നാടോടികളെ പാര്‍പ്പിച്ച സ്‌കൂളില്‍ നിന്ന് യുവതിയും യുവാവും ഒളിച്ചോടി

കാസർകോട്: കോവിഡ്​ പശ്ചാത്തലത്തില്‍ നാടോടികളും യാചകരും അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളില്‍നിന്ന് ആന്ധ്രപ്രദേശ് സ്വദേശിനിയായ ഇരുപതുകാരിയും തമിഴ്നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനും ഒളിച്ചോടി. ഉപ്പള ചെറുഗോളി സ്‌കൂളില്‍ കഴിയുന്നതിനിടെയാണ് കമിതാക്കൾ മുങ്ങിയത്. റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ രക്ഷപ്പെടുത്തി സുരക്ഷ നല്‍കുന്നതി​​ന്റെ ഭാഗമായാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്‌കൂളിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസം രാവിലെ മുതല്‍ ആന്ധ്രാ യുവതിയെയും തമിഴ് യുവാവിനെയും സ്‌കൂളില്‍നിന്ന് കാണാതാവുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്‌കൂളില്‍ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവര്‍ നല്‍കിയ വിവരത്തി​ന്റെ   അടിസ്ഥാനത്തിലാണ് അന്വേഷണം  മുന്നോട്ടു കൊണ്ടു പോകുന്നത്.

Read Previous

മെട്രോ മുഹമ്മദ് ഹാജിക്ക് വേണ്ടി വീടുകളില്‍ പ്രാര്‍ത്ഥിക്കണം: സമസ്ത ബഹ്റൈന്‍

Read Next

റിട്ട. പോലീസ് ഓഫീസർ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു