പി. ബേബി അധിക്ഷേപിച്ച മടിക്കൈ പാർട്ടി എൽസി അംഗം രാജിക്കൊരുങ്ങി

നീലേശ്വരം : സിപിഎം ജില്ലാ കമ്മിറ്റിയംഗം മടിക്കൈയിലെ പി. ബേബി പരസ്യമായി അധിക്ഷേപിച്ചുവെന്ന കാരണത്താൽ ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് അംഗൻവാടി ടീച്ചറായ പ്രമീള ഇറങ്ങിപ്പോയി. പാർട്ടി മടിക്കൈ ഇൗസ്റ്റ് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് സംഭവം. എൽ.സി. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ ചോർന്നു പോകുന്നുവെന്ന പരാതിയാണ് പ്രമീളയ്ക്കെതിരെ പി. ബേബി യോഗത്തിൽ ഉന്നയിച്ചത്.

ഏപ്രിൽ 10-ന് മടിക്കൈ കാഞ്ഞിരപ്പൊയിലിൽ വിജീഷിന്റെ വീട്ടിലാണ് ഇൗസ്റ്റ് എൽ.സി. വിളിച്ചുചേർത്തത്. വിജീഷ് സിപിഎം കാഞ്ഞിരപ്പൊയിൽ ബ്രാഞ്ച് സിക്രട്ടറിയാണ്. ” പ്രമീള ഒന്നിനും കൊള്ളാത്ത” സ്ത്രീയാണെന്ന ബേബിയുടെ പരാമർശം പ്രമീളയെ വേദനിപ്പിച്ചപ്പോൾ, എൽ.സി. അംഗം യോഗത്തിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സിക്രട്ടറി സ്ഥാനത്ത് നിന്ന് പ്രമീളയെ നേരത്തെ മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രമീള സജീവമായിരുന്നില്ലെന്ന കാരണം പറഞ്ഞാണ് അന്ന്  പ്രമീളയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബിയുടെ ” ഒന്നിനും കൊള്ളാത്തവൾ ” എന്ന പ്രയോഗമാണ് പ്രമീളയുടെ കരളിൽ വല്ലാതെ തട്ടിയത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലാണ് ഇൗസ്റ്റ്  എൽ.സി. യോഗത്തിൽ ബേബി പങ്കെടുത്തത്. പാർട്ടി കോൺഗ്രസ് നടക്കുന്ന ദിവസങ്ങളായതിനാൽ മടിക്കൈയിലെ മറ്റു പാർട്ടി പ്രാദേശിക നേതാക്കളെല്ലാം കണ്ണൂരിലായിരുന്നതിനാലാണ് ജില്ലാ കമ്മിറ്റി പ്രതിനിധിയായി പി. ബേബി എൽസിയിൽ സംബന്ധിച്ചത്. അധിക്ഷേപത്തെത്തുടർന്ന് പ്രമീള എൽ.സി. അംഗത്വം രാജി വെക്കാനുള്ള ഒരുക്കത്തിലാണ്.

LatestDaily

Read Previous

വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം

Read Next

കൊളവയൽ സംഘർഷം : 24 സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്