വാട്സാപ്പ് പ്രചാരണം നടത്തുന്നവർ പിതൃശൂന്യരെന്ന് എം.പി

കാഞ്ഞങ്ങാട് : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ തനിക്കെതിരെ വാട്സ് ആപ്പിലും ഫേസ്ബുക്കിലും  പ്രചാരണം നടത്തുന്നവർ തന്തയ്ക്ക് പിറക്കാത്തവരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കാട്ടുപന്നി വിഷയത്തിൽ എം.പിയുടെ നിലപാടറിയാൻ വിളിച്ച മലയോരത്തെ യുവാവിനോട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് വിവാദ പരാമർശം.

കാട്ടുപന്നിയെ  ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്രസർക്കാർ നിഷേധാത്മക നയം സ്വീകരിച്ചതോടെയാണ് വിഷയത്തിൽ കാസർകോട് എം.പിയുടെ നിലപാടിനെച്ചൊല്ലി നവമാധ്യമങ്ങളിൽ ചർച്ചയുണ്ടായത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിഷയത്തിൽ എം.പി, കേന്ദ്രത്തിന് അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് വിമർശനം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു.

കാസർകോട് ജില്ലയിൽ പന്നിയുടെ കുത്തേറ്റ് ജീവപായം വരെ ഉണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താന്റെ മണ്ഡലമായ കാസർകോടിന്റെ മലയോര പ്രദേശങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായുള്ളത്. പാർലമെന്റിൽ ഈ വിഷയത്തിൽ എം.പി. നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവരാവകാശ രേഖകളുദ്ധരിച്ചാണ് കേരള സ്വതന്ത്ര്യ കർഷക അസോസിയേഷൻ എന്ന സംഘടന എം.പിക്കെതിരെ രംഗത്തു വന്നത്.

ഇതെക്കുറിച്ച് അറിയാൻ വിളിച്ച വെള്ളരിക്കുണ്ട് സ്വദേശിയെന്ന് അവകാശപ്പെട്ടയാളോടാണ് വാട്സ് ആപ്പിൽ പ്രചാരണം നടത്തുന്നവർ തന്തയില്ലാത്തവരെന്ന് എം.പി.മറുപടി പറഞ്ഞത്. പ്രസ്തുത ഫോൺ സംഭാഷണം ഫേസ്ബുക്കിൽ ചർച്ചാ വിഷയമായി.

ബളാൽ പഞ്ചായത്തിൽ കഴിഞ്ഞ വർഷം മാത്രം രണ്ട് പേരാണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഏളേരി കുറുഞ്ചേരിയിലും വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. സ്വന്തം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന കാട്ടുപന്നി ആക്രമങ്ങളെ നിസ്സാരവൽക്കരിക്കുന്ന നിലപാടാണ് എം.പി.യുടേതെന്ന് കർഷകർ ആരോപിച്ചു. ഒരു ജനപ്രതിനിധിക്ക് ചേരാത്ത വിധത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊതുജനങ്ങളുടെ തന്തയ്ക്ക് വിളിച്ചത്. എം.പിയുടെ ഈ പരാമർശം കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 

LatestDaily

Read Previous

നിർമ്മാണത്തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Read Next

തീ  കൊളുത്തിയ 14 കാരി മരിച്ചു