പിണറായി വിജയന്റെ മകൾ വീണയും പി.ഏ. മുഹമ്മദ്റിയാസും വിവാഹിതരാവുന്നു

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ വിവാഹം നേരത്തെ നടന്നു

∙ വിവാഹം ജൂൺ 15-ന് തിരുവനന്തപുരത്ത്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ  ടി.വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വക്കറ്റ് പി.ഏ. മുഹമ്മദ് റിയാസും വിവാഹിതരാവുന്നു. മുഹമ്മദ് റിയാസിന്റേയും വീണയുടേയും പുനർ വിവാഹമാണ്. വീണയ്ക്ക് ആദ്യ ഭർത്താവിൽ ഒരു കുട്ടിയുണ്ട്. മുഹമ്മദ് റിയാസിന് ആദ്യ ഭാര്യ ഡോ. സമീഹ സെയ്തലവിയിൽ രണ്ടു കുട്ടികളുണ്ട്. വീണയുടെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയത് മൂന്നു വർഷം  മുമ്പാണ്.

മുഹമ്മദ് റിയാസ് കോഴിക്കോട് സ്വദേശിയാണ്. ആദ്യ ഭാര്യ ഡോക്ടർ സമീഹ സെയ്ദലവിയുമായുള്ള വിവാഹ ബന്ധവും നേരത്തെ വേർപ്പെടുത്തിയിരുന്നു. 2002  മെയ് 27-ന് പട്ടാമ്പി കൊപ്പം ജുമാഅത്ത് പള്ളിയിലാണ് റിയാസും ഡോ. സമീഹയും വിവാഹിതരായത്. സമീഹ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നപ്പോൾ, മുഹമ്മദ് റിയാസ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പി.ഏ. മുഹമ്മദ് റിയാസും ആദ്യ ഭാര്യയും കോഴിക്കോട്ടാണ് താമസിച്ചിരുന്നത്. മുഹമ്മദ് റിയാസ് കോഴിക്കോട് മണ്ഡലത്തിൽ ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും, 838 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. എം.കെ. രാഘവനാണ് മണ്ഡലത്തിൽ  വിജയിച്ചത്.

വീണ ബംഗളൂരുവിലുള്ള ഐടി കമ്പനിയിൽ സിഇഒ ആയി ജോലി നോക്കി വരികയാണ്. പിണറായിയുടെ മൂത്ത മകൻ വിവേക് ഗൾഫിലാണ്. പിണറായിയുടെ പത്നി കമല തലശ്ശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. ഭർത്താവ് പിണറായി വിജയൻ രാഷ്ട്രീയ തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ ഭാര്യ കമലയും തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു.വടകര കണ്ണൂക്കര സ്വദേശിനിയാണ് കമല. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായതിന് ശേഷം  പി.ഏ. മുഹമ്മദ് റിയാസിന്റെ തട്ടകം ദൽഹിയാണ്.

15-ന് തിരുവനന്തപുരത്ത് ലളിതമായ  ചടങ്ങിൽ ഇരുവരും വിവാഹിതരാവും. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇരുവരും തമ്മിലുള്ള വിവാഹം 2020 മാർച്ചിൽ റജിസ്റ്റർ ചെയ്തിരുന്നു. ലോക്ഡൗൺ കാരണത്താൽ വിവാഹച്ചടങ്ങ് നീണ്ടു പോയി.

LatestDaily

Read Previous

വെള്ളരിക്കുണ്ട് ഫാൻസി കടയിൽ തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

Read Next

ലൈസന്‍സ് മാറ്റാനും വാഹനം രജിസ്റ്റര്‍ ചെയ്യാനും സെപ്റ്റംബര്‍ 30 വരെ അവസരം