ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ജനജീവിതം സാധാരണ നിലയിലായിട്ടും കോവിഡ് കാലത്ത് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുന്നതിലുള്ള ഒളിച്ച് കളി റെയിൽവെ തുടരുകയാണ്. ചില പാസഞ്ചർ ട്രെയിനുകൾ പൂർണ്ണമായും നിർത്തിയും ഏതാനും പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയും യാത്രക്കാരോട് ഒളിച്ചു കളിക്കുകയാണ് റെയിൽവെ.
സംസ്ഥാനത്തിലൂടെ വിവിധ റൂട്ടുകളിൽ 55 ഓളം ട്രെയിനുകളാണ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയത്. അതിന് മുമ്പേ പാസഞ്ചർ ട്രെയിൻ ഭാഗീകമായി നിർത്താൻ റെയിൽവെ നടപടി എടുത്തു വരുന്നതിനിടയിലാണ് കോവിഡ് മഹാമാരി നാട്ടിൽ പിടിമുറുക്കിയത്. ഇതൊരവസരമാക്കിയാണ് പാസഞ്ചർ ട്രെയിനുകൾ പരക്കേ റദ്ദാക്കിയത്.
എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ട്മെന്റുകൾ പുന്ഃസ്ഥാപിച്ചിട്ടും പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ റെയിൽവെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നില്ല. ഹൃസ്വദൂരങ്ങളിലേക്കുള്ള സ്ഥിരം യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് യാത്രക്കാരോട് റെയിൽവെ അനീതി കാട്ടുന്നത്. എണ്ണവില വർദ്ധനവിനെ തുടർന്ന് പൊതുഗതാഗത സംവിധാനങ്ങളെല്ലാം യാത്രാനിരക്ക് വൻതോതിൽ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സാധാരണ യാത്രക്കാർക്ക് ആശ്വാസകരമായ പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയും എക്സ്പ്രസ് നിരക്ക് ഈടാക്കിയും റെയിൽവെ പിഴിയുന്നത്.
പാസഞ്ചർ ട്രെയിനുകൾ എന്ന് പുനരാരംഭിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകാതെയാണ് റെയിൽവെ ഒളിച്ചു കളിക്കുന്നത്. അൺറിസർവ്വ്ഡെന്ന ഓമനപ്പേരിൽ പാസഞ്ചർ ട്രെയിനുകൾ ഓടിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്ന രീതിയാണ് റെയിൽവെ അവലംബിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പാസഞ്ചറുകളുടെ കോച്ചുകൾ തന്നെ ഉപയോഗിച്ച് അവയെ എക്സ്പ്രസ്സാക്കി മാറ്റിയാണ് പല റൂട്ടുകളിലും ട്രെയിനുകൾ ഓടുന്നത്. ഏതാനും സ്റ്റോപ്പുകൾ വെട്ടിക്കുറച്ചിട്ടുമുണ്ട്.
സ്വകാര്യ മേഖലയിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി പോകുന്നവരുമായ യാത്രക്കാർക്ക് ഏറെ ഉപകരിച്ചിരുന്ന പാസഞ്ചറുകളുടെ സ്ഥാനത്ത് എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുമ്പോൾ സാധാരണ യാത്രക്കാരുടെ ജീവിതച്ചെലവിൽ വലിയ തോതിൽ വർദ്ധനവുണ്ടാവുന്നു.
സമയത്തിന് ജോലി സ്ഥലത്തെത്താൻ പാസഞ്ചർ ട്രെയിനുകളിൽ പോയവർ ഇപ്പോൾ സൂപ്പർ ഫാസ്റ്റുകളുൾപ്പടെയുള്ള എക്സ്പ്രസ് ട്രെയിനുകളെ ആശ്രയിക്കേണ്ടിവരുന്ന ദയനീയ സ്ഥിതിയാണുള്ളത്. പാസഞ്ചർ ഇല്ലാത്തതിനാൽ ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ കാല് കുത്താൻപോലും ഇടമില്ലാതെ യാത്രക്കാർ വലയുമ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ കടുത്ത പരീക്ഷണമാണ് യാത്രക്കാരോട് റെയിൽവെ കാണിക്കുന്നത്. സംസ്ഥാന സർക്കാരും എം.പിമാരും ഇടപെട്ട് പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കിക്കാൻ കടുത്ത സമ്മർദ്ദം നടത്തണമെന്നാണ് യാത്രക്കാരും അവരുടെ സംഘടനകളും ആവശ്യപ്പെടുന്നത്.