ലോഡ്ജിലെ പെൺവാണിഭം : 3 പേർ റിമാന്റിൽ 

നീലേശ്വരം : നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭത്തിൽ ഇടനിലക്കാരിയായ യുവതിയടക്കം 3 പേർ റിമാന്റിൽ. നീലേശ്വരം പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയുള്ള ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭം പോലീസ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗമാണ് ഉന്നതാധികാരികൾക്ക് കൈമാറിയത്. മാർക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നിരന്തരമായി നടന്നുവരുന്ന പെൺവാണിഭം നീലേശ്വരം പോലീസ് അറിഞ്ഞിട്ടും ഒട്ടും ഗൗനിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പോലീസിന്റെ മൗന സമ്മതത്തോടെയാണ് ലോഡ്ജിൽ പെൺവാണിഭം നടന്നിരുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ റെയ്ഡിന്റെ വിവരങ്ങൾ  മാധ്യമങ്ങളിൽ നിന്നും മറച്ചുവെയ്ക്കാനും നീലേശ്വരം പോലീസിൽ സമ്മർദ്ദമുണ്ടായിരുന്നു. റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങൾ ആർക്കും കൈമാറരുതെന്ന് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി. ശ്രീഹരി കീഴുദ്യോഗസ്ഥരെ ചട്ടം കെട്ടിയിരുന്നു. ഇതിന് പിന്നിലും ഏതോ ഒരു  ദുരൂഹതയുണ്ട്.

ലോഡ്ജ് പെൺവാണിഭത്തിൽ ഉദിനൂർ തോട്ടുകരയിലെ ശശിയുടെ മകൻ ടി. ജിത്തു 22, ഇടനിലക്കാരായ മാവുങ്കാൽ ഇടയിൽ വീട്ടിൽ സി.എം. പ്രഭാകരൻ 55, ബല്ലാക്കടപ്പുറം സ്വദേശിനിയായ ഭർതൃമതി എസ്. രതി 38, എന്നിവരാണ് റിമാന്റിലായത്. പെൺവാണിഭ സംഘത്തിന്റെ കെണിയിലകപ്പെട്ട 32 കാരിയായ അന്യസംസ്ഥാന യുവതിയെ പോലീസ് വെറുതെ വിട്ടയച്ചു. പെൺവാണിഭ സംഘത്തിനെതിരെ കേസെടുക്കാതിരിക്കാൻ പോലീസിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നതായി സൂചനയുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണന്റെ കർശ്ശന നിർദ്ദേശത്തെത്തുടർന്നാണ് സംഭവത്തിൽ പിന്നീട് കേസെടുക്കാൻ നീലേശ്വരം ഐ.പി. തയ്യാറായത്. ലോഡ്ജുടമയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഐ.പി. കേസെടുക്കാൻ മടിച്ചതെന്ന് പുറത്തുവന്നു. നീലേശ്വരം പോലീസ് സ്റ്റേഷനിൽ കെ.പി. ശ്രീഹരി ഐ.പിയായി ചുമതലയേറ്റത് മുതൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം  കുത്തഴിഞ്ഞ നിലയിലായിരുന്നു. മാസം മുമ്പ് പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ച സംഭവം ജില്ലയിലെ പോലീസ് സേനയ്ക്ക് തന്നെ അപമാനമായിരുന്നു. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ മണൽക്കടത്ത് സംഘം ഇപ്പോഴും സജീവമാണ്.

പോലീസ് സ്റ്റേഷൻ നിയന്ത്രിക്കുന്ന  ഐപിയെ പലപ്പോഴും ഫോണിൽ വിളിച്ചാൽ കിട്ടാറേയില്ല. സർക്കാർ ചെലവിൽ പോലീസുദ്യോഗസ്ഥർക്ക് നൽകുന്ന മൊബൈൽ ഫോൺ പൊതുജനങ്ങൾക്ക് അടിയന്തിര ഘട്ടങ്ങളിൽ പോലീസിനെ വിളിക്കാനുള്ളതാണെങ്കിലും നീലേശ്വരം ഐ.പി., കെ.പി. ശ്രീഹരി ഇതൊന്നും അറിയാത്ത മട്ടിൽ പ്രവർത്തിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നീലേശ്വരം കോൺവെന്റ് ജംഗ്ഷന്റെ പരിസരത്തെ വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമാന്തര ബാർ നീലേശ്വരം പോലീസിന്റെ മൗന സമ്മതത്തോടെയാണ് രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.

LatestDaily

Read Previous

ഈദ്ഗാഹ് നോര്‍ത്ത് കോട്ടച്ചേരിയില്‍

Read Next

പതിനാറുകാരന് കത്തിക്കുത്തേറ്റു