ബ്ലാക്ക്മാൻ ഭീതിയിൽ പൊതുജനം

തലശ്ശേരി: കൊറോണ വ്യാപന ഭീതിക്കിടയിൽ തലശ്ശേരി യിലും പരിസര പ്രദേശങ്ങളിലും മറ്റൊരു ഭീതികൂടി പടരുന്നു. ആദൃശ്യനായ ബ്ലാക്ക്മാനെക്കുറിച്ചുള്ള കൽപ്പിത കഥകളാണ് തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ഉറക്കം കെടുത്തുന്നത്. ബ്ലാക്ക് മാനെക്കുറിച്ചുള്ള  നിറം പിടിപ്പിച്ച കഥകളാണ് ധർമ്മടം, പാലക്കാട് മേലൂർ, അണ്ടലൂർ, ചൊക്ലി , കതിരൂർ  പള്ളൂർ, മാഹി മുതലായ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വസ്ഥ്യം  തകർത്തിരിക്കുന്നത്. രാത്രി 11 മണിക്കു ശേഷം മാത്രം പ്രത്യക്ഷപ്പെടുന്നതായി  പറയപ്പെടുന്ന ബ്ലാക്ക്മാനെക്കുറിച്ചുള്ള കഥകളിൽ ഏറെയും ഭാവനാവിലാസങ്ങളാണ്. കറുത്ത് തടിച്ച്  ആജാനുബാഹുവായ ബ്ലാക്ക്മാൻ വീടിന്റെ  രണ്ടാം നിലയിലേയ്ക്ക് അനായാസം ചവിട്ടിക്കയറുമെന്നാണ് കഥകളിൽ ഒന്ന്. എട്ടടി  ഉയരമുള്ള ബ്ലാക്ക്മാൻ ഇരുട്ടിൽ ചാടിച്ചാടി മറയുന്നയാളാണെന്നും കഥ പ്രചരിക്കുന്നുണ്ട്.

നിമിഷ നേരങ്ങൾക്കുള്ളിൽ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക്മാനെ കണ്ടാൽത്തന്നെ ഭയമാകുമെന്നാണ് കാണാത്തവർ പോലും പറയുന്നത്. തലശ്ശേരി ബ്രണ്ണൻ കോളേജ്  പരിസരത്തെ വനിതാ ഹോസ്റ്റലിന് സമീപം ബ്ലാക്ക്മാനെ കണ്ടതായും  വാർത്ത പരന്നിരുന്നു.  കടവത്തൂർ  പുല്ലൂക്കര വണ്ണാത്തിത്തോട്  പരിസരത്തും ബ്ലാക്ക്മാൻ പ്രത്യക്ഷമായതായി പ്രചാരണമുണ്ടായിരുന്നു. ബ്ലാക്ക്മാനെക്കുറിച്ചുള്ള ഊഹാപോഹകഥകൾ പ്രചരിച്ചതോടെ ചൊക്ലി നിടുബ്രത്ത് പോലീസ് ബ്ലാക്ക്മാനെ തപ്പി ഇറങ്ങിയിരുന്നെങ്കിലും പോലീസിന്റെ വലയിൽപ്പെട്ടത്. കറുത്ത ബനിയനും , നീല ജീൻസും, ധരിച്ച യുവാവായിരുന്നു. 2 വർഷങ്ങൾക്ക് മുമ്പ്  കണ്ണൂർ ജില്ലയെ വിറപ്പിച്ച തമിഴ് നാട് സ്വദേശിയായ മോഷ്ടാവുണ്ടായിരുന്നു. രാത്രി കാലങ്ങളിൽ അടിവസ്ത്രം  മാത്രം ധരിച്ച്  മോഷണത്തിനിറങ്ങുന്ന തമിഴ് നാട് തഞ്ചാവൂർ പുതുക്കോട്ടെ മധുക്കൂറിലെ രാജപ്പനായിരുന്നു 35, ആ മോഷ്ടാവ്. ബ്ലാക്ക്മാൻ എന്നറിയപ്പെട്ടിരുന്ന രാജപ്പനെ 2 വർഷം  മുമ്പ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തലശ്ശേരിയിലും പരിസരങ്ങളിലും പരിഭ്രാന്തി  പരത്തുന്ന ബ്ലാക്ക്മാൻ കഥയോ  യാഥാർത്ഥ്യമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും പ്രദേശവാസികളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് ദിനംപ്രതി പുതിയകഥകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാൻ  രാത്രി കാലങ്ങളിൽ യുവാക്കൾ റോന്ത്  ചുറ്റുന്നുണ്ട്. തലശ്ശേരി  ധർമ്മടം പഞ്ചായത്തിന്റെ  മേലൂരിൽ നിന്നും ആരംഭിച്ച ബ്ലാക്ക്മാൻ ഭീതി ഇപ്പോൾ പഞ്ചായത്തിലെ 18 വാർഡുകളിലും പടർന്നിട്ടുണ്ട്. ധർമ്മടം പഞ്ചായത്തിൽ ബ്ലാക്ക്മാനെ നേരിട്ടു കണ്ടവർ ആരുമില്ലെങ്കിലും അതിശയോക്തി  നിറഞ്ഞ വർണ്ണനകൾക്ക്  യാതൊരു പഞ്ഞവുമില്ല. ഇരുട്ടുമുറിയിൽ കറുത്ത പൂച്ചയെ തപ്പുന്ന പോലെ ബ്ലാക്ക്മാനെ തപ്പി നടക്കുകയാണ് പ്രദേശത്തെ യുവാക്കളും.

LatestDaily

Read Previous

പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ ഏ-ഐ ഗ്രൂപ്പ് കളി

Read Next

മെട്രോ മുഹമ്മദ്ഹാജി: എം രാഘവൻ അനുശോചിച്ചു