. ഇൗ ബോട്ടുയാത്ര പ്ലാൻ ചെയ്ത് നടത്തിയതും, മുൻസിഫ് കോടതിയിലെ ക്ലാർക്ക് പയ്യന്നൂരിലെ അന്നൂർ സ്വദേശി സുഭാഷാണ്. ഒരു മാസം മുമ്പാണ് മുൻസിഫിന്റെയും ജീവനക്കാരുടെയും, ബോട്ടുയാത്ര കോട്ടപ്പുറം പുഴയിൽ നടന്നത്. മുൻസിഫ് കോടതിയിലെ എല്ലാ ജീവനക്കാർക്കും ബോട്ടുയാത്രയിൽ ക്ഷണമുണ്ടായിരുന്നുവെങ്കിലും, മുൻസിഫിനൊപ്പമുള്ള  ഉല്ലാസ യാത്രയിൽ നിന്ന് ഏതാനും ജീവനക്കാർ വിട്ടുനിന്നു.

കോടതി കവാടത്തിൽ മുൻസിഫ് ആർ.എം. സൽമത്തിന്റെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് പിന്നിൽ ഹൊസ്ദുർഗ്ഗ് കോടതിയിലെ ചില അഭിഭാഷകരുടെ കരുനീക്കവും നടന്നിട്ടുണ്ട്. ഇൗ അഭിഭാഷകർ ഏറ്റെടുത്ത കേസ്സുകൾ ഒന്നും തന്നെ കഴിഞ്ഞ മൂന്നുവർഷക്കാലമായി പരാജയപ്പെടാതിരുന്നതും, ഇതര അഭിഭാഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. എതിർ അഭിഭാഷകർ ആവശ്യത്തിലധികം തെളിവുകൾ ഹാജരാക്കിയിരുന്ന സിവിൽ കേസ്സുകളിൽ പോലും കോടതി ഉത്തരവ് അഭിഭാഷകർക്ക് എതിരായി തീർന്ന സംഭവങ്ങൾ ഒന്നിന് പുറകെ ഒന്നായി പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്.

ഇങ്ങനെ കോടതിയിൽ സിവിൽ കേസ്സിന് തെളിവുകൾ മുഴുവൻ ഹാജരാക്കിയിട്ടും വിധിയിൽ തിരിച്ചടി നേരിടേണ്ടി വന്ന കാഞ്ഞങ്ങാട്ടെ രണ്ട് അഭിഭാഷകർ മുൻസിഫ് ആർ.എം. സൽമത്തിനെതിരെ ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി അയച്ചിട്ടുണ്ട്. ചുരുങ്ങിയത് എണ്ണായിരം രൂപയെങ്കിലും ചിലവഴിക്കാതെ മുൻസിഫിന്റെ രണ്ട് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ നിർമ്മിക്കാനും അവ കോടതി കവാടത്തിന്റെ ഇരുവശങ്ങളിലും, സ്ഥാപിക്കാൻ കഴിയില്ലെന്നിരിക്കെ, ഇൗ ഫ്ലക്സ് പ്രിന്റുകൾക്ക് പണം മുടക്കിയത് ആരാണെന്ന ചോദ്യവും  ഉയർന്നിട്ടുണ്ട്.

കോടതി പ്രധാന കവാടത്തിന്റെ ഒരു വിളിപ്പാടകലെയുള്ള സർക്കാർ ക്വാർട്ടേഴ്സിലാണ് മുൻസിഫ് ആർ.എം. സൽമത്ത് കഴിഞ്ഞ മൂന്നുവർഷമായി താമസിച്ചുവരുന്നത്. ഇൗ ക്വാർട്ടേഴ്സിൽ നിന്ന് നോക്കിയാൽ കോടതി കവാടത്തിൽ ഇരുവശങ്ങളിലുമായി മെയ് 5-ന് വ്യാഴാഴ്ച വൈകുന്നേരം സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ വ്യക്തമായി കാണാവുന്നതാണ്.

വ്യാഴം രാത്രിയിൽ കോടതി കവാടത്തിന്റെ ഇരുവശങ്ങളിലും കെട്ടിയുയർത്തിയ ഫ്ലക്സ് പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയോടെ അഴിച്ചുമാറ്റി കോടതി ചുറ്റുമതിലിനകത്ത് മുൻസിഫ് കോടതിക്ക് പടിഞ്ഞാറുഭാഗത്തുള്ള പഴയ സ്റ്റേജിന്റെ തറയിൽ നാലാൾ കാൺകെ ചാരി നിർത്തുകയായിരുന്നു. അഴിച്ചുമാറ്റിയ ഫ്ലക്സുകൾ സ്റ്റേജിന് ചാരി വെച്ചതും, കോടതി വരാന്തയിൽ നിന്നും കോടതി വളപ്പിൽ നിന്നും വ്യക്തമായി കാണും വിധത്തിലായിരുന്നു.

LatestDaily

Read Previous

പ്രദർശന മേളയിൽ വൻ ജനത്തിരക്ക്

Read Next

മടിക്കൈയിൽ ഭാസ്ക്കര കുമ്പളയുടെ പേരിൽ ലോട്ടറി