ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉറങ്ങുന്നു

കാഞ്ഞങ്ങാട് : ഭക്ഷ്യ വിഷബാധയെത്തുടർന്ന് 16കാരിയായ വിദ്യാർത്ഥിനി മരിച്ചതോടെ ജില്ലയിലെ ഷവർമ്മ സ്റ്റാളുകളിൽ പരിശോധന ശക്തമാക്കണമെന്ന ആവശ്യമുയരുന്നു. ഷവർമ്മയുണ്ടാക്കുന്ന ഇറച്ചിയുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയർന്ന സാഹചര്യത്തിൽ ഷവർമ്മ സ്റ്റാളുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം. ഷവർമ്മ കടൽ കടന്നെത്തിയ ഭക്ഷ്യ വസ്തുവാണ്. കോഴിയിറച്ചി, ബീഫ്, ആട്ടിറച്ചി എന്നിവയുപയോഗിച്ചാണ് ഷവർമ്മയുണ്ടാക്കുന്നതെങ്കിലും, കേരളത്തിൽ പ്രധാനമായും കോഴിയിറച്ചിയുപയോഗിച്ചാണ് ഷവർമ്മ നിർമ്മാണം.

ചെറുതായി ചീന്തിയ കോഴിയിറച്ചി പ്രത്യേകതരത്തിൽ തയ്യാറാക്കിയ കമ്പിയിൽ കൊരുത്ത് വേവിച്ച് അരിഞ്ഞെടുത്താണ് ഷവർമ്മ തയ്യാറാക്കുന്നത്. ഇറച്ചിയോടൊപ്പം കാബേജും ഇതിനൊപ്പം ചേർക്കും. തൊട്ടുനക്കാനുള്ള ഉപദംശമായി മയോണൈസെന്ന വസ്തുവുമുണ്ടാകും. മുട്ട, എണ്ണ മുതലായ അടിസ്ഥാന വസ്തുവാക്കി നിർമ്മിക്കുന്ന മയോണൈസ് പഴക്കം ചെന്നാൽ വിഷത്തേക്കാളും ഭയങ്കര വസ്തുവാണ്. സ്വന്തം മക്കളുടെ വാശിക്ക് വഴങ്ങി രക്ഷിതാക്കൾ വാങ്ങി നൽകുന്ന ഷവർമ്മയുടെ ഗുണ നിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളും ബോധവാന്മാരല്ല.

അന്യസംസ്ഥാനത്ത് നിന്നുമാണ് സംസ്ഥാനത്തേക്ക് കോഴിയിറച്ചിയെത്തുന്നത്. കർണ്ണാടക, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന കോഴി ലോഡുകളിൽ ചത്ത കോഴികളുമുണ്ടാകും. ഇത്തരം കോഴികളെ നിസ്സാര വിലയ്ക്ക് വാങ്ങി ഷവർമ്മ നിർമ്മാണത്തിനുപയോഗിക്കുന്നവരുമുണ്ട്. അറേബ്യൻ ഭക്ഷണമായ കുബ്ബൂസ് എന്ന റൊട്ടികളിൽ പൊതിഞ്ഞാണ് ഷവർമ്മ തീറ്റപ്രിയരുടെ ഭക്ഷണ മേശയിലെത്തുന്നത്.

അൽപ്പം ഇറച്ചിയും, കാബേജും, മയോണൈസും, പേരിന് പച്ചക്കറി കഷ്ണങ്ങളുമടങ്ങിയ ഷവർമ്മയ്ക്ക് 75 രൂപയോളമാണ് ചിലയിടങ്ങളിൽ വിലയീടാക്കുന്നത്. കേരളത്തിലെ 90 ശതമാനത്തിലധികം ഷവർമ്മ സ്റ്റാളുകളിലും ഷവർമ്മയുണ്ടാക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ചെറുവത്തൂർ ഭക്ഷ്യ വിഷബാധയിൽ അറസ്റ്റിലായ ഷവർമ്മ നിർമ്മാണ തൊഴിലാളി ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിൽ നിന്നെത്തിയ ആളാണ്. ലൈസൻസില്ലാതെ ആർക്കും എവിടെയും ഷവർമ്മ സ്റ്റാളുകൾ തുടങ്ങാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ബേക്കറികൾ കേന്ദ്രീകരിച്ചും അനുമതിയില്ലാതെ ഷവർമ്മ സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇടയ്ക്കിടെ ചൂടാക്കുന്ന മാംസ അടരുകൾ ഓരോ തവണ ചൂടാക്കുമ്പോഴും വിഷമായിത്തീരുമെങ്കിലും, ഷവർമ്മ നിർമ്മാണത്തിന് പ്രത്യേക മാനദണ്ഡങ്ങളൊന്നും സംസ്ഥാന ആരോഗ്യ വകുപ്പ് നിഷ്ക്കർഷിച്ചിട്ടില്ല. നഗരസഭകളിലും, കോർപ്പറേഷനുകളിലും പഞ്ചായത്തുകളിലും ആരോഗ്യ വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊതുജനാരോഗ്യ സംരക്ഷണത്തിൽ ആരോഗ്യ വകുപ്പുദ്യോഗസ്ഥർ അനങ്ങാപ്പാറ നയമാണ്  സ്വീകരിക്കുന്നത്.

ഉദ്യോഗസ്ഥ അനാസ്ഥയുടെ ഏറ്റവുമൊടുവിലത്തെ രക്തസാക്ഷിയാണ് കരിവെള്ളൂരിലെ ദേവനന്ദ. ഒരാളുടെ ജീവനെടുക്കുകയും, അറുപതിലധികം പേർ ആശുപത്രിയിലാകുകയും, ചെയ്ത ഭക്ഷ്യ വിഷബാധയുണ്ടായപ്പോഴാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പൊതുജനാരോഗ്യത്തെക്കുറിച്ച് ബോധോദയമുണ്ടായിരിക്കുന്നത്. വഴിപാട് പരിശോധനകൾ നടത്തി ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഓഫീസുകളിലേക്ക് തിരിച്ചു പോകുന്നതിന് പിന്നാലെ കാര്യങ്ങൾ പഴയ പടിയാകുമെന്നാണ് നാട്ടുകാരുടെ അനുഭവ സാക്ഷ്യം.

LatestDaily

Read Previous

ബസ് മറിഞ്ഞതിന് കാരണം അമിത വേഗത

Read Next

ഷവർമ്മ  ദുരന്തം; മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും