കന്നുകാലികളെ തടയുന്നു മാംസ വ്യാപാരികള്‍ പ്രതിസന്ധിയില്‍

അജാനൂര്‍ : അന്യ സംസ്ഥാനങ്ങളില്‍ നിന്നും കശാപ്പിന് വേണ്ടി കൊണ്ടു വരുന്ന കന്നുകാലികളെ കയറ്റിയ വാഹനങ്ങള്‍ കര്‍ണ്ണാടകയില്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെ കന്നുകാലി വ്യാപാരികള്‍ പ്രതിസന്ധിയിലായി. കര്‍ണ്ണാടകയില്‍  പാസ്സാക്കിയ ഗോവധ നിരോധനത്തിന്‍റെ മറവിലാണ് മാടുകളെ കേരളത്തിലേക്ക് എത്തിക്കുന്ന കച്ചവടക്കാരെ ഒരുവിഭാഗം ആക്രമണത്തിനിരയാക്കുന്നത്. റംസാന്‍ പെരുന്നാള്‍ ആസന്നമായതോടെ കന്നുകാലികളുടെ ലഭ്യത കുറവ് മാംസവ്യാപാരികളെ അലട്ടുകയാണ്.

മഹാരാഷ്ട്ര കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ നിന്നുമാണ് പ്രധാനമായും പോത്തുകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത്. പോത്തുകളെയും കയറ്റി വരുന്ന വാഹനങ്ങള്‍ ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ കര്‍ണ്ണാടകത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ തടഞ്ഞിട്ട് കന്നുകാലികളെ തുറന്ന് വിടുകയും വാഹനത്തിലുള്ളവരെ അക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതുമൂലം കന്നുകാലികളെ കയറ്റിയ വാഹനങ്ങള്‍ ആന്ധ്രാപ്രദേശ് വഴി തമിഴ്നാട്ടിലെത്തുകയും അവിടെ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുകയുമാണ്  ചെയ്യുന്നത്.

ഇത് മൂലം വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് വ്യാപാരികള്‍ക്ക് സഹിക്കേണ്ടി വരുന്നത്. സാധാരണഗതിയില്‍ ഒരു ലോഡ് പോത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിക്കുന്നതിന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടി വരുന്നത്. അതേ സമയം ഇവ ആന്ധ്രപ്രദേശ്, തമിഴ്നാട് വഴി കേരളത്തിലേക്കെത്തുമ്പോള്‍ ചെലവ് ഇരട്ടിയിലധികമായി മാറുന്നു. മാത്രവുമല്ല ദിവസങ്ങളോളമുളള യാത്രാ ദൈര്‍ഘ്യം കാരണം കന്നുകാലികളില്‍ ചിലത് ചത്തു പോവുകയും ചെയ്യുന്നു.

കര്‍ണ്ണാടകയിലെ സംഘ പരിവാര്‍ സംഘടനകളുടെ ഭീഷണികളെ തുടര്‍ന്ന് കന്നുകാലികളെ എത്തിക്കുന്നതിന് മറ്റു വഴികള്‍ തേടേണ്ടി വരുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഭീമമായ സംഖ്യയുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ മാംസവില വര്‍ദ്ധിപ്പിക്കാതെ ഇനിയും പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് തവക്കല്‍ ബീഫ് സ്റ്റാള്‍ ഉടമ ചിത്താരിയിലെ അബ്ദുള്‍ മജീദ് പറയുന്നത്.

LatestDaily

Read Previous

കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് ഡോ. കെ. പി. കൃഷ്ണൻ നായരുടെ നാമം

Read Next

പാർട്ടി  സൈബർ പോരാളിയെ യുവതിയുടെ വീട്ടിൽ നിന്ന് പിടികൂടി