പിതൃ പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രി വിട്ടു

കാഞ്ഞങ്ങാട്: പിതാവിന്റെ ലൈഗിക പീഡനത്തിനിരയായി ഗർഭിണിയായ പതിനാറുകാരി പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പെൺകുട്ടിയെ താൽക്കാലികമായി മാതൃസഹോദരിയുടെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. ഹോസ്ദുർഗ്ഗ്  പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരിയാണ് നാൽപ്പത്തിയേഴുകാരനായ പിതാവിന്റെ  പീഡനത്തിനിരയായി ഗർഭം ധരിച്ചത്. പിതാവ് ഗർഭഛിദ്രത്തിന് വിധേയയാക്കാൻ ശ്രമിച്ചതിനെത്തുടർന്ന് രക്തസ്രാവമുണ്ടാകുകയും പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

മാസങ്ങൾക്ക് മുമ്പാണ് ദേശീയപാതയിൽ നഗരഹൃദയത്തോട് ചേർന്നു കിടക്കുന്ന നാൽപ്പത്തിയേഴുകാരൻ സ്വന്തം മകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ  കുടുംബത്തെ ഒന്നാകെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു  കൊലപ്പെടുത്തുമെന്നും പിതാവ് മകളെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് നിരന്തരമായി പെൺകുട്ടി പീഡനത്തിനിരയാകുകയും ഗർഭിണിയാകുകയുമായിരുന്നു. വയറുവേദനയെത്തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ ഗർഭം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ ഹോസ്ദുർഗ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ പിതാവിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും പ്രതിയെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. കണ്ണൂർ ജില്ലക്കാരനായ പ്രതി വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട്ടെത്തി ഇസ്്ലാം മതം സ്വീകരിച്ചയാളാണ്. ആരാധനാലയത്തിൽ  കൃത്യമായെത്തുന്ന ഇദ്ദേഹം പുറമെ മാന്യനും ആൾക്കാരോട് സൗമ്യമായി പെരുമാറുന്ന ആളുമാണ്. മകളെ പീഡിപ്പിച്ച കേസിൽ പിതാവ് പിടിയിലായതോടെ ഇദ്ദേഹത്തിന്റെ നാട്ടുകാരും പരിസരവാസികളും അമ്പരപ്പിലാണ്.

രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ ഗർഭം അലസിപ്പോയെന്നാണ് വിവരം. പതിനാറുകാരിയെ പിതാവ്  മംഗളൂരു ആശുപത്രിയിൽ കൊണ്ടുപോയി നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കുകയായിരുന്നു. സംഭവത്തിൽ കുറ്റാരോപിതനായ 47കാരനെ  മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ വേണമെന്നും പ്രദേശത്തെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

LatestDaily

Read Previous

നിജിലിനെ രേഷ്മ രണ്ടുമാസം വിളിച്ചത് 400 തവണകൾ

Read Next

ഹോട്ടൽ തകർത്ത സംഭവത്തിൽ കേസ്സില്ല