അപകടമരണം; കാർ ഡ്രൈവർക്കെതിരെ കേസ്

കുമ്പള: കുമ്പള ഷിറിയ  ഓണന്തയിൽ കാർ നിയന്ത്രണം തെറ്റി റോഡരികിലെ കുഴിയിൽ വീണ് രാവണേശ്വരം സ്വദേശി മരിച്ച സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്തു. അപകടത്തിന് കാരണമായ കാറോടിച്ചിരുന്നയാൾക്കെതിരെയാണ് പോലീസ്  മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ഇന്നലെ പുലർച്ചെ 1 മണിയോടെയാണ് ഓണന്തയിൽ രാവണേശ്വരം  വാണിയംപാറ ഉദയഗിരിയിലെ നിതേഷ് 23, അപകടത്തിൽപ്പെട്ടത്. സഹോദരൻ ശ്രാവൺ, സുഹൃത്തുക്കളായ രക്ഷിത്, ലോകേഷ്, അഭിഷേക് എന്നിവർക്കൊപ്പം കെ.എൽ.60 കെ. 2574 നമ്പർ കാറിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഓണന്തയിൽ കാർ മറിഞ്ഞത്.

മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെയാണ് കാർ റോഡരികിലെ  കുഴിയിലേക്ക്  മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നിതേഷിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, ഉച്ചയോടെ മരിച്ചു. ഉദയഗിരിയിലെ രമേശന്റെയും, നളിനാക്ഷിയുടെയും മകനാണ് നിതേഷ്. സഹോദരങ്ങൾ: കാർത്തിക്, ശ്രാവൺ,  അപകടത്തിൽ സാരമയി പരിക്കേറ്റ ശ്രാവൺ രക്ഷിത് എന്നിവർ ചികിത്സയിലാണ്.

നിതേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്  ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പുത്തൂർ മഹാലിംഗശ്വര ക്ഷേത്രത്തിൽ രഥോത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് യുവാക്കൾ സഞ്ചരിച്ച കാർ മറിഞ്ഞത്. നിതേഷ്  പെയിന്റിംഗ് തൊഴിലാളിയാണ്. പരിക്കേറ്റ ശ്രാവൺ നിതേഷിന്റെ സഹോദരനാണ്. സംഭവത്തിൽ കാറോടിച്ചിരുന്ന അഭിഷേകിനെതിരെയാണ് കുമ്പള പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.

LatestDaily

Read Previous

പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 6 വർഷം തടവും പിഴയും

Read Next

എംഡിഎംഏ പിടികൂടി