ലോക്ഡൗൺ ഇളവുകൾ ആഘോഷമാക്കരുത്

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ഷോപ്പിങ്ങ് മാളുകളും, ഹോട്ടലുകളും, കടകളും തുറന്നിരിക്കുകയാണ്. കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി മൂന്നക്കത്തിൽ നിലനിൽക്കുമ്പോഴാണ് പുതിയ ഇളവുകൾ എന്നത് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. കോവിഡ് അത്യാസന്ന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിലെ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു എന്ന ഏറ്റവും പുതിയ കണക്കുകൾ പുറത്തു വന്നിരിക്കുകയാണ്. അമേരിക്കയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ സ്ഥാനം. കോവിഡ് രോഗ വ്യാപനം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ചില രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടെങ്കിലും, ആഗോള തലത്തിൽ സ്ഥിതി ഗതികൾ വഷളാണെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.

കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 33,000 കവിഞ്ഞതായി റിപ്പോർട്ടുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം മുന്നിൽക്കണ്ട് വേണം കേരളവും പ്രവർത്തിക്കേണ്ടത്. രണ്ടക്കത്തിൽ മാത്രം ഒതുങ്ങി നിന്ന കോവിഡ് കേസുകളിൽ നിന്നും വളരെ വേഗമാണ് കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതെന്നത്  സ്ഥിതിഗതികളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചത് ആഘോഷിക്കാൻ കൂട്ടമായി പുറത്തിറങ്ങുന്നവർ കടുത്ത ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അങ്ങനെ അല്ലെങ്കിൽ കേരളം നേരിടാനിരിക്കുന്നത് പ്രവചിക്കാൻ പറ്റാത്ത ദുരന്തമായിരിക്കും.

കേരളം പൊതുവേ സുരക്ഷിതമാണെന്നാണ് കരുതുന്നതെങ്കിലും, ഈ സുരക്ഷിതത്വമെല്ലാം ജലരേഖയാകാൻ അൽപ്പ നേരത്തെ അശ്രദ്ധ മതി. സമ്പദ് വ്യവസ്ഥയെത്തന്നെ തകർത്ത കോവിഡ് ബാധ ഇനിയും തുടർന്നാൽ സർക്കാറിന് ഇക്കാര്യത്തിൽ  ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഷോപ്പിങ്ങ് മാളുകളിലും, ഹോട്ടലുകളിലും കുടുംബ സമേതം എത്തുന്നവരും, ആരാധനാലയങ്ങളിലെത്തുന്നവരും കോവിഡ് ബാധ ഒഴിഞ്ഞുപോയിട്ടില്ലെന്ന് കൂടി ഓർത്തു പെരുമാറുന്നത് നല്ലതായിരുക്കും. ആരോഗ്യ വകുപ്പ് നിഷ്ക്കർഷിച്ച സുരക്ഷാ മുന്നൊരുക്കങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകേണ്ടതാണ്. ബസ്സുകളിൽ തിക്കിത്തിരക്കി കയറിപ്പറ്റാൻ വെപ്രാളപ്പെടുന്നവരും നിലവിലെ സാഹചര്യത്തെക്കൂടി ഒരു നിമിഷം ഓർക്കേണ്ടതാണ്.

LatestDaily

Read Previous

സർക്കാർ പ്രവാസികളെ വഞ്ചിച്ചുവെന്ന് ലീഗ്

Read Next

നിരീക്ഷണ ക്യാമറ ഓഫാക്കിയ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടിയായില്ല