ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ : ക്വാർട്ടേഴ്സ് ഉടമ വീടൊഴിയാനാവശ്യപ്പെട്ടതോടെ ഭർത്താവുപേക്ഷിച്ച മകളും 2 വയസ്സുള്ള ചെറുമകനുമായി എങ്ങോട്ട് പോകുമെന്നുള്ള ആധിയിൽ ഉള്ളു നീറിക്കഴിയുകയാണ് ബേക്കൽ കോട്ടക്കുന്ന് മാസ്തിഗുഡ്ഡെയിലെ ഖദീജ 47, ഏക മകൻ മാതാവിനെയുപേക്ഷിച്ച് പോയതോടെ നിരാലംബയായ മാതാവിന് വീട്ടുടമ ഇറക്കി വിട്ടാൽ എന്തു ചെയ്യുമെന്ന് യാതൊരു നിശ്ചയവുമില്ല.
കൊല്ലം സ്വദേശിനിയായ ഖദീജ വർഷങ്ങൾക്ക് മുമ്പാണ് ജില്ലയിലെത്തിയത്. സ്വന്തമായി സ്ഥലമോ പാർപ്പിടമോ ഇല്ലാത്ത ഇവർ വാടക വീടുകളിൽ മാറി മാറി താമസിച്ച് വരികയാണ്. 5 മാസം മുമ്പാണ് ഇവർ മാസ്തിഗുഡ്ഡെയിലെ വാടക വീട്ടിൽ താമസമാരംഭിച്ചത്. 23 കാരിയായ മകൾ റാബിയയ്ക്ക് മാണിക്കോത്തെ കടയിലാണ് ജോലി. ഇതിൽ നിന്നും കിട്ടുന്ന വരുമാനം ജീവിക്കാൻ പോലും തികയാതെ വന്നതോടെയാണ് വാടക കുടിശ്ശികയായത്.
ഖദീജയുടെ മകളെ ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്. യുവതിക്ക് 2 വയസ്സായ മകനുമുണ്ട്. ഖദീജയുടെ മകൻ റാഷിദ് ഇവരെ ഉപേക്ഷിച്ച് കർണ്ണാടകയിൽ ഭാര്യയോടൊപ്പമാണ് ജീവിതം. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന ഇവർക്ക് ഇപ്പോൾ തൊഴിലെടുക്കാൻ കഴിയുന്നുമില്ല. കർണ്ണാടക ഫറങ്കിപ്പേട്ടിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന മകൻ റാഷിദിനെത്തേടി ഇവർ ചെന്നിരുന്നെങ്കിലും മകനും ഭാര്യ റുബീനയും മകന്റെ ഭാര്യാ ബന്ധുക്കളായ ഹന്നത്ത്, ഷെരീഫ് എന്നിവരും ചേർന്ന് അടിച്ചിറക്കിയതായും ഖദീജ പരാതിപ്പെട്ടു.
ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ തെരുവ് മാത്രമാണ് ഇവർക്കാശ്രയം. യുവതിയായ മകളെയും കൊണ്ട് പെരുവഴിയിലിറങ്ങേണ്ടി വന്നാലുള്ള ഭവിഷ്യത്തുകളോർത്ത് ഖദീജ ഉള്ളിൽ തീയുമായി ജീവിക്കുകയാണ്. സ്വസ്ഥമായി തല ചായ്ച്ചുറങ്ങാനൊരിടമെന്നതാണ് ഖദീജയുടെ സ്വപ്നം. സന്നദ്ധ സംഘടനകളും കാരുണ്യ പ്രവർത്തകരും ഇവരുടെ സങ്കടങ്ങൾ കാണുക തന്നെ വേണം. തന്റെ സങ്കടങ്ങളും ആശങ്കകളും കരഞ്ഞുകൊണ്ടാണ് ഖദീജ പങ്ക് വെച്ചത്. തന്റെ കണ്ണീർ ആരെങ്കിലും കാണുമെന്നാണ് ഇവരുടെ പ്രതീക്ഷ.