ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ: പൂർത്തീകരിക്കാത്ത സ്വപ്നങ്ങളുമായി അമ്പലത്തറ മീങ്ങോത്തെ സാജൻ പള്ളയിലിന്റെ ജീവിതം ചിതയിലൊടുങ്ങി. മെച്ചപ്പെട്ട ജീവിതം കരുപ്പിടിപ്പിക്കാൻ സന്ദർശക വിസയിൽ ദുബായിലെത്തിയ സാജൻ ഗൾഫിൽ ജൂൺ 7-നാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. മീങ്ങോത്തും പരിസര പ്രദേശങ്ങളിലും സാമൂഹ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിദ്ധ്യമായിരുന്ന സാജൻ കഴിഞ്ഞ പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാനാണ് യുവാവ് മാസങ്ങൾക്കു മുമ്പ് സന്ദർശക വിസയിൽ ദുബായിലെത്തിയത്.
കടുത്ത ഇടതുപക്ഷ അനുഭാവിയായ സാജൻ സിപിഎമ്മിന്റെ ഒരു സൈബർ പോരാളി കൂടിയായിരുന്നു എന്നാണ് സുഹൃത്തുക്കൾ ഓർക്കുന്നത്. എല്ലാവരെയും വെറുപ്പിക്കണം എന്നിട്ട് ആരെയും കരയിപ്പിക്കാതെ മരിക്കണം എന്നാണ് സാജൻ അവസാനമായി തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചിട്ടത്. സാജന്റെ വിയോഗമുണ്ടാക്കിയ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ നാടും സുഹൃത്തുക്കളും, ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ താങ്ങാണ് യുവാവിന്റെ വിയോഗത്തോടെ ഇല്ലാതായത്. ദുബായിൽ മരിച്ച സാജന്റെ മൃതദേഹം 2 ദിവസം മുമ്പാണ് വിമാന മാർഗ്ഗം നാട്ടിലെത്തിച്ചത്. ഗൾഫിൽ ഹൃദയസ്തംഭനം മൂലം മരിച്ച നിതിന്റെ മൃതദേഹത്തോടൊപ്പമാണ് സാജന്റെ മൃതദേഹവും കേരളത്തിലെത്തിയത്. സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ശ്രമഫലമായാണ് എയർ അറേബ്യയിൽ 2 മൃതദേഹങ്ങളും നാട്ടിലെത്തിച്ചത്. സഹജീവികൾക്ക് വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകൻ നിതിന്റെയും, സാജൻ പള്ളയിലിന്റെയും മൃതദേഹങ്ങൾ ഒരേ വിമാനത്തിൽ ഒരേ ദിവസം ജന്മനാട്ടിലെത്തിയതും യാദൃശ്ചികതയാണ്.