സുധാകരന്റെ വെട്ടിനിരത്തൽ മുതിർന്ന നേതാക്കളിലേക്ക്

കാഞ്ഞങ്ങാട്: കോൺഗ്രസിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ”സുധാകരനിസം” നടപ്പാക്കുന്നുവെന്ന പാർട്ടിയിലുള്ള ഏതാനും നേതാക്കളുടെ ആരോപണം ഫലത്തിലെത്തി നിൽക്കുന്നു. കെ. സുധാകരന് പാർട്ടിയിൽ അനഭിമതരായവരെ മുഴുവൻ നിസ്സാര കാരണത്തിന് വെട്ടി നിരത്തുകയാണ്  സുധാകരൻ. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടേണ്ടതിന് പകരം സുധാകരൻ അന്ധമായ സിപിഎം വിരോധം വെച്ചു പുലർത്തുകയാണ്.

ഏഐസിസി അംഗം  കെ.വി. തോമസ്  പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തുവെന്ന കാര്യം അത്രയ്ക്ക് ഗുരുതരമായ പാർട്ടി വിരുദ്ധ നടപടിയല്ലെന്നറിഞ്ഞിട്ടും, തോമസിന്റെ കാര്യത്തിൽ കടുത്ത അധിക്ഷേപമാണ് സുധാകരന്റെ ഭാഗത്തു നിന്നുണ്ടായത്. ഏതു പാർട്ടിയായാലും ആ പാർട്ടി സമ്മേളനത്തിൽ സ്വന്തം പാർട്ടിയുടെ നിലപാട് വ്യക്തമാക്കി സെമിനാറിൽ പ്രസംഗിച്ചുവെന്നത് കടുത്ത അപരാധവും കുറ്റകൃത്യവുമല്ലെന്നറിഞ്ഞിട്ടും, തോമസിനെ പാർട്ടിയിൽ നിന്ന് പുറത്തു നിർത്താനുള്ള ശ്രമങ്ങളാണ് കെപിസിസി അധ്യക്ഷൻ നടത്തിയത്. ഈ നീക്കത്തിന് കണ്ണൂർ ജില്ലക്കാരനായ നേതാവ് കെ.സി. വേണുഗോപാലിന്റെ പിന്തുണയും സുധാകരന് ലഭിച്ചു.

രാഷ്ട്രീയമറിയുന്ന നോതാവ് എന്ന നിലയിൽ കെ. സുധാകരൻ  ചെയ്യേണ്ടിയിരുന്നത് ശശി തരൂരിനേയും, കെ.വി. തോമസിനെയും, കണ്ണൂരിലെ പാർട്ടി കോൺഗ്രസ്സിൽ പങ്കെടുപ്പിച്ച് കോൺഗ്രസ്സ്  പാർട്ടിയുടെ വർത്തമാനകാല ദേശീയ നിലപാടുകളും, സിപിഎമ്മിന്റെ സിൽവർ ലൈൻ വിഷയത്തിൽ കോൺഗ്രസ്സിന്റെ സമീപനവും തുറന്നു പറയുകയായിരുന്നു. പകരം, സിപിഎം പാർട്ടി കോൺഗ്രസ്സിനോട് തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ നയമാണ് കെപിസിസി പ്രസിഡണ്ട് സ്വീകരിച്ചത്.

ഇത് കാലഹരണപ്പെട്ടതും, ഉൾക്കാഴ്ചയില്ലാത്തതും സങ്കുചിതവുമായ ചിന്തയായിപ്പോയെന്ന അഭിപ്രായം മുതിർന്ന കോൺഗ്രസ്സ്  നേതാക്കളിൽ പലർക്കുമുണ്ട്. സംസ്ഥാനങ്ങളെ ഏക പക്ഷീയമായി മോദി സർക്കാർ നോക്കുകുത്തിയാക്കി നിർത്തുന്നുവെന്നും, ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നുവെന്നുമാണ് പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി. തോമസ് ഉന്നയിച്ചത്. രാഹുൽഗാന്ധി ലോക് സഭയിൽ ഉന്നയിച്ചതും ഇതേ വിഷയം തന്നെയാണ്. ഇത്തരമൊരു വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെ തുറന്ന മനസ്സോടെ സമീപിക്കാൻ കഴിയാതെ തന്റെ അധികാരം താഴെ തട്ടിലുള്ള നേതാക്കൾക്ക് നേരെ തൊടുത്തു വിടാനുള്ള കെ. സുധാകന്റെ നീക്കമാണ് കോൺഗ്രസ്സിൽ നല്ലൊരു ശതമാനം നേതാക്കളും ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

LatestDaily

Read Previous

അശോകന്റെ പൊടിപോലുമില്ല പോലീസ് ഇരുട്ടിൽ തപ്പുന്നു

Read Next

15 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു