ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ശമ്പള വിതരണത്തിലെ കാലതാമസത്തിനെതിരെ 108 ആംബുലൻസ് ജീവനക്കാർ ജില്ലാ കലക്ടർ, ജില്ലാ ലേബർ ഓഫീസർ, ഡി.എം.ഒ മുതലായവർക്ക് പരാതി നൽകി.കാസർകോട് ജില്ലയിലെ കനിവ് 108 ആംബുലൻസിലെ ഡ്രൈവർമാരുടെ സംഘടനയാണ് ജില്ലാ കലക്ടറടക്കമുള്ളവർക്ക് പരാതി കൊടുത്തത്. കാസർകോട് ജില്ലയിൽ 14 ആംബുലൻസുകളിലായി 50 ഡ്രൈവർമാരാണ് ജോലിയെടുക്കുന്നത്. ഇവരുടെ ശമ്പള വിതരണത്തിൽ തുടർച്ചയായി കാലതാമസം നേരിടാറുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവുമൊഴിഞ്ഞ് പ്രവർത്തിക്കുന്നവരാണ് കനിവ് 108 ആംബുലൻസിലെ ഡ്രൈവർമാർ.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.വി.കെ.ഇ.എം.ആർ.ഐ എന്ന ഏജൻസിയാണ് സംസ്ഥാനത്തെ 108 ആംബുലൻസുകളുടെ നടത്തിപ്പുകാർ. കേരളത്തിൽ ഇവരുടെ ആസ്ഥാനം തിരുവനന്തപുരമാണ്. ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണത്തിൽ അടിക്കടി തടസ്സമുണ്ടാകാറുണ്ടെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. 108 ആംബുലൻസുകളിലെ ഡ്രൈവർമാർക്കുള്ള ശമ്പളം കൃത്യസമയത്തു തന്നെ സർക്കാർ കൈമാറുന്നുണ്ടെങ്കിലും ശമ്പള വിതരണത്തിൽ ആംബുലൻസ് നടത്തിപ്പുകാരായ ഏജൻസി കാലതാമസം വരുത്തുന്നതായാണ് പരാതി. 108 ആംബുലൻസ് ഡ്രൈവർമാരുടെ പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ വിഹിതം മുതലായവ ഇവരുടെ ശമ്പളത്തിൽ നിന്നും കൃത്യമായി പിടിക്കുന്നുണ്ടെങ്കിലും തുക പ്രോവിഡണ്ട് ഫണ്ടിലേക്ക് എത്തുന്നില്ലെന്നാണ് ആംബുലൻസ് ഡ്രൈവർമാർ ആരോപിക്കുന്നത്. 5 വർഷത്തേക്കാണ് നിലവിലെ ഡ്രൈവർമാരുടെ കാലാവധി. ശമ്പള വിതരണത്തിലെ കാലതാമസവും, പ്രോവിഡണ്ട് ഫണ്ട് വിഹിതം അടയ്ക്കുന്നതിലെ അവ്യക്തതയും 108 ആംബുലൻസ് ഡ്രൈവർമാരുടെ സംഘടന ജില്ലാ ലേബർ ഓഫീസറെയും, ജില്ലാ കലക്ടറെയും നേരിൽക്കണ്ട് ബോധിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന 108 ആംബുലൻസ് ഡ്രൈവർമാർക്ക് കൃത്യമായി ശമ്പളം ലഭിക്കാൻ ഇടപെടൽ നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി.സജിത്ത് ബാബു സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ശമ്പള വിതരണത്തിലെ കാലതാമസത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ സമര രംഗത്തേക്കിറങ്ങാനാണ് സംഘടനയുടെ തീരുമാനം.