വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ജാമ്യമില്ല

തലശ്ശേരി: നാലാംതരം വിദ്യാർത്ഥിനിയെ സ്കൂൾ ശൗചാലയത്തിൽ  ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലും റിമാന്റിലും കഴിയുന്ന അധ്യാപകൻ  നൽകിയ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ കോടതി തള്ളി. പാനൂർ പാലത്തായി യു.പി.സ്കൂൾ അധ്യാപകനും കടവത്തൂർ സ്വദേശിയുമായ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ 42, നൽകിയ  ജാമ്യ ഹരജിയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ന്യായാധിപയുടെ ചുമതലയുള്ള ജഡ്ജ് പി.എൻ.വിനോദ് തള്ളിയത്. കുറ്റാരോപിതൻ നേരത്തെ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. ബി.ജെ.പി. തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ് പത്മരാജൻ. ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ബുധനാഴ്ചയാണ് തലശ്ശേരി ഡി.വൈ.എസ്.പി, കെ.വി. വേണുഗോപാലിന്റെയും പാനൂർ പോലീസ് ഇൻസ്പക്ടർ ഇ.വി.ഫാ അലിയുടെയും നേതൃത്വത്തിലുള്ള പോലീസ് പൊയിലൂരിൽ  പത്മരാജനെ അറസ്റ്റ് ചെയ്തത്.

അന്ന് മുതൽ പ്രതി ജയിലിലാണ്. മാർച്ച് 18 നാണ് ഇയാളുടെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ജനുവരിയിൽ സ്കൂളിലെ ബാത്ത് റൂമിലായിരുന്നു ആദ്യം പീഡിപ്പിച്ചതെന്നും, പിന്നീട് രണ്ടു തവണ വീണ്ടും പീഡിപ്പിച്ചുവെന്നും, ആരോപിക്കുന്നു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

LatestDaily

Read Previous

108 ആംബുലൻസ് ഡ്രൈവർമാരുടെ ശമ്പള വിതരണത്തിൽ കാലതാമസം

Read Next

മാവേലി മലബാര്‍ ട്രെയിനുകള്‍ കാസർകോട്ട് വരെ ഓടും