ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പൂനെയിൽ 87 കോടി രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിൽ ഉദുമ പാലക്കുന്ന് സ്വദേശിയും പ്രതി. ജൂൺ 10 – ന് പൂനെ വിമാൻ നഗറിലെ വീട്ടിൽ മിലിട്ടറി ഇന്റലിജൻസും, പൂനെ ക്രൈംബ്രാഞ്ചും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് 87 കോടി രൂപയുടെ കള്ള നോട്ടുകൾ പിടികൂടിയത്. മിലിട്ടറി ഇന്റലിജൻസിന്റെ സതേൺകമാന്റ് യൂണിറ്റ് ഓഫ് ഇന്റലിജൻസും, പൂനെ ക്രൈംബ്രാഞ്ചും നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പട്ടാളക്കാരനടക്കമുള്ള ആറംഗ സംഘത്തിന്റെ പക്കൽ നിന്നും കള്ളനോട്ടിന്റെ വൻ ശേഖരം പിടികൂടിയത്.
ഉദുമ പാലക്കുന്ന് മലാങ്കുന്നിലെ റിതേഷ് രത്നാകരനാണ് സംഘത്തിലുൾപ്പെട്ട മലയാളി. കള്ളനോട്ട് ഇടപാടിന്റെ പ്രധാന സൂത്രധാരനായ സുനിൽ ദാർദ 8 വർഷമായി പൂനയിൽ പട്ടാള ജോലിക്കാരനാണ്. ഷെയ്ഖ് അലിം ഗുലാബ്ഖാൻ, തുഹൗൽ അഹമ്മദ് ഇസഹാഖ് ഖാൻ, അബ്ദുൾ ഗനിഖാൻ, അബ്ദുൾ റഹ്മാൻ എന്നിവരാണ് സംഘത്തിലെ മറ്റു നാല് പേർ. നിരോധിത 1000 രൂപ കറൻസിയടക്കം പിടിച്ചെടുത്തവയിൽപ്പെടും. 3 ലക്ഷം രൂപ മൂല്യം വരുന്ന അമേരിക്കൻ ഡോളർ, ഇന്ത്യൻ കറൻസി എന്നിവ മാത്രമാണ് പിടിച്ചെടുത്ത പണത്തിലെ യഥാർത്ഥ നോട്ടുകൾ. 2000 രൂപയുടെയും, 500 രൂപയുടെയും വ്യാജ കറൻസികളാണ് പിടിച്ചെടുത്ത നോട്ടുകളിൽ ഭൂരിഭാഗവും.
പൂനെ വിമാൻ നഗറിലെ വീട്ടിനകത്ത് തമ്പടിച്ചിരുന്ന കള്ളനോട്ട് സംഘത്തിന്റെ പക്കൽ നിന്ന് കളിത്തോക്ക്, രഹസ്യ ക്യാമറ മുതലായവയും പിടിച്ചെടുത്തിട്ടുണ്ട്. പട്ടാളക്കാരന്റെ നേതൃത്വത്തിൽ നടക്കുന്ന കള്ളനോട്ട് ഇടപാടിനെക്കുറിച്ച് പട്ടാളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കുറച്ചു കാലമായി മിലിട്ടറി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്ന കള്ളനോട്ട് സംഘത്തെ പൂനെ ക്രൈംബ്രാഞ്ച് വിഭാഗവുമായി ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലൂടെയാണ് കുടുക്കിയത്. പിടിയിലായവർക്ക് രാജ്യാന്തര കള്ളനോട്ട് മാഫിയയുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കേസിലെ പ്രതിയായ പാലക്കുന്ന് മലാങ്കുന്ന് സ്വദേശി റിതേഷ് രത്നാകരൻ മുൻ കപ്പൽ ജീവനക്കാരനാണ്.