ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ഇന്നലെ സന്ധ്യ കഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും ഇടിമിന്നലിലും അജാനൂർ ഗ്രാമ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും പലഭാഗങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. വൈദ്യുതിബന്ധം പാടെ തകരാറിലായി. മരങ്ങൾ വീണതിനെ തുടർന്ന് വീടുകൾക്കും വലിയ നാശമുണ്ടായി. രാത്രി ഏഴിന് തുടങ്ങിയ കാറ്റും മഴയും ഇടിമിന്നലും ഒമ്പതരവരെ തുടർന്നതിനാൽ നോമ്പ് തുറസമയത്ത് വിശ്വാസികൾക്ക് വീടുകളിലും പള്ളികളിലുമെത്താൻ പ്രയാസം നേരിട്ടു.
മഗ്രിബ് നമസ്ക്കാരത്തിനും നോമ്പ് തുറക്കുമായി പള്ളികളിൽ ഒത്തുചേർന്നവർക്ക് വളരെ വൈകുംവരെ പള്ളികളിൽ തങ്ങേണ്ടി വന്നു. മണിക്കൂറുകൾ നീണ്ട ഇടിമിന്നലിലാണ് വൈദ്യുതി ബന്ധം തകർന്നത്. പലേടത്തും വൈദ്യുതി കമ്പികൾ പൊട്ടിവീണ് അപകടനിലയിലായിരുന്നതിനാൽ വൈദ്യുതി പൂർണ്ണമായി ഓഫ് ചെയ്തിടുകയാണുണ്ടായത്. അതിഞ്ഞാൽ കോയപ്പള്ളിക്ക് സമീപം അന്തരിച്ച സിപിഎം നേതാവ് പി.പി.കരുണന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ശബ്ദം കേട്ട് വീടുകളിലുള്ളവർ പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. കോയപ്പള്ളിക്ക് സമീപത്തുതന്നെ മറ്റൊരു വീടും ഭാഗീകമായി തകർന്നു.
ചോരി വയലിൽ രാജന്റെയും പടിഞ്ഞാരെക്കരയിലെ രോഹിണിയുടെയും നോർത്ത് കോട്ടച്ചേരി റെഡ്സ്റ്റാർ ക്ലബ്ബിന് സമീപത്തെ മറ്റൊരു വീടിനും കേട് പാടുകൾ സംഭവിച്ചു.അജാനൂരിന്റെയും കാഞ്ഞങ്ങാടിന്റെയും തീരമേഖലയിൽ നിരവധി വീടുകൾക്ക് കേട്പാട് സംഭവിച്ചു. മാണിക്കോത്ത് ഗവ:ഫിഷറീസ് യു.പി.എസ്.സ്കൂളിന് സമീപത്തെ കുന്നുമ്മൽ രാഘവന്റെ വീടിന് മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി എം.വി.രാഘവൻ ഏരിയാ കമ്മിറ്റി അംഗം ശിവജി വെള്ളിക്കോത്ത് ലോക്കൽ കമ്മിറ്റിയംഗങ്ങളായ സുനിൽ, അശോകൻ മാണിക്കോത്ത്, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.