ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : വർക്ക് ഷോപ്പിൽ നിന്ന് 50,000 രൂപ മോഷ്ടിച്ച സംഭവത്തിൽ പിടിയിലായ നാടോടി യുവതി റിമാന്റിൽ. മാണിക്കോത്തെ ദീപം വർക്ക് ഷോപ്പിന്റെ വിശ്രമ മുറിയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളുടെ പോക്കറ്റിൽ നിന്നാണ് ഏപ്രിൽ 19-ന് വൈകുന്നേരം നാടോടി യുവതി പണം മോഷ്ടിച്ചത്. വർക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിലെ വിശ്രമ മുറിയിൽ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരും അഴിച്ച് വെച്ചിരുന്ന വസ്ത്രങ്ങളുടെ പോക്കറ്റുകളിൽ നിന്നാണ് 50,000 രൂപ കാണാതായത്.
മുറിയിൽ ആളില്ലാത്ത തക്കം നോക്കിയാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളിൽ നിന്നും യുവതി പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കർണ്ണാടക മൈസൂരു ഗുണ്ടൽപ്പേട്ട സ്വദേശിനിയും ചെറുവത്തൂരിൽ താമസക്കാരിയുമായ ശിവകാമിയാണ് 28, വർക്ക് ഷോപ്പിൽ മോഷണം നടത്തിയത്. ആക്രി പെറുക്കാനെന്ന വ്യാജേന മാണിക്കോത്തെ വർക്ക് ഷോപ്പ് പരിസരത്തെത്തിയ യുവതി സ്ഥാപനത്തിൽ ആളൊഴിഞ്ഞ തക്കം നോക്കിയാണ് മുകളിലത്തെ നിലയിലെ വിശ്രമമുറിയിൽ കയറിയത്.
സ്ഥാപനത്തിന്റെ ഉടമ ഒടയഞ്ചാലിലെ വിനോദിന്റെ പോക്കറ്റിൽ നിന്നും 46,000 രൂപയാണ് അപഹരിക്കപ്പെട്ടത്. സ്ഥാപനത്തിലെ ജീവനക്കാരനായ പ്രഫുൽ ചേറ്റുകുണ്ട്, ഗിരീഷ് മൂലക്കണ്ടം എന്നിവരുടെ 4000 രൂപയും കാണാതായി. മോഷണത്തിന് ശേഷം യുവതി ഓട്ടോയിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇൗ ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ പ്രകാരമാണ് യുവതിയെ ചെറുവത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും ഹോസ്ദുർഗ്ഗ് പോലീസ് പിടികൂടിയത്.