ടിപ്പർ ഓട്ടോയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഉദുമ : ഉദുമ പള്ളത്ത് ടിപ്പർ ലോറിയിടിച്ച് ഓട്ടോ യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.45 നാണ് ഉദുമ പള്ളത്ത് കെഎസ്ടിപി റോഡ് വീണ്ടും ചോരക്കളമായത്. ആഴ്ചകൾക്ക് മുമ്പാണ് ഉദുമ കളനാട്ട് മത്സ്യത്തൊഴിലാളിയടക്കം രണ്ട് യുവാക്കൾ മീൻ ലോറി ബൈക്കിലിടിച്ച് മരിച്ചത്.

കർണ്ണാടക റജിസ്ട്രേഷനിലുള്ള ടിപ്പർ ലോറിയാണ് ഇന്ന് പുലർച്ചെ യുവാവിന്റെ അന്തകനായത്. കെ.എൽ. 14 എൻ 5414 റജിസ്ട്രേഷൻ നമ്പറിലുള്ള ഓട്ടോയിൽ കെ.ഏ. 22 ഡി 7697 നമ്പർ ടിപ്പർ ലോറിയിടിച്ചാണ് ഓട്ടോ യാത്രക്കാരനായിരുന്ന അണങ്കൂർ ടിപ്പുനഗറിലെ അമീർ 26, മരിച്ചത്. ഒപ്പമുണ്ടായിരുന്ന പിതാവ് മുഹമ്മദ് കുഞ്ഞിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിലെത്തിയ ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ അമീറിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞ് ബേക്കൽ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. യുവാവിന്റെ ജഢം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ടിപ്പർ ഡ്രൈവർക്കെതിരെ ബേക്കൽ പോലീസ്  മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കാഞ്ഞങ്ങാടേയ്ക്ക് പച്ചക്കറിയെടുക്കാൻ വന്ന വാഹനത്തിലാണ് ടിപ്പർ ലോറിയിടിച്ചത്.

LatestDaily

Read Previous

യുവഭർതൃമതിയുടെ സെൽഫോൺ ഹാജരാക്കാൻ പോലീസ് നോട്ടീസയച്ചു

Read Next

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു