ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: മാതമംഗലത്ത് ക്ഷേത്രത്തിൽ കവർച്ച. ടൗണിന് സമീപത്തെ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ക്ഷേത്ര ശ്രീകോവിലിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് വിഗ്രഹത്തിൽ അണിയിച്ചിരുന്ന സ്വർണ്ണത്തിന്റെ ചന്ദ്രക്കല അപഹരിച്ചു. ഇന്ന് രാവിലെയാണ് ക്ഷേത്രത്തിൽ കവർച്ച നടന്ന വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഭണ്ഡാരവും മോഷ്ടാവ് എടുത്തു കൊണ്ടുപോയി. 3 ദിവസം മുമ്പ് സമീപ പ്രദേശമായ തൃക്കുറ്റ്യേരി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്നും കാണാതായ ക്ഷേത്രഭണ്ഡാരം പിന്നീട് കിണറിനകത്തുനിന്നും കണ്ടെത്തി. വയത്തൂർ കാലിയാർ ക്ഷേത്ര ശ്രീകോവിലിനകത്ത് ഓടിളക്കി ഇറങ്ങിയ മോഷ്ടാവ് സ്വർണ്ണം മോഷ്ടിച്ച ശേഷം മേൽക്കൂരയിലെ ഓട് പൂർവ്വസ്ഥാനത്ത് വെച്ചിട്ടാണ് രക്ഷപ്പെട്ടത്. മാതമംഗലത്ത് ക്ഷേത്രത്തിന് പുറമെ 3 കടകളിലും മോഷണം ശ്രമമുണ്ടായി. മാതമംഗലം ടൗണിലെ മാട്ടൂൽ സ്വദേശിയുടെ പച്ചക്കറിക്കട, പരിയാരം ഇരിങ്ങാവ് സ്വദേശി അനീഷിന്റെ ചിപ്സ് കട, ആരിഫിന്റെ ടൂൾസ് വിൽപ്പന കേന്ദ്രം എന്നിവരുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്ത നിലയിലാണ്. കവർച്ച നടന്ന വിരമറിഞ്ഞ് പെരിങ്ങോം പോലീസ് ഇൻസ്പെക്ടർ എം.ഇ രാജഗോപാൽ, എസ്.ഐ, കെ.വി മുരളി എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്ത് പ്രാഥമിക പരിശോധനകൾ നടത്തി. കവർച്ച നടന്ന അമ്പലത്തിൽ വിരലടയാള വിദഗ്ദരും, ഡോഗ്സ് സ്ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.